ഭക്ഷ്യ കിറ്റ് വിവാദത്തിൽ വയനാട് മേപ്പാടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം. മേപ്പാടി പഞ്ചായത്ത് ഓഫീസ് വളഞ്ഞാണ് പ്രവർത്തകരുടെ പ്രതിഷേധം. പഞ്ചായത്ത് ഓഫീസിന് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തി. ടി സിദ്ധിഖ് എംഎൽഎയും പഞ്ചായത്തും ചൂരൽമലയിലെ മനുഷ്യരെ കൊല്ലുന്നു എന്ന് ആരോപിച്ചാണ് സമരം. ഇന്ന് ഉച്ചവരെയാണ് സമരം.
ഉപതെരഞ്ഞെടുപ്പ് കൊട്ടിക്കലാശം കൂടി നടക്കുന്ന സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ പ്രതിഷേധം കടുപ്പിച്ചിരിക്കുന്നത്. രാവിലെ ഏഴു മണിയോടെയാണ് പ്രതിഷേധം ആരംഭിച്ചത്. കൂടുതൽ പ്രവർത്തകർ സമരസ്ഥലത്തേക്ക് എത്തും. വയനാട്ടിലെ ദുരന്ത ബാധിതർക്ക് നൽകിയ ഭക്ഷ്യ കിറ്റിലെ വസ്തുക്കൾ പുഴുവരിച്ച നിലയിലും കാലാവധി കഴിഞ്ഞതുമാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് വിവാദം ആഞ്ഞടിച്ചത്. കൂടാതെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റതം വിവാദത്തിന് ചൂട് കൂട്ടി.
എന്നാൽ ഭക്ഷ്യ കിറ്റി വിവാദത്തിൽ പരസ്പരം പഴി ചാരുകയാണ് സർക്കാരും കോൺഗ്രസ്. റവന്യു വകുപ്പ് വിതരണത്തിനായി നൽകിയ ഭക്ഷ്യ കിറ്റിലാണ് ഇത്തരത്തിൽ ഉപയോഗശൂന്യമായവ എത്തിയതെന്നാണ് കോൺഗ്രസ് ആരോപണം. എന്നാൽ പഞ്ചായത്ത് നൽകിയ കിറ്റാണെന്നാണ് എൽഡിഎഫ് ഉയർത്തുന്ന വാദം. മേപ്പാടി പഞ്ചായത്തിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്തെത്തിയിരുന്നു. പാവപ്പെട്ടവരെ സഹായിക്കലാണോ, എന്തെങ്കിലും ചെയ്യുന്നു എന്ന് വരുത്തി തീർത്ത് അതിന്റെ മേന്മ നേടുന്നതിനാണോ എന്നാണ് മേപ്പാടി പഞ്ചായത്തിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രിയുടെ ചോദ്യം.