Tuesday, January 14, 2025
Homeകേരളംചേതനയറ്റ്‌ കലാലയമുറ്റത്ത്‌ ; സ്വപ്‌നങ്ങൾ ബാക്കിയാക്കി അവസാനമായി പടിയിറങ്ങി.

ചേതനയറ്റ്‌ കലാലയമുറ്റത്ത്‌ ; സ്വപ്‌നങ്ങൾ ബാക്കിയാക്കി അവസാനമായി പടിയിറങ്ങി.

ആലപ്പുഴ; പുസ്‌തകങ്ങൾ വായിച്ച്‌ പഠിക്കേണ്ട സെൻട്രൽ ലൈബ്രറിയ്ക്ക്‌ മുൻപിൽ അവർ അഞ്ച്‌ ബെഞ്ചുകളിലായി വെള്ള പുതച്ചുറങ്ങി. മാതാപിതാക്കൾ ഡോക്‌ടറായി കാണാൻ കൊതിച്ചവരുടെ മരവിച്ച ശരീരം കണ്ട്‌ എല്ലാവരുടേയും ഉള്ളുപൊട്ടി. നാളെ കാണാമെന്ന്‌ യാത്രപറഞ്ഞ്‌ പോയവർ ചലനമറ്റ്‌ കിടക്കുന്നത്‌ കണ്ട സഹപാഠികളും വിതുമ്പലടക്കാൻ പാടുപെട്ടു. കഥ പറഞ്ഞ്‌ നടന്ന കലാലയ മുറ്റത്ത്‌ നിന്ന്‌ അഞ്ചുപേരും സ്വപ്‌നങ്ങൾ ബാക്കിയാക്കി അവസാനമായി പടിയിറങ്ങി. തിരിച്ചുവരവില്ലാത്ത യാത്രയ്ക്കായി.

കളർകോട്‌ വാഹനാപകടത്തിൽ മരിച്ച എംബിബിഎസ്‌ വിദ്യാർഥികളുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന്‌ ശേഷം 11.20നാണ്‌ മോർച്ചറിയിൽ നിന്ന്‌ പുറത്തെത്തിച്ചത്‌. ആദ്യം ആയുഷ്‌ ഷാജി(19), തൊട്ടുപിറകെ മുഹമ്മദ്‌ അബ്‌ദുൾ ജബ്ബാർ(19), പി പി മുഹമ്മദ്‌ ഇബ്രാഹിം, ബി ദേവനന്ദൻ (18) , ശ്രീദീപ്‌ വത്സൻ(20) എന്നിവരുടെ മൃതദേഹങ്ങൾ പ്രത്യേകം സജ്ജമാക്കിയ ആംബുലൻസിൽ സെൻട്രൽ ലൈബ്രറിയിലെത്തിച്ചു.

ദേവനന്ദന്റെ അമ്മ രഞ്ജിമോളുടെയും അച്ഛൻ എ എൻ ബിനുരാജിന്റെയും നിലവിളി കണ്ടുനിന്നവരുടെ ഉള്ളുലച്ചു. അനിയനെ അവസാനമായി കാണാൻ പോണ്ടിച്ചേരി എയിംസിലെ മൂന്നാം വർഷ എംബിബിഎസ്‌ വിദ്യാർഥിയായ സഹോദരൻ ദേവദത്ത്‌ കോട്ടയത്തേക്ക്‌ എത്തുന്നതേ ഉണ്ടായിരുന്നുള്ളൂ. പഠിക്കാൻ മിടുക്കരായിരുന്ന ഇരുവരും പ്രത്യേക പരിശീലനത്തിന്‌ പോകാതെയാണ്‌ സർക്കാർ കോളേജിൽ പ്രവേശനം നേടിയത്‌. പാലക്കാട്‌ സ്വദേശി ശ്രീദീപ്‌ വത്സന്റെ മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയത്‌ അമ്മാവൻ മണികണ്‌ഠനായിരുന്നു. മുഹമ്മദ്‌ അബ്‌ദുൾ ജബ്ബാറിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ഉപ്പ അബ്‌ദുൾ ജബ്ബാറിന്റെ സഹോദരൻമാരും ഇരട്ട സഹോദരൻ മിഷാൽ അബ്‌ദുൾ ജബ്ബാറും അർധ സഹോദരി ഹാദിയയുമെത്തി. പി പി മുഹമ്മദ്‌ ഇബ്രാഹിമിന്റെ മൃതശരീരം ഏറ്റുവാങ്ങാൻ ഉപ്പ മുഹമ്മദ്‌ നസീറിന്റെ കേരളത്തിലുണ്ടായിരുന്ന ലക്ഷദ്വീപ്‌ സ്വദേശികളും സുഹൃത്തുക്കളുമെത്തി. വിവരമറിഞ്ഞ്‌ കുടുബാംഗങ്ങൾ ഹെലികോപ്‌ടറിൽ അഗത്തിയിലേക്കും അവിടെനിന്നും കൊച്ചിയിലേക്കും എത്തിയിരുന്നു. ആയുഷ്‌ ഷാജിയുടെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. പകൽ 1.15ന്‌ മൃതദേഹങ്ങൾ പൊലീസിന്റെ പ്രത്യേക അകമ്പടിയോടെ അതത്‌ വീടുകളിലേക്ക്‌ കൊണ്ടുപോയി.

കളർകോട്‌ വാഹനാപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർഥി ലക്ഷദ്വീപ്‌ ആന്ത്രോത്ത്‌ സ്വദേശി മുഹമ്മദ്‌ ഇബ്രാഹിമിന്‌ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. മുഹമ്മദ്‌ ഇബ്രാഹിമിന്റെ മാതാപിതാക്കളായ മുഹമ്മദ്‌ നസീറും മുംതാസും ബന്ധുക്കളും സഹപാഠികളും സുഹൃത്തുക്കളും ഉൾപ്പെടെയുള്ളവർ എറണാകുളം മാർക്കറ്റ്‌ റോഡ്‌ സെൻട്രൽ ജുമാ മസ്‌ജിദിൽ ഖബറടക്കച്ചടങ്ങിൽ അന്ത്യാഞ്ജലിയർപ്പിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിൽ പൊതുദർശനത്തിനുശേഷമാണ്‌ മൃതദേഹം കൊച്ചിയിലെത്തിച്ചത്‌.

മയ്യത്ത്‌ നമസ്‌കാരത്തിനും പൊതുദർശനത്തിനുംശേഷം 3.30ഓടെ ഖബറടക്കച്ചടങ്ങുകൾ പൂർത്തിയായി. മുഹമ്മദ്‌ ഇബ്രാഹിമിനൊപ്പം മലപ്പുറത്ത്‌ എൻട്രൻസ്‌ കോച്ചിങ്ങിന്‌ പഠിച്ചിരുന്ന വിദ്യാർഥികളും അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തിയിരുന്നു.

മുഹമ്മദ്‌ ഇബ്രാഹിമിന്റെ മാതാപിതാക്കൾ കവരത്തിയിൽനിന്ന്‌ ഹെലികോപ്‌റ്ററിലാണ്‌ അഗത്തിയിലേക്ക്‌ വന്നത്‌. അവിടെനിന്ന്‌ വിമാനത്തിൽ കൊച്ചിയിലും എത്തി. ലക്ഷദ്വീപ്‌ അഡ്‌മിനിസ്‌ട്രേഷനിൽ യുഡി ക്ലർക്കാണ്‌ മുംതാസ്‌. നാലാം ക്ലാസ്‌ വിദ്യാർഥി അഷ്‌വാക്കാണ്‌ മുഹമ്മദ്‌ ഇബ്രാഹിമിന്റെ സഹോദരൻ. ലക്ഷദ്വീപിലേക്ക്‌ കൊണ്ടുപോകാനുള്ള പണച്ചെലവും കാലതാമസവും പരിഗണിച്ചാണ്‌ മൃതദേഹം കൊച്ചിയിൽ ഖബറടക്കിയത്‌. കേരളത്തിൽ മരിക്കുന്ന ലക്ഷദ്വീപ്‌ സ്വദേശികളെ ഇക്കാരണത്താൽ ഇവിടെത്തന്നെ സംസ്‌കരിക്കുന്നതാണ്‌ പതിവെന്ന്‌ കൊച്ചിയിലുള്ള ലക്ഷദ്വീപ്‌ സ്വദേശി ഉസ്‌താദ്‌ നാസിഹ്‌ പറഞ്ഞു.

മധുരം പങ്കുവച്ച്‌ ഒരു യാത്രയയക്കൽ. ലക്ഷദ്വീപ്‌ ആന്ത്രോത്ത്‌ സ്വദേശി മുഹമ്മദ്‌ ഇബ്രാഹിമിന്‌ എംബിബിഎസ്‌ പഠനത്തിന്‌ അവസരം ലഭിച്ചപ്പോൾ കേക്ക്‌ മുറിച്ചായിരുന്നു കോട്ടയ്‌ക്കൽ യൂണിവേഴ്സൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സഹപാഠികളുടെ ആഘോഷം. ഒന്നരമാസംമുമ്പ്‌ മലപ്പുറം കോട്ടയ്‌ക്കലിലെ എൻട്രൻസ്‌ കോച്ചിങ്‌ സെന്ററിൽ നടന്ന സ്‌നേഹനിർഭര യാത്രയയപ്പ്‌ ഇന്ന്‌ സഹപാഠികൾക്ക്‌ വിങ്ങുന്ന ഓർമ. ബാപ്പ മുഹമ്മദ്‌ നസീറും ഉമ്മ മുംതാസും മൃതദേഹത്തിനരികെ നെഞ്ചുപൊട്ടി വിതുമ്പിയപ്പോൾ ആശ്വസിപ്പിക്കാനാകാതെ അവരും അശക്തരായി. പ്രിയ സ്‌നേഹിതൻ ഇനിയില്ലെന്ന യാഥാർഥ്യം അംഗീകരിക്കാനാകാത്ത അവസ്ഥ.

ഖബറടക്കച്ചടങ്ങിൽ പങ്കെടുക്കാൻ ഉച്ചയ്‌ക്കുതന്നെ അവർ മലപ്പുറത്തുനിന്ന്‌ എത്തിയിരുന്നു. നാട്ടിലൊരു ആശുപത്രി പണിയണമെന്നും അവിടെ ആർക്കും കൈയിലൊതുങ്ങാവുന്ന ചികിത്സ ഉറപ്പാക്കണമെന്നുമുള്ള ആഗ്രഹം ബാക്കിയാക്കിയാണ്‌ പ്രിയ സുഹൃത്തിന്റെ മടക്കമെന്ന് സുഹൃത്തുക്കൾ പറഞ്ഞു. മുഹമ്മദ്‌ ഇബ്രാഹിമിന്റെ ഓർമകളിൽ മലപ്പുറം സ്വദേശികളായ അർഷാക്ക്‌ സർബാസിനും മുഹമ്മദ്‌ റിഷാദിനും പിടിച്ചുനിൽക്കാനായില്ല. മുഹമ്മദ്‌ ഇബ്രാഹിമിനൊപ്പം മുറിയിൽ കഴിഞ്ഞ ലഹാൻ നസാം കണ്ണീർപൊഴിച്ച്‌ സെൻട്രൽ ജുമാ മസ്‌ജിദ്‌ അങ്കണത്തിൽ തളർന്നിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിലെ സീനിയറും പിജി ഡോക്ടറുമായ കൽപേനി ദ്വീപ്‌ സ്വദേശിനി കെ കെ ഫഹീമയും അവസാന യാത്രാമൊഴി നൽകാനെത്തി.

ഡോക്ടറായി തങ്ങൾക്കരികിലേക്കെത്തുന്ന പേരക്കുട്ടിയെയാണ്‌ മുത്തച്ഛനും മുത്തശ്ശിയും സ്വപ്‌നം കണ്ടിരുന്നത്‌. എന്നാൽ സ്വപ്‌നങ്ങളെല്ലാം പാതിവഴിയിലുപേക്ഷിച്ച്‌ ഒടുവിൽ അച്ചുവെന്ന ദേവനന്ദനെത്തി അവർക്കരികിലേക്ക്‌, ഒരു ദുഃസ്വപ്‌നംപോലെ. അവധിക്കാലങ്ങളിൽ ഓടിക്കളിച്ച കുടുംബവീട്ടിലേക്ക്‌ വെള്ളപുതച്ച്‌ അച്ചുവിന്റെ ചേതനയറ്റ ശരീരം എത്തിയപ്പോൾ വിശ്വസിക്കാനാകാതെ ഉറ്റവർ തേങ്ങി.ആലപ്പുഴയിൽ അപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർഥി ബി ദേവനന്ദന്റെ മൃതദേഹം ചൊവ്വ പകൽ രണ്ടരയോടെയാണ്‌ കരിമ്പാനിയിലെ കുടുംബവീട്ടിലെത്തിച്ചത്‌. സംസ്കാരം ബുധൻ പകൽ രണ്ടിന് മറ്റക്കര കുടുംബ വീട്ടുവളപ്പിൽ.

