ഈ മാസം 12 മുതൽ ജനുവരി 28 വരെ എല്ലാ ചൊവ്വാഴ്ചയും തിരുവനന്തപുരം നോർത്തിൽ നിന്നും പുറപ്പെട്ട് ബാംഗ്ലൂർ വരെ പോയി തിരികെ എത്തുന്ന ശബരി പ്രതിവാര സ്പെഷ്യലിന് ഏറ്റുമാനൂർ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു.
ബാംഗ്ലൂരിലേക്കുള്ള യാത്രയിൽ ഏറ്റുമാനൂർ സ്റ്റേഷനിൽ ചൊവ്വാഴ്ച രാത്രി 09.17 ന് ഈ ട്രെയിൻ എത്തിച്ചേരും.
തിരികെ ബാംഗ്ലൂരിൽ നിന്ന് ഈ കാലയളവിൽ എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് 12.45 ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 06.45 ന് തിരുവനന്തപുരം നോർത്ത് സ്റ്റേഷനിൽ എത്തുന്ന ട്രെയിൻ വ്യാഴാഴ്ച പുലർച്ചെ 02.20ന് ഏറ്റുമാനൂരിൽ എത്തും.
ശബരി സ്പെഷ്യൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റുമാനൂർ പാസഞ്ചേഴ്സ് അസോസിയേഷൻ – ഫ്രണ്ട്‌സ് ഓൺ റെയിൽസ് നിരവധി നിവേദനങ്ങൾ നൽകിയിരുന്നു. മണ്ഡല കാലത്ത് ഏറ്റുമാനൂർ ക്ഷേത്രത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് കൂടുതൽ ശബരി സ്പെഷ്യൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് പരിഗണിക്കണമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യനെ സന്ദർശിച്ച് ഫ്രണ്ട്‌സ് ഓൺ റെയിൽസ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് കുമാർ നിവേദനം നൽകിയിരുന്നു.