Friday, January 10, 2025
Homeകേരളംഉമ്മാന്റെ മയ്യിത്ത് നിസ്‌കരിച്ച്‌ നൊമ്പരപ്പരീക്ഷയെഴുതി ശബാബിന്‍ സാദത്.

ഉമ്മാന്റെ മയ്യിത്ത് നിസ്‌കരിച്ച്‌ നൊമ്പരപ്പരീക്ഷയെഴുതി ശബാബിന്‍ സാദത്.

മഞ്ചേരി: സലാം ചൊല്ലി സ്‌കൂളിലേക്ക് ഇറങ്ങുമ്പോള്‍ അവന് ഉമ്മച്ചി മുത്തം നല്‍കാറുണ്ട്. ജീവിതത്തില്‍ ഏറ്റവും വിലപ്പെട്ട ഒന്നായിരുന്നു അത്. പക്ഷെ, ഇന്നലെ പരീക്ഷക്ക് ഇറങ്ങുമ്പോള്‍ മഞ്ചേരി വട്ടപ്പാറയിലെ ജുമുഅത്ത് പള്ളിയിലെ ഒന്നാം നിരയില്‍ വെള്ളപുതച്ച് കിടക്കുകയായിരുന്നു ഉമ്മച്ചി. വര്‍ഷങ്ങളായി തന്നെ ചേര്‍ത്തുപിടിച്ച് മുത്തം നല്‍കിയ തന്റെ ജീവന് അവസാന മുത്തം നല്‍കിയാണ് അവന്‍ പത്താംതരം പരീക്ഷ എഴുതാന്‍ സ്‌കൂളില്‍ പോയത്.

മാതാവിന്റെ അന്ത്യകര്‍മങ്ങള്‍ക്കിടയില്‍ നിന്നാണ് ശബാബിന്‍ സാദത്ത് പത്താം തരം പരീക്ഷ എഴുതാന്‍ സ്‌കൂളിലേക്ക് പുറപ്പെട്ടത്. മഞ്ചേരി വട്ടപ്പാറ ജുമുഅത്ത് പള്ളിയില്‍ ഈ കാഴ്ച കണ്ടുനിന്നവരുടെ കണ്ണുനിറഞ്ഞു, കണ്ഠമിടറി. പ്രസവത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് മാതാവ് രഹന വിടപറഞ്ഞത്.

ഒന്‍പത് മാസം ഗര്‍ഭിണിയായ രഹനയെ വ്യാഴാഴ്ച ഉച്ചക്ക് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പരിശോധനയ്ക്ക് കൊണ്ടുപോയിരുന്നു. ആശുപത്രിയില്‍ നിന്നും തളര്‍ച്ച അനുഭവപ്പെട്ടു. ഉടന്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. ഉച്ചക്ക് ശസ്ത്രക്രിയയിലുടെ കുട്ടിയെ പുറത്തെടുത്തു. രഹന പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

തനിക്കൊരു കുഞ്ഞനിയത്തി പിറന്ന സന്തോഷത്തിലായിരുന്നു ശബാബിന്‍ സാദത്ത്. പക്ഷെ, ആ സന്തോഷത്തിന് മണിക്കൂറുകളുടെ ആയുസ് മാത്രമാണുണ്ടായിരുന്നത്. വൈകീട്ട് ആറോടെ ഹൃദയാഘാതം അനുഭവപ്പെട്ട് മാതാവ് മരണപ്പെടുകയായിരുന്നു. ഇന്നലെ രാവിലെ 9.30ന് ആയിരുന്നു മാതാവിന്റെ കബറടക്ക ചടങ്ങുകള്‍. ഇതേ സമയം പത്താം തരം ഫിസിക്‌സ് പരീക്ഷയും.

പഠിക്കാന്‍ മിടുക്കനായ ശബാബിന്‍ ഉമ്മയുടെ യാത്രയയപ്പ് പൂര്‍ണമാകാതെ പരീക്ഷ എഴുതാനില്ലെന്ന് ഉറപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ യാഷിഖ് മേച്ചേരിയും മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസിലെ അധ്യാപകരും അവനെ ചേര്‍ത്തുനിര്‍ത്തി പരീക്ഷ എഴുതാനുള്ള ആത്മധൈര്യം പകര്‍ന്നു. വീട്ടില്‍ നിന്ന് ഉമ്മച്ചിയുടെ മയ്യിത്തുമായി പള്ളിയിലേക്ക് യാത്രയാകുമ്പോള്‍ അവന്റെയുള്ളില്‍ രണ്ട് മുഖങ്ങളായിരുന്നു.

അന്ത്യയാത്ര പോകുന്ന ഉമ്മച്ചിയും തനിക്ക് കൂട്ടായി ഉമ്മച്ചി സമ്മാനിച്ച കുഞ്ഞനിയത്തിയും. മയ്യിത്ത് നിസ്‌കാരം കഴിഞ്ഞപ്പോഴേക്കും പരീക്ഷക്കുള്ള സമയം ആയിരുന്നു. പള്ളിയിലെ മുന്‍നിരയില്‍ ഉമ്മച്ചിയുടെ പൂമുഖത്ത് അവന്‍ പലതവണ മുത്തം നല്‍കി. അവസാനമായി സലാം ചൊല്ലി പള്ളിയില്‍ നിന്ന് ഹൃദയം നുറുങ്ങുന്ന വേദനയോടെ സ്‌കൂളിലേക്ക് ഇറങ്ങി.

പരീക്ഷ ഹാളില്‍ അവന്റെ ഉള്ളം നിറയെ ഉമ്മച്ചിയായിരുന്നു. പരീക്ഷാ ഹാളില്‍ നിന്ന് അവന്‍ നേരെ പോയത് ഉമ്മയെ തിരഞ്ഞ് പള്ളിപ്പറമ്പിലേക്കായിരുന്നു. അവിടെയെത്തിയപ്പോള്‍ അവന്റെ ഉള്ളൊന്ന് പിടഞ്ഞു. അവനെ ചേര്‍ത്തുനിര്‍ത്തി സ്‌നേഹം പകര്‍ന്ന ഉമ്മച്ചിയാണ് ആ പച്ച മണ്ണില്‍ ഉറങ്ങുന്നത്. ഉള്ളം മുഴുവന്‍ ഉമ്മച്ചിക്കുള്ള പ്രാര്‍ത്ഥനയില്‍ നനഞ്ഞു. തമ്പുരാന്റെ സുബര്‍ക്കത്തണുപ്പാല്‍ അവരെ പൊതിയണേ എന്നൊരു പ്രാര്‍ത്ഥന. പിന്നെ അവര്‍ക്കൊപ്പം തന്നേയും കൂടി ചേര്‍ത്തു വെക്കണേ എന്നും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments