സോഷ്യൽ മീഡിയയിലെ പല വിചിത്രമായ ഫാഷൻ രീതികളും നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ പലരെയും ആകർഷിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ വിചിത്രമായ ഫാഷൻ രീതികൾകൊണ്ട് ഇൻസ്റ്റാഗ്രാമിനെ ഇളക്കി മറിച്ച ഒരു വ്യക്തിയാണ് ഇൻഫ്ലുവൻസറായ നെനാവത് തരുൺ.
ആളുകൾക്കിടയിൽ കൗതുകമുണർത്തുന്ന പല ഫാഷൻ രീതികൾ കൊണ്ടും അദ്ദേഹം ഇൻ്റർനെറ്റിനെ അമ്പരപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ അദ്ദേഹത്തിൻ്റെ അത്തരത്തിലൊരു വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ തരംഗം.
മത്സ്യം കൊണ്ട് വസ്ത്രം ഉണ്ടാക്കുന്നതിനെ പറ്റി ചിന്തിക്കാമോ? എന്നാൽ അത്തരത്തിലൊരു വീഡിയോ കൊണ്ടാണ് നെനാവത് തരുൺ ഇൻസ്റ്റഗ്രാമിനെ ഇളക്കി മറിച്ചത്.മത്സ്യം കൊണ്ട് നിർമ്മിച്ച വസ്ത്രം, ആളുകൾ അത് അങ്ങ് ഏറ്റെടുത്തു. ഒന്നിലധികം മത്സ്യങ്ങളെ ഒന്നിച്ച് ഘടിപ്പിച്ചു, ഒരു വസ്ത്രത്തോട് സാമ്യമുള്ള ഒരു മത്സ്യ-തീം വസ്ത്രമാണ് അദ്ദേഹം നിർമ്മിച്ചിട്ടുള്ളത്.
മത്സ്യങ്ങൾ കൊണ്ട് ഉണ്ടാക്കിയ വസ്ത്രം അണിഞ്ഞ് വലിയ ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. തോള് മുതൽ താഴെ വരെ ഒരു വസ്ത്രത്തിൻ്റെ ഘടന അനുസരിച്ചാണ് മത്സ്യങ്ങളെ ഡിസൈൻ ഫീച്ചർ ചെയ്തിട്ടുള്ളത്. ആഭരണങ്ങൾ എന്ന രീതിയിലും തരുൺ മത്സ്യത്തെ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.
കമ്മലും നെക്ലേസുമെല്ലാം മത്സ്യം തന്നെയാണ്. തൻ്റെ വസ്ത്രത്തിൻ്റെ തീം കൂടുതൽ ഉൾക്കൊള്ളിച്ചുകൊണ്ട് അതിന് അനുയോജ്യമായ ഒരു ക്ലച്ച് ബാഗും തരുണ്‍ കൈയ്യില്‍ പിടിച്ചിരിക്കുന്നതായി വീഡിയോയിൽ കാണാം.
വളരെ പെട്ടെന്നാണ് തരുണിൻ്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ വൈറൽ ആയത്. നിമിഷങ്ങൾക്കുള്ളിലാണ് വീഡിയോ 300,000 പേർ കണ്ടത്. അസാധാരണമായ ഫാഷൻ വീഡിയോയ്ക്ക് കാഴ്ചക്കാരിൽ നിന്ന് ധാരാളം ചിരി ഇമോജിയും രസകരവുമായ പ്രതികരണങ്ങളും ലഭിച്ചു.’ഏറ്റവും പുതിയ ഫാഷൻ’ എന്ന അടിക്കുറിപ്പോടെയാണ് തരുൺ വീഡിയോ പങ്കുവെച്ചത്. പല നെഗറ്റീവ് കമൻ്റുകളും വിമർശനങ്ങളും വീഡിയോക്ക് താഴേ നിറയുന്നുണ്ട്.തരുണിൻ്റെ മത്സ്യ പ്രചോദിതമായ പുതിയ ഫാഷൻ സോഷ്യൽ മീഡിയയിൽ സമീപകാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒന്നായി മാറിയിട്ടുണ്ട്.