Tuesday, November 5, 2024
Homeകേരളംജാതി നിർണയിക്കാനുള്ള അന്വേഷണത്തിന് പി.എസ്.സിക്ക് അധികാരമില്ല; കേരള ഹൈക്കോടതി.

ജാതി നിർണയിക്കാനുള്ള അന്വേഷണത്തിന് പി.എസ്.സിക്ക് അധികാരമില്ല; കേരള ഹൈക്കോടതി.

ഉദ്യോഗാർത്ഥിയുടെ ജാതിയിൽ സംശയം തോന്നിയാൽ അന്വേഷണം നടത്താൻ പി.എസ്.സിക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ വ്യക്തത തേടി റവന്യൂ വകുപ്പിനെ സമീപിക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി.എം. മനോജ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
നാടാർ വിഭാഗത്തിനായി നീക്കിവച്ച ഫയർമാൻ തസ്തികയിലേക്കുള്ള നിയമനം മതം മാറിയെന്ന പേരിൽ നിഷേധിച്ച പി.എസ്.സി നടപടിയെ ചോദ്യം ചെയ്ത് തിരുവനന്തപുരം സ്വദേശി എസ്.പി. അനു നൽകിയ ഹർജിയാണ് കോടതി പരിശോധിച്ചത്.

ഹർജിക്കാരന് 2015ൽ ജയിൽ വാർ‌ഡറായി നിയമനം ലഭിച്ചിരുന്നു. പിന്നീട് ഫയർമാനായി നിയമനം കിട്ടി. ഇതിന് പിന്നാലെ, ജാതിയിൽ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് പി.എസ്.സി കാരണം കാണിക്കൽ നോട്ടീസ് നൽകി. അപേക്ഷ അയച്ചതിന് പിന്നാലെ ഹർജിക്കാരൻ ക്രിസ്തുമതത്തിലേക്ക് മാറിയെന്നും പിന്നീട് ഹിന്ദു നാടാർ വിഭാഗത്തിലേക്ക് തിരിച്ചെത്തിയെന്നുമായിരുന്നു പി.എസ്.സിയുടെ ആരോപണം.
അഡ്വൈസ് മെമ്മോ റദ്ദാക്കിയ പി.എസ്.സി, ഹർജിക്കാരൻ തുടർന്ന് ജോലിക്ക് അപേക്ഷ നൽകുന്നത് വിലക്കുകയും ചെയ്തു. പി.എസ്.സിയുടെ ഉത്തരവ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ശരിവച്ചു. ക്രിസ്ത്യൻ വിഭാഗത്തിലുള്ള സ്ത്രീയെ ഹർജിക്കാരൻ 2013ൽ വിവാഹം കഴിച്ചുവെന്നതടക്കം കണക്കിലെടുത്തായിരുന്നു ട്രൈബ്യൂണലിന്റെ ഉത്തരവ്. 2014ൽ ഹർജിക്കാരൻ ആര്യസമാജം വഴി ഹിന്ദുമതം സ്വീകരിച്ചെന്ന വിജ്ഞാപനവും കണക്കിലെടുത്തു.

താൻ മതം മാറിയിട്ടില്ലെന്നും ക്രിസ്ത്യൻ യുവതിയെ വിവാഹം കഴിച്ചതിന്റെ ചടങ്ങാണ് പള്ളിയിൽ നടന്നതെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. ജാതി സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകിയപ്പോൾ വില്ലേജ് ഓഫീസറാണ് ആര്യസമാജത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റും വിജ്ഞാപനവും ആവശ്യപ്പെട്ടത്. എസ്.എസ്.എൽ.സിയടക്കമുള്ള സർട്ടിഫിക്കറ്റിൽ ഹിന്ദു നാടാർ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും വാദിച്ചു.

വിജ്ഞാപനം തന്നെ മതംമാറ്റത്തിന് തെളിവായതിനാൽ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നും തീരുമാനത്തിൽ തെറ്റില്ലെന്നുമായിരുന്നു പി.എസ്.സിയുടെ വാദം.
ഇക്കാര്യത്തിൽ അന്വേഷണം നടത്തേണ്ടത് ജാതി സർഫിക്കറ്റ് നൽകിയ റവന്യൂ വകുപ്പാണെന്ന് കോടതി വിലയിരുത്തി. വിഷയം റവന്യൂ അധികാരികളെ അറിയിക്കുകയാണ് പി.എസ്.സി ചെയ്യേണ്ടത്. പി.എസ്.സി.യുടെ നടപടികൾ റദ്ദാക്കുകയും ചെയ്തു. എന്നാൽ ഹർജിക്കാരന്റെ ജാതി നിർണയത്തിനായി വിഷയം ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറുന്നതിന് ഉത്തരവ് തടസമല്ലെന്നും കോടതി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments