Wednesday, December 25, 2024
Homeകേരളംപ്രവാസികള്‍ക്ക് നാട്ടില്‍ ജോലി; നോര്‍ക്ക റൂട്ട്സ്-നെയിം സ്കീമില്‍ എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു.

പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി; നോര്‍ക്ക റൂട്ട്സ്-നെയിം സ്കീമില്‍ എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് അഥവ നെയിം (NAME) പദ്ധതിയില്‍ എംപ്ലോയർ കാറ്റഗറിയിൽ രജിസ്റ്റർ ചെയ്യുന്നതിന് താല്‍പര്യമുളള സംസ്ഥാനത്തെ വ്യവസായ വാണിജ്യ സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. തിരിച്ചെത്തിയ പ്രവാസി കേരളീയര്‍ക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണ് നെയിം. നോര്‍ക്ക റൂട്ട്സ് ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും തിരഞ്ഞെടുക്കുന്ന പ്രവാസികേരളീയരെ നിയമിക്കുന്ന തൊഴിലുടമയ്ക്ക് (എംപ്ലോയർ) പ്രതിവര്‍ഷം പരമാവധി 100 തൊഴില്‍ദിനങ്ങളിലെ ശമ്പളവിഹിതം (വേജ് കോമ്പന്‍സേഷന്‍) പദ്ധതിവഴി ലഭിക്കും.

സഹകരണ സ്ഥാപനങ്ങള്‍, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് (ഇഎസ്ഐ), എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് (ഇപിഎഫ്), ഉദ്യം, രജിസ്ട്രേഷനുളള സ്വകാര്യ/പബ്ലിക് ലിമിറ്റഡ്/ എല്‍.എല്‍.പി കമ്പനികൾ, അംഗീകൃത സ്റ്റാർട്ടപ്പുകള്‍ എന്നിവയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. ഓട്ടോമൊബൈൽ, കൺസ്ട്രക്ഷൻ, ഹോസ്പിറ്റാലിറ്റി മേഖലകളിലെ സംരംഭംങ്ങള്‍ക്കാണ് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം. അപേക്ഷാഫോറത്തിനും വിശദവിവരങ്ങൾക്കും www.norkaroots.org വെബ്‌സൈറ്റ് സന്ദർശിക്കുകയോ 0471-2770523 എന്ന ഫോൺ നമ്പറിൽ (പ്രവ്യത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

ദിവസവേതനത്തിന്റെ 50 ശതമാനം അല്ലെങ്കില്‍ പരമാവധി 400 രൂപ, ഇതിൽ ഏതാണോ കുറവ് അതാണ് ശമ്പളവിഹിതമായി തൊഴിലുടമയ്ക്ക് ലഭിക്കുക. ഇക്കാര്യത്തില്‍ നിബന്ധനകളും വ്യവസ്ഥകളും ബാധകമാണ്. ഒരു സ്ഥാപനത്തിന് പരമാവധി 50 പേരെ വരെ ശമ്പളവിഹിതം ലഭ്യമാക്കി നെയിം പദ്ധതിപ്രകാരം നിയമിക്കാനാകും.

പ്രവാസികളുടെ തൊഴില്‍ നൈപുണ്യവും അനുഭവപരിചയവും സംരംഭങ്ങൾക്ക് പ്രയോജനകരമാകുന്നതിനൊപ്പം തിരികെ എത്തിയ പ്രവാസികൾക്ക് കൂടുതൽ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. പ്രവാസി പുനരധിവാസത്തിനായുളള നോർക്കാ റൂട്ട്സിന്റെ എന്‍.ഡി.പി.ആര്‍.ഇ.എം, പ്രവാസി ഭദ്രത എന്നീ സംരംഭകത്വ വികസന പദ്ധതികള്‍ക്കു പുറമേയാണ് നെയിം പദ്ധതി നടപ്പിലാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments