കല്ലടിക്കോട് ദേശീപാതയിലെ മാപ്പിള സ്കൂൾ കവലയിൽ ഫർണീച്ചർ കടയിൽ വൻ അഗ്നിബാധ. ഫർണീച്ചർ കടയും സമീപത്തെ മൊബൈൽ കടയും പൂർണ്ണമായി കത്തി നശിച്ചു. കെട്ടിടത്തിന്റെ മുന്നിൽ നിർത്തിയിട്ടിരുന്ന, സ്ഥാപനത്തിന്റെ ഗൂഡ്സ് ഓട്ടോ അടക്കം 10 വാഹനങ്ങൾ അഗ്നിക്കിരയായി. ആളപായമില്ല. രണ്ടു കോടിയിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ഇന്നലെ 3.30 നാണ് നാടിനെ നടുക്കിയ അഗ്നിബാധയുണ്ടായത്. തീ ആളിപ്പടർന്നതോടെ പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ ഒരു മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. സ്കൂൾ വിട്ട സമയമായിരുന്നതിനാൽ വിദ്യാർത്ഥികൾ അടക്കം വഴിയിൽ കുടുങ്ങി. ദേശീയപാതയോരത്തുള്ള ഷോപ്പിംഗ് കോംപ്ലക്സിൽ മൂന്നുനിലകളിലായി പ്രവർത്ഥിക്കുന്ന, കരിമ്പ സ്വദേശി അഷറഫിന്റെ റിറ്റ്സി ഫർണ്ണീച്ചർ ആൻഡ് കർട്ടൻസ് എന്ന സ്ഥാപനത്തിലാണ് അഗ്നിബാധയുണ്ടായ
ത്. രണ്ടാമത്തെ നിലയിലുണ്ടായ തീ താഴത്തേയും മുകളിലത്തേയും നിലകളിലേയ്ക്ക് പടരുകയായിരുന്നു. ഈ സമയം ഇവിടെയുണ്ടായിരുന്ന 6 അതിഥിതൊഴിലാളികൾ സമീപത്തെ കെട്ടിടത്തിലേയ്ക്ക് ചാടി രക്ഷപ്പെട്ടു.
മുണ്ടൂർ സ്വദേശി റംലയുടേതാണ് മൊബൈൽ കട. ഫർണീച്ചർ കടയിലേയും മറ്റു സ്ഥാപനത്തിലേയും സ്ത്രീകൾ പുറത്തേക്ക് ഓടിയതിനാൽ ആളപായം ഉണ്ടായില്ല. സമീപത്തെ അക്ഷയ കേന്ദ്രത്തിലും സംഭവ സമയത്ത് ഒട്ടേറെ പേര് ഉണ്ടായിരുന്നു. കനത്ത ചൂടുണ്ടായിരുന്നതിനാൽ തീ പെട്ടെന്നു തന്നെ കെട്ടിടത്തിലേക്ക് പടർന്നു. നാട്ടുകാർ അഗ്നിസേന വിഭാഗക്കാരെ അറിയിച്ചു. ഇതിനിടെ കോംപ്ലക്സിന്റെ മുന്നിൽ നിർത്തിയിട്ട വാഹനങ്ങളിലേയ്ക്ക് തീ പടർന്നു. നാട്ടുകാർ ബൈക്ക് ഉൾപ്പടെയുള്ള വാഹനങ്ങൾ വേഗത്തിൽ മാറ്റി. കോങ്ങാട്, മണ്ണാർക്കാട്, അഗ്നിരക്ഷാനിലയങ്ങളിൽ നിന്നും നാല് അഗ്നിരക്ഷാ യൂണിറ്റ് എത്തിയാണ് തീ അണക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. അഗ്നിസേനയുടെ ഇടപെടലിലൂടെ സമീപത്തെ കെട്ടിടത്തിലേക്ക് തീ പടരുന്നത് തടയാൻ ആയി. അഗ്നിസേനയും സിവിൽ ഡിഫൻസ് അംഗങ്ങളും നാട്ടുകാരും ചേർന്ന് മൂന്നു മണിക്കൂറോളം ശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ശ്യാമള ഹരിദാസ്.