തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ കുടുംബമൊന്നാകെ ഇല്ലാതാവുകയും പിന്നീടുണ്ടായ അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ഒരിടത്തും ഒറ്റപ്പെട്ടുപോകില്ലെന്ന് അന്നേ സർക്കാർ ഉറപ്പു നൽകിയതാണെന്നും ഇന്നത് പാലിക്കുകയും ചെയ്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ശ്രുതി ജോലിയിൽ പ്രവേശിച്ചതോടെ ആ ഉറപ്പ് പാലിക്കപ്പെട്ടിരിക്കുന്നു. ചേർത്തുനിർത്തലിന്റെ ഇത്തരം മാതൃകകളാണ് കൂടുതൽ കരുത്തോടെ മുന്നോട്ടുപോകാൻ നമുക്ക് പ്രേരകമാവുന്നത്.ഇവിടെയാരും ഒറ്റപ്പെട്ടുപോകില്ലെന്നത് ഈ സർക്കാരിന്റെയും നാടിന്റെയും ഉറപ്പാണ്. അത് പാലിക്കപ്പെടുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പ്
പ്രതിസന്ധികൾ നേരിടുമ്പോൾ ആരും ഒറ്റപ്പെട്ടു പോകരുത് എന്ന കരുതലാണ് അതിജീവനത്തിന്റെ ഉന്നതമായ മാതൃകകൾ തീർക്കുന്നത്.മഹാമാരികളും പ്രകൃതിദുരന്തങ്ങളും നേരിട്ട കേരളം ആ ദുരിതങ്ങളെയെല്ലാം മറികടന്ന് മുന്നേറുന്നതും നമ്മുടെ ഐക്യബോധത്തിന്റെ കരുത്തിലാണ്.ദുരന്തബാധിതരെ ചേർത്ത് നിർത്തി പ്രതീക്ഷയുടെ നാളെയിലേക്ക് കൈപിടിച്ചുയർത്താൻ പ്രതിജ്ഞാബദ്ധമാണ് എൽഡിഎഫ് സർക്കാർ.സമഗ്രമായ പിന്തുണാ സംവിധാനങ്ങൾ ഇതിനായി ഒരുക്കുമെന്നത് ഈ സർക്കാർ നൽകുന്ന വെറും വാഗ്ദാനമല്ല, മറിച്ച് ആ മനുഷ്യർക്ക് നൽകുന്ന കരുത്തുറ്റ ഉറപ്പാണ്.
ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി ഇന്ന് റവന്യൂ വകുപ്പിൽ ഉദ്യോഗസ്ഥയായി പ്രവേശിച്ചിരിക്കുന്നു. ക്ലർക്ക് തസ്തികയിൽ ചുമതലയേറ്റതോടെ ശ്രുതിക്ക് നിയമനം നൽകാനുള്ള സർക്കാർ ഉത്തരവ് യാഥാർത്ഥ്യമായിരിക്കുകയാണ്.ചൂരൽമല ഉരുൾപൊട്ടലിൽ അച്ഛനും അമ്മയും സഹോദരിയുമടക്കം ഒമ്പത് കുടുംബാംഗങ്ങളെ നഷ്ടമായ ശ്രുതിക്ക് താങ്ങും തണലുമായത് പ്രതിശ്രുത വരൻ ജെൻസനായിരുന്നു.പിന്നീട് കല്പറ്റയിലുണ്ടായ വാഹനാപകടത്തിൽ ജെൻസണും മരണത്തിന് കീഴടങ്ങിയതോടെ ശ്രുതിയുടെ ജീവിതം ഈ നാടിനെയാകെ ദുഃഖത്തിലാഴ്ത്തി.
ശ്രുതി ഒരിടത്തും ഒറ്റപ്പെട്ടുപോകില്ലെന്ന് അന്നേ സർക്കാർ ഉറപ്പു നൽകിയതാണ്. ഇന്ന് ശ്രുതി ജോലിയിൽ പ്രവേശിച്ചതോടെ ആ ഉറപ്പ് പാലിക്കപ്പെട്ടിരിക്കുന്നു.ചേർത്തുനിർത്തലിന്റെ ഇത്തരം മാതൃകകളാണ് കൂടുതൽ കരുത്തോടെ മുന്നോട്ടുപോകാൻ നമുക്ക് പ്രേരകമാവുന്നത്.ഇവിടെയാരും ഒറ്റപ്പെട്ടുപോകില്ലെന്നത് ഈ സർക്കാരിന്റെയും നാടിന്റെയും ഉറപ്പാണ്. അത് പാലിക്കപ്പെടുക തന്നെ ചെയ്യും.