മലപ്പുറം കോട്ടയ്‌ക്കൽ ചീനംപുത്തൂർ വൈഷ്‌ണവത്തിൽ ബിനുരാജിന്റെ മകനാണ്‌ ബി ദേവനന്ദൻ. ബിനുരാജിന്റെ തറവാടാണ്‌ മറ്റക്കര കരിമ്പാനിയിലുള്ളത്‌. ജോലി ആവശ്യത്തിനായി 20 വർഷം മുമ്പാണ്‌ ദേവനന്ദന്റെ കുടുംബം മലപ്പുറത്ത്‌ താമസമാക്കിയത്‌. ബിനുരാജ്‌ അറയ്ക്കൽ തെന്നല എംഎഎൻ യുപി സ്കൂൾ അധ്യാപകനായും അമ്മ രഞ്ജിനി സെയിൽ ടാക്സ് ഡിപ്പാർട്ടുമെന്റിലും ജോലിനോക്കുന്നു.

ചെറുപ്പം മുതൽ മുത്തച്ഛൻ നാരായണൻ പിള്ളയ്‌ക്കും മുത്തശി തങ്കമ്മയ്‌ക്കുമൊപ്പമായിരുന്നു ദേവനന്ദന്റെ അവധിയാഘോഷങ്ങൾ. പ്ലസ്‌ടുവിന്‌ കാഞ്ഞിരപ്പള്ളി ആനക്കല്ല്‌ സെന്റ്‌ ആന്റണീസ്‌ സ്‌കൂളിലായിരുന്നു പഠനം. പോണ്ടിച്ചേരിയിൽ എംബിബിഎസ്‌ വിദ്യാർഥിയായ ജേഷ്‌ഠൻ ദേവദത്തിന്‌ പിന്നാലെ ദേവനന്ദനും എംബിബിഎസ്‌ പ്രവേശനം ലഭിച്ചതിൽ കുടുംബം ഏറെ സന്തോഷത്തിലായിരുന്നു. പഠനത്തിലും ഒന്നാമനായിരുന്നു. മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ കുടുംബാംഗങ്ങളുടെ വിലാപം ഏവരെയും തീരാദുഃഖത്തിലാഴ്‌ത്തി.

‘ഡോക്ടറാകണം, പ്രയാസങ്ങളുമായി വരുന്നവർക്ക്‌ ആശ്വാസം പകരണം’ –-കുഞ്ഞുനാൾ മുതൽ മനസ്സിലുറപ്പിച്ച ആഗ്രഹം ബാക്കിയാക്കിയാണ്‌ മുഹമ്മദ് അബ്ദുൾജബ്ബാർ യാത്രയായത്‌. തൂവെള്ള കോട്ടും സ്‌റ്റെതസ്‌കോപ്പുമണിഞ്ഞ്‌ ആതുരസേവനത്തിനിറങ്ങാനുള്ള ആഗ്രഹംകൊണ്ടാണ്‌ അവൻ വാശിയോടെ ഓരോ ക്ലാസിലും പഠിച്ചത്‌. നിനച്ചിരിക്കാതെയെത്തിയ അപകടം ആ ചെറുപ്പക്കാരന്റെ ജീവനും കുടുംബത്തിന്റെ പ്രതീക്ഷകളും കവർന്നു.

ഏഴാംക്ലാസുവരെ ഗൾഫിലായിരുന്നു വിദ്യാഭ്യാസം. എട്ടു മുതൽ 12 വരെ എരിപുരം വാദിഹൂദയിലും. പരീക്ഷകളിൽ ഉയർന്ന മാർക്കാണ്‌ നേടിയത്‌. ഡോക്ടറാകാനുള്ള മകന്റെ ആഗ്രഹത്തെ കുടുംബം പിന്തുണച്ചു. പ്രവേശനപ്പരീക്ഷാ പരിശീലനത്തിന്‌ പാലായിലെ കോച്ചിങ് സെന്ററിൽ ചേർന്നു. ആദ്യശ്രമത്തിൽ എൻജിനിയറിങ്ങിന് അവസരം ലഭിച്ചെങ്കിലും ഡോക്ടറാകാനുള്ള ആഗ്രഹത്തിൽനിന്ന്‌ പിൻവാങ്ങിയില്ല. വീണ്ടും ശ്രമിച്ചാണ് എംബിബിഎസ്‌ പഠിക്കാൻ അർഹനായത്‌.

മാട്ടൂൽ നോർത്ത് സഹകരണ ബാങ്കിനടുത്ത ചീലേൻ അബ്ദുൾജബ്ബാറിന്റെയും മുട്ടം സ്വദേശി എസ് എൽ പി ഫാസിലയുടെയും മകനാണ്‌ മുഹമ്മദ്‌. അടുത്തിടെയാണ് മാട്ടൂൽ നോർത്ത്‌ ഓയിൽ മില്ലിനു സമീപം കുടുംബം വീട് നിർമിച്ച് താമസം തുടങ്ങിയത്‌. രണ്ടര മാസം മുമ്പാണ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പഠിക്കാൻ പോയത്‌. സ്‌നേഹത്തോടെ പെരുമാറുന്ന മുഹമ്മദിന്റെ വേർപാട്‌ നാട്ടുകാർക്കും താങ്ങാനാകുന്നില്ല. മിഷാൽ അബ്ദുൾജബ്ബാർ, മിൻഹ അബ്ദുൾജബ്ബാർ, മുഹീസ് റഹ്മാൻ എന്നിവരാണ്‌ മുഹമ്മദിന്റെ സഹോദരങ്ങൾ.

കായികകേരളത്തിന്‌ അഭിമാനമായി ട്രാക്കിൽ നേട്ടങ്ങൾ കൊയ്‌തെടുത്തുതീരും മുമ്പേ പൊൻതാരകം മറഞ്ഞു. ശ്രീദീപ്‌ വത്സന്റെ മരണം പാലക്കാട്‌ ഒളിമ്പിക്‌ അക്കാദമി പരിശീലകൻ ഹരിദാസിനും ശ്രീദീപിന്റെ കൂട്ടുകാർക്കും വിശ്വസിക്കാനായില്ല. വാഹനാപകടത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ മരിച്ചു എന്ന വാർത്ത കേട്ടപ്പോൾ നമ്മുടെ ശ്രീദീപിന്റെ കോളേജല്ലേ എന്ന്‌ ഹരിദാസ്‌ വീട്ടുകാരോട്‌ പറഞ്ഞിരുന്നു. നിമിഷങ്ങൾ പിന്നിടുംമുമ്പേ അത്‌ ദുഃഖവാർത്തയായി. സഹപ്രവർത്തകർക്കൊപ്പം ശ്രീവിഹാറിലേക്ക്‌ പാഞ്ഞെത്തുമ്പോൾ തേങ്ങിക്കരച്ചിലുകൾ. ഏകമകന്റെ വിയോഗം താങ്ങാനാകാതെ നിലവിളിക്കുന്ന അച്ഛനമ്മമാരെ കണ്ടുനിൽക്കുക പ്രയാസമായി. ശ്രീവത്സൻ ഹരിദാസിനെ കെട്ടിപ്പിടിച്ചു കരഞ്ഞു. 2018ൽ മഹാരാഷ്‌ട്രയിൽ നടന്ന ദേശീയ സ്‌കൂൾ കായികമേളയിൽ സബ്‌ജൂനിയർ വിഭാഗം 100 മീറ്റർ ഹഡിൽസിൽ കേരളത്തെ പ്രതിനിധാനം ചെയ്‌തിരുന്നു. 2016ലാണ്‌ ഒളിമ്പിക്‌ അക്കാദമിയിൽ പരിശീലനത്തിനെത്തുന്നത്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments