Friday, December 27, 2024
Homeകേരളംഡിസിസി നൽകിയ കത്തിന്റെ രണ്ടാം പേജും പുറത്തു വന്നതോടെ കോൺഗ്രസ് അങ്കലാപ്പിൽ.

ഡിസിസി നൽകിയ കത്തിന്റെ രണ്ടാം പേജും പുറത്തു വന്നതോടെ കോൺഗ്രസ് അങ്കലാപ്പിൽ.

പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കണം എന്നാവശ്യപ്പെടുന്ന ഡിസിസി Congress പ്രസിഡന്റിന്റെ കത്ത് പുറത്തായതിന്റെ അങ്കലാപ്പിലാണ് യുഡിഎഫ്.

ഉപതിരഞ്ഞെടുപ്പിൽ മുൻ കെപിസിസി പ്രസിഡന്റ് കെ മുരളീധരനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി നൽകിയ കത്തിന്റെ രണ്ടാം പേജും ഇന്ന്പുറത്ത് വന്നു.

എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനും കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ക്കും അയച്ച കത്തിൻ്റെ രണ്ടാം പേജാണ് പുറത്തുവന്നത്.

കത്തിൽ ഒപ്പുവച്ച നേതാക്കളുടെ പേരുവിവരങ്ങൾ ഉൾപ്പെടുന്ന പേജാണ് ഇപ്പോൾ പുറത്തുവന്നത്. ജില്ലയിൽ നിന്നുള്ള മുതിർന്ന അഞ്ച് നേതാക്കളാണ് കത്തിൽ ഒപ്പുവച്ചിരിക്കുന്നത്.

ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ ദേശീയ നേതൃത്വത്തിന് അയച്ച കത്താണ് ഇത്. സീറ്റ് നിലനിർത്താൻ മുരളീധരൻ യോഗ്യനാണ് എന്നാണ് കത്തിൽ പറഞ്ഞിരുന്നത്. കത്ത് പുറത്ത് വന്നതോടുകൂടി കോൺഗ്രസ് പാളയത്തിൽ വീണ്ടും പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്.

ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷന് പുറമേ, മൂന്ന് മുൻ ഡിസിസി പ്രസിഡന്റുമാരും ഒരു വനിതാ നേതാവുമാണ് കത്തിൽ ഒപ്പുവച്ചിരിക്കുന്നത്. വികെ ശ്രീകണ്ഠൻ എംപി, മുൻ എംപി വിഎസ് വിജയരാഘവൻ, കെപിസിസി നിർവാഹക സമിതി അംഗം സിവി ബാലചന്ദ്രൻ എന്നിവരാണ് കത്തിൽ ഒപ്പുവച്ച മുൻ ഡിസിസി അദ്ധ്യക്ഷന്മാർ. കെപിസിസി ജനറൽ സെക്രട്ടറി പ്രൊഫസർ കെഎ തുളസിയും കത്തിൽ ഒപ്പുവച്ചിട്ടുണ്ട്.

പാലക്കാട് ബിജെപിയുടെ വിജയം തടയാനും കേരളത്തിൽ അവരുടെ മുന്നോട്ടുള്ള പോക്കിന് തടയിടാനും കരുത്തനായ ഒരു സ്ഥാനാർത്ഥി വേണമെന്നും സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റെയും ഇടതുമനസുള്ളവരുടെയും വോട്ട് നേടാനാവുന്ന ആളാവണമെന്നുമാണ് കത്തിലെ ആവശ്യം.

പാലക്കാട് നിയോജക മണ്ഡലത്തില്‍ താഴേത്തട്ടിലുള്‍പ്പെടെ ജനപിന്തുണ നേടിയെടുക്കാന്‍ മികച്ച സ്ഥാനാര്‍ത്ഥി വേണം. ഇടത് അനുഭാവികളുടെയും വോട്ട് നേടുന്ന സ്ഥാനാര്‍ത്ഥി വന്നാലേ മണ്ഡലത്തില്‍ ജയിക്കാന്‍ കഴിയൂ.മണ്ഡലത്തില്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതില്‍ ഒരു തരത്തിലും പരീക്ഷണം നടത്താന്‍ പറ്റില്ലെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.

ഡി സി സിയുടെ കത്ത് കിട്ടിയിട്ടും രാഹുല്‍ മാങ്കൂട്ടത്തിലിനെയാണ് സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ചത്. ഈ ആവശ്യം ദേശീയ നേതൃത്വം അംഗീകരിച്ചു. പിന്നാലെ പാലക്കാട് ജില്ലയിലെ കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറിയുണ്ടാവുകയും യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഡോ പി സരിനും എകെ ഷാനിബും അടക്കമുള്ളവര്‍ പാര്‍ട്ടി വിടുകയും ചെയ്തു.ഡോ.പി.സരിന്‍ ഇടത് സ്ഥാനാര്‍ത്ഥിയായി. സ്വതന്ത്ര സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ഷാനിബ് മത്സരത്തില്‍ നിന്ന് പിന്മാറി സരിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഷാഫി പറമ്പിലിന്റെ സ്ഥാനാര്‍ത്ഥിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന് ഡോ സരിനുള്‍പ്പെടെ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് കത്ത് പുറത്തു വന്നത്

അതേസമയം, പാർട്ടി നേതൃത്വം സ്ഥാനാർത്ഥിയുടെ കാര്യത്തിൽ തീരുമാനമെടുത്താൽ മറ്റെല്ലാകാര്യങ്ങളും അപ്രസക്തമാണെന്ന നിലപാടാണ് കോൺഗ്രസ് നേതാക്കൾ എടുത്തത്. സ്ഥാനാർത്ഥി പ്രഖ്യാപനം മുതൽ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി സജീവമായി രംഗത്തുള്ള നേതാവാണ് വികെ ശ്രീകണ്‌ഠൻ.

ഇടതുമുന്നണി സ്ഥാനാർത്ഥി പി സരിൻ പ്രതികരിച്ചിട്ടുണ്ട്. ഇനിയും പുറത്തു വരാൻ പലതും ഉണ്ടെന്നും ഇലക്ഷന് മുമ്പേ യുഡിഎഫ് തോൽവി സമ്മതിച്ചുവെന്നും സരിൻ പറഞ്ഞു. തോൽക്കാൻ നിർത്തിയ ഒരു സ്ഥാനാർത്ഥിക്ക് ജനം എന്തിന് വോട്ട് ചെയ്യണമെന്നും സരിൻ ചോദിച്ചു. തോൽക്കാൻ വേണ്ടി ഒരു സ്ഥാനാർഥിയെ നിർത്തുന്നു എന്നാണ് യുഡിഎഫ് വോട്ടർമാരോട് പറയുന്നത്. പാർട്ടിക്കും മുന്നണിക്കും ആത്മവിശ്വാസം നൽകാത്ത ഒരു സ്ഥാനാർഥിയെ ആണ് യുഡിഎഫ് കൊണ്ടു നടക്കുന്നതെന്നും സരിൻ പറഞ്ഞു.

എന്നാല്‍, ലെറ്റർ ബോംബ് നിർവീര്യമായെന്നും കത്ത് പുറത്ത് വന്നത് തന്‍റെ വിജയം തടയില്ലെന്നുമാണ് രാഹുൽ മാങ്കൂട്ടത്തില്‍ പറഞ്ഞത്. കെ മുരളീധരൻ കേരളത്തിൽ എവിടെയും നിർത്താവുന്ന മികച്ച സ്ഥാനാർത്ഥിയാണ്. രാഹുൽ മാങ്കൂട്ടത്തിൽ പോരെന്ന് കത്തിൽ പറയുന്നില്ല. കത്ത് കൊടുത്ത ഡിസിസി പ്രസിഡണ്ട്‌ തന്നോടൊപ്പം പ്രചാരണത്തിൽ സജീവമാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.

കത്ത് തന്നെയോ പ്രതിപക്ഷ നേതാവിനെയോ ലക്ഷ്യം വെച്ചാണെന്ന് കരുതുന്നില്ല. യുഡിഎഫ് ക്യാമ്പിന് കത്ത് യാതൊരു വിധത്തിലുള്ള അലോസരവും ഉണ്ടാക്കുന്നില്ല. തെരഞ്ഞെടുപ്പിന് മുൻപ് പല പേരുകളും കമ്മിറ്റികൾ നൽകാറുണ്ട്. മുരളീധരൻ വേണമെന്ന് ആഗ്രഹിക്കുന്നവർ കത്ത് പുറത്ത് കൊടുത്തിട്ടുണ്ടാകാം. അവരും ചിലരും ചേർന്നുള്ള കൂട്ടുകെട്ട് ഇപ്പോൾ പുറത്ത് വിട്ടതാകാമെന്നും രാഹുൽ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments