Sunday, October 27, 2024
Homeകേരളംവസ്ത്രങ്ങള്‍ വെളളത്തില്‍ ഉപേക്ഷിക്കുന്നത് ആചാരത്തിന്റെ ഭാഗമല്ല; ബോധവത്കരണത്തിനൊരുങ്ങി ദേവസ്വം.

വസ്ത്രങ്ങള്‍ വെളളത്തില്‍ ഉപേക്ഷിക്കുന്നത് ആചാരത്തിന്റെ ഭാഗമല്ല; ബോധവത്കരണത്തിനൊരുങ്ങി ദേവസ്വം.

കോട്ടയം: ഈ സീസണിലെ ശബരിമല തീര്‍ഥാടനം കുറ്റമറ്റതാക്കാന്‍ സര്‍ക്കാര്‍ എല്ലാ മുന്നൊരുക്കങ്ങളും നേരത്തേതന്നെ തുടങ്ങിയതായി ദേവസ്വം-സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിലെ ഒരുക്കങ്ങള്‍ സംബന്ധിച്ചു എരുമേലി ദേവസ്വം ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു മന്ത്രി.കഴിഞ്ഞ കാലങ്ങളിലുണ്ടായ ചെറിയ പോരായ്മകള്‍ പരിഹരിക്കുന്നതിന് വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുള്ള കൂട്ടായ പരിശ്രമങ്ങളാണ് നടക്കുന്നത്. വസ്ത്രങ്ങള്‍ ജലാശയങ്ങളില്‍ ഉപേക്ഷിക്കുന്നത് ആചാരത്തിന്റെ ഭാഗമല്ലെന്ന് ബോധ്യപ്പെടുത്താനുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടപ്പാക്കും.

29-ന് പമ്പയില്‍ ശബരിമല മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട യോഗം നടക്കും. അതിനുശേഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അന്തിമയോഗം നടക്കും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ പ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട യോഗങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ശബരിമല ക്ഷേത്രത്തിന്റെ കവാടമായി മാത്രമല്ല മതസൗഹാര്‍ദത്തിന്റെ മകുടോദാഹരണമായുമാണ് എരുമേലിയെ സംസ്ഥാന സര്‍ക്കാര്‍ കാണുന്നതെന്നും കാണുന്നതെന്നും മന്ത്രി പറഞ്ഞു.
എരുമേലിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി പാര്‍ക്കിങ് സൗകര്യം വിപുലീകരിക്കും. ഇതിനായി എരുമേലിയില്‍ ഭവനനിര്‍മാണ ബോര്‍ഡിന്റെ കീഴിലുള്ള ആറരയേക്കര്‍ സ്ഥലം ശുചിമുറി സൗകര്യങ്ങള്‍ അടക്കമുള്ളവ സജ്ജമാക്കി നല്‍കാമെന്ന് റവന്യൂവകുപ്പ് അറിയിച്ചിട്ടുണ്ടെന്നു മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു..

മടങ്ങിപ്പോകുന്ന തീര്‍ഥാടകര്‍ അപകടങ്ങളില്‍പ്പെടുന്നത് ഒഴിവാക്കാന്‍ ജില്ലയില്‍ പലയിടങ്ങളിലും പോലീസിന്റെ നേതൃത്വത്തില്‍ വിശ്രമകേന്ദ്രങ്ങളും കാപ്പിയും ചെറുപലഹാരങ്ങളും നല്‍കാന്‍ സംവിധാനം ഒരുക്കും.
തീര്‍ഥാടകര്‍ക്ക് പാമ്പുകടിയേല്‍ക്കുന്ന സാഹചര്യം കണക്കിലെടുത്ത് എല്ലാ ആതുരാലയങ്ങളിലും മതിയായ ആന്റി വെനം കരുതാന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സീസണില്‍ 100 ഡോക്ടര്‍മാരുടെ സേവനം ശബരിമല സേവനത്തിന് നല്‍കാമെന്ന് ഡോക്ടര്‍മാരുടെ സന്നദ്ധ സംഘടന അറിയിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡുമായി ആലോചിച്ച് ഇതിനുവേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് എരുമേലിയില്‍ കൂടുതല്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ ഏര്‍പ്പാടാക്കും.
എരുമേലിയിലെ മാലിന്യസംസ്‌കരണത്തിന് തദ്ദേശ സ്വയംഭരണവകുപ്പും ശുചിത്വമിഷനും പദ്ധതികള്‍ നടപ്പാക്കും.

സെപ്റ്റിക് ടാങ്ക് മാലിന്യസംസ്‌കരണത്തിനായി സജ്ജമാക്കിയിട്ടുള്ള ചങ്ങനാശേരി നഗരസഭയിലെ മൊബൈല്‍ സെപ്റ്റിക് മാലിന്യസംസ്‌കരണ യൂണിറ്റ് തീര്‍ഥാടനകാലത്ത് എരുമേലിക്കു ലഭ്യമാക്കും. ലഹരിപദാര്‍ഥങ്ങള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുന്നതിന്റെ ഭാഗമായി എക്സൈസ് -പോലീസ് വകുപ്പിന്റെ പരിശോധനകള്‍ ശക്തമാക്കും.
തീര്‍ഥാടകര്‍ക്ക് 24 മണിക്കൂറും കുടിവെള്ളം ഉറപ്പാക്കും
ശബരിമല ഇടത്താവളങ്ങളില്‍ എത്തുന്ന തീര്‍ഥാടകരുടെ വാഹനങ്ങളുടെ എണ്ണവും തോതും കണക്കിലെടുത്ത് ഗതാഗത പ്രശ്നങ്ങളുണ്ടാക്കുന്നത് ഒഴിവാക്കാന്‍ ജില്ലാ പോലീസ് മേധാവി പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിക്കും. കെ.എസ്.ആര്‍.ടി.സി. എരുമേലി ഡിപ്പോയില്‍ നിന്നുള്ള ശബരിമല സര്‍വീസുകളുടെ എണ്ണം 20 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്. മണ്ഡലകാലം ആരംഭിക്കുംമുമ്പ് തന്നെ ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിട്ടുണ്ട്.

യോഗത്തില്‍ അഡ്വ. സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ എം.എല്‍.എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, റവന്യൂ ദേവസ്വം സ്‌പെഷല്‍ സെക്രട്ടറി ടി.വി. അനുപമ, ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, ജില്ലാ പൊലീസ് മേധാവി എ. ഷാഹുല്‍ ഹമീദ്, സബ് കളക്ടര്‍ ഡി. രഞ്ജിത്ത്, കാഞ്ഞിരപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രജീഷ്, വൈസ് പ്രസിഡന്റ് ടി.എസ്. കൃഷ്്ണകുമാര്‍, ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരന്‍, ദേവസ്വം ബോര്‍ഡ്് അംഗം ജി. സുന്ദരേശന്‍, ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ ശ്രീധരശര്‍മ, ദേവസ്വം ചീഫ് എന്‍ജിനീയര്‍ രഞ്ജിത്ത് കെ. ശേഖര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments