Thursday, December 26, 2024
Homeകേരളംബാഡ്മിന്റണ്‍ താരമായ ബാലികയ്ക്ക് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പുതുജന്മം.

ബാഡ്മിന്റണ്‍ താരമായ ബാലികയ്ക്ക് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പുതുജന്മം.

ബാഡ്മിന്റണ്‍ കളിക്കാരിയായ ബാലികയ്ക്ക് തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പുതുജന്മം. പാലക്കാട് കോങ്ങാട് സ്വദേശിനിയായ 12 വയസുള്ള ബാലികയാണ്, തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ശിശു ശസ്ത്രക്രിയ വിഭാഗത്തില്‍ അടിയന്തിര ശസ്ത്രക്രിയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. മികച്ച പരിചരണം നല്‍കി കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച മെഡിക്കല്‍ കോളേജിലെ ടീമിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

ജന്മനാ കേള്‍വിക്കുറവുള്ള ബാലിക രണ്ടാഴ്ച മുന്‍പ് നടന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്ത് സമ്മാനം നേടിയിരുന്നു. ടൂര്‍ണമെന്റിന്റെ പിറ്റേന്ന് കുട്ടിക്ക് കലശലായ വയറുവേദനയും വയറില്‍ വീര്‍പ്പും അനുഭവപ്പെട്ടു. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ശിശു ശസ്ത്രക്രിയ വിഭാഗത്തിലെ പരിശോധനയില്‍ കുട്ടിയുടെ ആരോഗ്യനില അപകടകരമാണെന്ന് കണ്ടെത്തി. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.

ഡയഫ്രത്തിന് (വയറിനും നെഞ്ചിനും ഇടയില്‍ ഉള്ള ഭിത്തിയാണ് ഡയഫ്രം) നടുവിലായി കുറച്ചു ഭാഗത്ത് കനം കുറഞ്ഞ് നെഞ്ചിനുള്ളിലേക്ക് തള്ളിനില്‍ക്കുന്ന ഒരു അപാകത കുട്ടിക്ക് ജന്മനാ ഉണ്ടായിരുന്നു. ഡയഫ്രമാറ്റിക് ക്രൂറല്‍ ഇവന്‍ട്രേഷന്‍ എന്ന വളരെ അപൂര്‍വമായി കണ്ടുവരുന്ന രോഗമായിരുന്നു കുട്ടിയുടെ രോഗാവസ്ഥക്ക് കാരണം.

ബാഡ്മിന്റണ്‍ കളിയുടെ സമയത്ത് വയറിനകത്തെ മര്‍ദം കൂടുകയും, തല്‍ഫലമായി, ആമാശയം ഡയഫ്രത്തിലെ കനം കുറഞ്ഞ ഭാഗത്തിലൂടെ നെഞ്ചിനകത്തേക്ക് തള്ളിക്കയറുകയും, അവിടെ വച്ചു, ആമാശയം മടങ്ങി, തടസപ്പെട്ട് വീര്‍ത്ത് ഗ്യാസ്ട്രിക് വോള്‍വുലസ് എന്ന അവസ്ഥ ഉണ്ടാവുകയും ആമാശയം പൊട്ടി കഴിച്ച ഭക്ഷണമെല്ലാം വയറിനകത്ത് ചിതറി കിടക്കുകയുമായിരുന്നു.

ശസ്ത്രക്രിയ സമയത്ത് ഭക്ഷണശകലങ്ങള്‍ എല്ലാം നീക്കി ആമാശയത്തിലെ ദ്വാരം അടച്ചു, പിന്നീട് ഇതു പോലെ വോള്‍വുലസ് ഉണ്ടാകാതിരിക്കാനുള്ള പ്രതിവിധികളും ചെയ്തു.

ഓപ്പറേഷനുശേഷം കുട്ടി രണ്ട് ദിവസം തീവ്ര പരിചരണ യൂണിറ്റിലായിരുന്നു. അതിനുശേഷം ശിശു ശസ്ത്രക്രിയ വാര്‍ഡിലേക്ക് മാറ്റി ചികിത്സ തുടര്‍ന്നു. കുട്ടിയെ കഴിഞ്ഞദിവസം ഡിസ്ചാര്‍ജ് ചെയ്തു. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെയും മറ്റു ജീവനക്കാരുടെയും സമയോചിതമായ ഇടപെടല്‍ മൂലമായിരുന്നു ഈ കുട്ടിയെ രക്ഷിക്കുവാന്‍ സാധിച്ചത്.

ശിശു ശസ്ത്രക്രിയ വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. നിര്‍മ്മല്‍ ഭാസ്‌കറിന്റെ നേതൃത്വത്തില്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ ശശികുമാര്‍, ജൂനിയര്‍ റെസിഡന്റ് ഡോ. ഫിലിപ്‌സ് ജോണ്‍ എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. പിഡിയാട്രിക് സര്‍ജറി ഹൗസ് സര്‍ജന്‍ ഡോ അതുല്‍ കൃഷ്ണ ചികിത്സയില്‍ സഹായിച്ചു. അതോടൊപ്പം, അനസ്‌തേഷ്യ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ സുധീര്‍ എന്‍, ഡോ ഇഷിത, ഡോ അഞ്ജന, ഡോ അര്‍പ്പിത, ഡോ സംഗീത, ഡോ.അമൃത, അനസ്‌തേഷ്യ ഐസിയുവിന്റെ ചുമതലയുള്ള പ്രൊഫസര്‍ ഡോ. ഷാജി കെആര്‍, ശിശുരോഗവിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ. അജിത്കുമാര്‍, സീനിയര്‍ റെസിഡന്റ് ഡോ. നൂന കെകെ, ജൂനിയര്‍ റെസിഡന്റ് ഡോ. സതീഷ്, പിഡിയാട്രിക് മെഡിസിന്‍ ഹൗസ് സര്‍ജന്‍ ഡോ ജിതിന്‍; എമര്‍ജന്‍സി ഓപ്പറേഷന്‍ തിയറ്റര്‍ സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍ മിനി പി ശ്രീധരന്റെ നേതൃത്വത്തില്‍ നഴ്‌സിംഗ് ഓഫീസമാരായ രമ്യ പിപി, റിന്‍കുമാരി സിഐ, ശിശു ശസ്ത്രക്രിയ വിഭാഗം വാര്‍ഡ് സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍ ശ്രീദേവി ശിവന്റെ നേതൃത്വത്തില്‍ നഴ്‌സിംഗ് ഓഫീസര്‍മാരായ സീന ജോസഫ്, അക്ഷയ നാരായണന്‍, ലേഖ ടിസി, ജോളി ദേവസി, ലിജി ഡേവിസ്, സൗമ്യ എ, നീതു രാജന്‍, അഞ്ജന ബി, എന്നിവര്‍ ചികില്‍സയുടെ ഭാഗമായിരുന്നു.

തൃശൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അശോകന്‍ എന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സനല്‍ കുമാര്‍, സൂപ്രണ്ട് ഡോ. രാധിക, ഡെപ്യൂട്ടി സുപ്രണ്ട് ഡോ. സന്തോഷ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments