വയനാട് ചുണ്ടേലിലെ ഓട്ടോ ഡ്രൈവറുടെ മരണം കൊലപാതകമെന്ന് പൊലീസ്. ഥാർ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ നവാസ് മരിച്ചതാണ് കൊലപാതകമെന്ന് തെളിയുന്നത്. പുത്തൂർ വയൽ സ്വദേശി സുമിൽഷാദ്, അജിൻ എന്നിവർ കസ്റ്റഡിയിൽ. ഇവർ സഹോദരങ്ങളാണ്.ഇരുകൂട്ടരും തമ്മിൽ വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നു എന്ന നിഗമനത്തിൽ പൊലീസ്. ചുണ്ടേൽ എസ്റ്റേറ്റ് റോഡിൽ സുമിൽഷാദ് ബോധപൂർവ്വം നവാസിന്റെ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. നവാസിന്റെ യാത്രാവിവരങ്ങൾ അറിയിച്ചത് സഹോദരൻ. സിസിടിവി ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമായി. ഇരുവർക്കും എതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാൻ പോലീസ്.
സാധാരണ അപകടം എന്ന നിലയിലായിരുന്നു അന്വേഷണം നടന്നത്. എന്നാൽ നാട്ടുകാരും ബന്ധുക്കളും സംശയമുന്നയിച്ച് രംഗത്തെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് കണ്ടെത്തിയത്. നവാസിന്റെ സ്റ്റേഷനറി കടയും സുൽഫിക്കറിന്റെ ഹോട്ടലും ചുണ്ടേൽ റോഡിന്റെ ഇരുവശത്താണ് സ്ഥിതി ചെയ്യുന്നത്.
ഇത് സംബന്ധിച്ച് ഇരു കൂട്ടരും തമ്മിൽ തർക്കമുണ്ടായിരുന്നു. തുടർന്നാണ് ആസൂത്രിതമായ കൊലപാതകം നടത്തിയത്.വ്യക്തി വൈരാഗ്യത്തിന്റെ ഭാഗമായി സുൽഫിക്കറിന്റെ ഹോട്ടലിന്റെ മുന്നിൽ നവാസ് കൂടോത്രം ചെയ്ത കോഴിത്തല കൊണ്ടുവച്ച സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നതായി പൊലീസ് പറയുന്നു. ഇതിലുണ്ടായ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഉച്ചയോടുകൂടി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും.