കിളിമാനൂർ: കഞ്ചാവ് കേസിൽ അറസ്റ്റിലിരിക്കെ കിളിമാനൂർ എക്സൈസ് ഓഫിസിൽനിന്ന് കൈവിലങ്ങുമായി ചാടിപ്പോയ പ്രതിയെ പൊലീസ് പിടികൂടി.അടയമൺ കൊപ്പം പണ്ടകശാല വീട്ടിൽ വാടകക്ക് താമസിക്കുന്ന നഗരൂർ സ്വദേശി അഭിലാഷാണ് (30) അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കിളിമാനൂർ എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ 2.200 കി.ഗ്രാം കഞ്ചാവും അനധികൃതമായി കൈവശം വെച്ച ചാരായവും സഹിതം ഇയാളെ വീട്ടിൽനിന്ന് തിങ്കളാഴ്ച പുലർച്ചയാണ് പിടികൂടിയത്.രാത്രിയോടെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാനുള്ള നടപടികൾ പുരോഗമിക്കവെ പ്രതി ശുചിമുറിയിൽ പോകണമെന്ന് അറിയിച്ചു. തുടർന്ന് ഇയാൾ എക്സൈസ് ഗാർഡിനെ തള്ളിയിട്ടശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.
തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പകലും തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ പിടികൂടാനായില്ല. ബുധനാഴ്ച നഗരൂരിലെ വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.ഇയാളുടെ കൈയിൽ ഉണ്ടായിരുന്ന വിലങ്ങ് പുതിയകാവ് ക്ഷേത്രത്തിന് സമീപത്തെ ട്രാൻസ്ഫോർമന്റെ ചുവട്ടിൽനിന്ന് ചൊവ്വാഴ്ച രാവിലെ നാട്ടുകാർ കണ്ടെത്തിയിരുന്നു.