Monday, January 13, 2025
Homeകേരളംവിജ്ഞാനത്തിന്റെ വിശാലലോകവുമായും ബന്ധിപ്പിക്കുന്ന കലണ്ടർ; കൗതുകകരമായ സമ്മാനത്തെ പറ്റി ഡോ. ടി എം തോമസ് ഐസക്ക്.

വിജ്ഞാനത്തിന്റെ വിശാലലോകവുമായും ബന്ധിപ്പിക്കുന്ന കലണ്ടർ; കൗതുകകരമായ സമ്മാനത്തെ പറ്റി ഡോ. ടി എം തോമസ് ഐസക്ക്.

വിജ്ഞാനത്തിന്റെ വിശാലലോകവുമായും ബന്ധിപ്പിക്കുന്ന കലണ്ടർ; കൗതുകകരമായ സമ്മാനത്തെ പറ്റി ഡോ. ടി എം തോമസ് ഐസക്ക്. കൗതുകകരമായ ഒരു സമ്മാനം ലഭിച്ചതിനെ പറ്റി പറയുകയാണ് ഡോ. ടി എം തോമസ് ഐസക്ക്. ഫേസ്ബുക്ക് കുറുപ്പിലൂടെയാണ് സമ്മാനത്തെ പറ്റിയും, അതിന്റെ പ്രത്യേകതയെ പറ്റിയും തോമസ് ഐസക്ക് പറഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

കൗതുകകരമായ ഒരു സാധനം ഇന്നലെ സമ്മാനമായി കിട്ടി. ഒരു സയൻസ് കലൻഡർ. സമ്മാനിച്ചത് എന്റെ അനുജൻ ആന്റണിയാണ്. കടലാസുകലൻഡറിനെ ഫോണുമായും ഇന്റർനെറ്റുവഴി വിജ്ഞാനത്തിന്റെ വിശാലലോകവുമായും ഇതിൽ ബന്ധിപ്പിച്ചിരിക്കുന്നു.

ഒരു പെയിന്റിങ് വാങ്ങി ചുമരിൽ തൂക്കുന്നതിന്റെ ചന്തമുണ്ട് ഈ കലൻഡറിന്. ഇതിൽ ഓരോ താളിലെയും മുഖ്യചിത്രങ്ങൾ ഭൂമിയിലെ ജീവപരിണാമത്തിന്റെ കഥയിലെ 12 നാഴികക്കല്ലുകളുടേതാണ്. നാനൂറ്റമ്പതുകോടി വയസായ ഭൂമിയിലെ ജീവനു പ്രായം 400 കോടി കൊല്ലം. ഈ 400 കോടി കൊല്ലത്തെ ഒരു ദിവസമായി സങ്കല്പിച്ചാൽ അതിൽ മനുഷ്യർ ഉണ്ടായത് അവസാനത്തെ ഒരു സെക്കൻഡിന്റെ ഒരു ചെറിയ അംശം മുമ്പു മാത്രമാണെന്നു വായിച്ചത് ഓർക്കുന്നു. ആ മനുഷ്യപരിണാമത്തിന്റെ ചെറിയകാലം ഒഴികെയുള്ള 400 കോടിക്കൊല്ലത്തെ ജീവന്റെ കഥ ഒരു നിത്യോപയോഗവസ്തുവായ കലൻഡറിലൂടെ പറയാൻ ശ്രമിച്ചത് വലിയ അഭിനന്ദനം അർഹിക്കുന്നു. പരിണാമത്തെ പാഠഭാഗത്തുനിന്നുതന്നെ വെട്ടിമാറ്റാൻ അധികാരശക്തികളും മതവർഗ്ഗീയവാദികളും ശ്രമിക്കുന്ന ഒരു ഘട്ടത്തിൽ അതിനെ ഏറ്റവും ലളിതമായും ഫലപ്രദമായും സാധാരണജനങ്ങളിലേക്ക്, വിശേഷിച്ച് വിദ്യാർത്ഥികളിലേക്ക്, എത്തിക്കുന്നതിലെ രാഷ്ട്രീയത്തിനുമുണ്ട് വലിയ പ്രാധാന്യം.

ശാസ്ത്രബോധമുള്ള സമൂഹത്തെ വാർത്തെടുക്കാനായി 1962 മുതൽ കേരളത്തിൽ പ്രവർത്തിക്കുന്ന, ഒരുപക്ഷെ, ലോകത്തെതന്നെ ഏറ്റവും വലിയ ജനകീയശാസ്ത്രപ്രസ്ഥാനമായ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ‘ലൂക്ക സയൻസ് പോർട്ടലാ’ണ് ഈ നൂതനാശയത്തിന്റെ ഉപജ്ഞാതാക്കൾ. അടുത്തിടെ സയൻസ് സ്ലാമിലൂടെ ഈ രംഗത്തു പുതിയ ആവേശം സൃഷ്ടിച്ചതും ലൂക്ക തന്നെ. (സ്ലാം കാണാൻ ഒന്നു പോകണമെന്ന ആലോചനയിലാണ്.) ഇത്തരം മികച്ച ആശയങ്ങൾ രൂപപ്പെടുത്താനും നടപ്പാക്കാനും കഴിയുന്ന അക്കാദമികവിദഗ്ദ്ധരുടെ നല്ലൊരു സംഘമുണ്ട് ലൂക്കയുടെ എഡിറ്റോറിയൽ ബോർഡിൽ. ലൂക്ക എഡിറ്റർ സി. റിസ്വാനാണ് ഇതിന്റെയെല്ലാം സൂത്രധാരൻ. റിസ്വാനെ കുറേനാളായി അറിയും. കഠിനാദ്ധ്വാനിയായ മികച്ച ശാസ്ത്രപ്രചാരകനാണ് ആ ചെറുപ്പക്കാരൻ. ഡോ. കെ. പി. അരവിന്ദനെയും പി. കെ. സുമോദനെയും പ്രൊഫ. കെ. പാപ്പൂട്ടിയെയും പോലെ പലരും ഈ കലൻഡർ വികസിപ്പിക്കുന്നതിൽ ഗണ്യമായ സംഭാവന നല്കിയിട്ടുണ്ട്. എല്ലാവരും വലിയതോതിൽ അഭിനന്ദനം അർഹിക്കുന്നു.

ഈ കലൻഡറിൽ എല്ലാ താളിലും അതതുമാസം പറയുന്ന പരിണാമഘട്ടവുമായി ബന്ധപ്പെട്ട പ്രധാന കണ്ടുപിടുത്തം നടത്തിയ ഓരോ ശാസ്ത്രജ്ഞരുടെ പടവും വിവരവുമുണ്ട്. അതതുമാസത്തെ ജ്യോതിശാസ്ത്രസംഭവങ്ങൾ ‘ഈ മാസത്തെ ആകാശം’ എന്ന പേരിൽ ചേർത്തിട്ടുണ്ട്. ഇവയിൽ ഒതുങ്ങുന്നില്ല കലൻഡർ. ഓരോ താളിലെയും ക്യുആർ കോഡ് ഫോണിൽ സ്കാൻ ചെയ്താൽ ആ താൾ പറയുന്ന പരിണാമഘട്ടത്തെപ്പറ്റിയുള്ള വിശദമായ ലേഖനങ്ങളുണ്ട്. ശാസ്ത്രചരിത്രത്തിൽ ആ മാസം ഓരോ ദിവസവും ഉണ്ടായിട്ടുള്ള സംഭവങ്ങൾ, ഇന്നത്തെ ആകാശം, ലൂക്ക ടോക്ക്, പ്രതിമാസക്വിസ്, പസിൽ, കുട്ടിലൂക്ക, കോഴ്സ് ലൂക്ക, ലൂക്കയോടു ചോദിക്കാം എന്നിങ്ങനെ അറിവിന്റെ വിശാലമായ ഒരു ലോകമാണ് ക്യുആർ കോഡ് തുറന്നുതരുന്നത്.

എല്ലാ വീട്ടിലും എല്ലാ ക്ലാസുമുറിയിലും ഉണ്ടാകേണ്ട ഒന്നായി ഇതു കണ്ടപ്പോൾ തോന്നി. ഓരോ ക്ലാസിലും ഓരോ ലൂക്ക കലൻഡർ വാങ്ങി തൂക്കുന്നത് സ്കൂൾ പിടിഎയോ ക്ലാസ് ടീച്ചർമാരോ ബയോളജി അദ്ധ്യാപകരോ ആലോചിക്കണം. സ്വന്തം കുട്ടിയുടെ ക്ലാസിലേക്ക് ഒരു കലൻഡർ രക്ഷിതാക്കൾക്കും വാങ്ങിനല്കാം. പൂർവ്വവിദ്യാർത്ഥികളെയോ നാട്ടിലെ പൊതുക്കാര്യതത്പരരെയോകൊണ്ട് സ്പോൺസർ ചെയ്യിക്കാനും കഴിയും. കലൻഡറിന് നിങ്ങളുടെ നാട്ടിലെ പരിഷത്ത് പ്രവർത്തകരെ ബന്ധപ്പെടാം. അല്ലെങ്കിൽ https://samataproducts.com/…/luca-2025-science-calendar/ എന്ന ലിങ്കിലൂടെ പണമടച്ച് തപാലിൽ വരുത്താം. അയയ്ക്കലിന്റെ ചെലവടക്കം 200 രൂപയേയുള്ളൂ. 50, 100 കോപ്പികൾ ഒന്നിച്ചുവാങ്ങുന്നവർക്ക് വിലക്കുറവും കിട്ടും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments