കണ്ണൂർ: അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം.) കെ. നവീൻബാബുവിന്റെ മരണത്തില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയ്ക്കെതിരെ കേസെടുക്കും. ദിവ്യയെ കേസില്‍ പ്രതി ചേർക്കാനാണ് പൊലീസിന്റെ തീരുമാനം. ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താമെന്ന നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്ത് മുന്നോട്ടുപോകാൻ പൊലീസ് തീരുമാനിച്ചത്.
സ്ഥലംമാറ്റം കിട്ടിയ നവീൻബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ അധികാരത്തിൻ്റെ ഹുങ്കിൽ ക്ഷണിക്കാതെ കടന്നു വന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അദ്ദേഹത്തെ ആക്ഷേപിച്ച് സംസാരിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് നവീൻ ബോബുവിന്റെ ആത്മഹത്യയെന്നാണ് ആരോപണം.
പത്തുവര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരിക്കും ദിവ്യക്കെതിരെ കേസെടുക്കുക.
ക്ഷണമില്ലാതിരുന്നിട്ടും യോഗത്തില്‍ പങ്കെടുക്കാനെത്തിയ സി പി എം ജില്ലാ നേതാവ് കൂടിയായ പി.പി. ദിവ്യ നവീൻ ബാബുവിനെതിരേ അഴിമതിയാരോപണം ഉന്നയിച്ചു.
നവീന്‍റെ മരണത്തില്‍ കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി നല്‍കിയിട്ടും ഇതുവരെ പൊലീസ് കേസെടുത്തില്ലെന്ന് കുടുംബം ഇന്നലെ ആരോപിച്ചിരുന്നു. കേസെടുക്കാത്തത്തില്‍ ഇന്നലെ കണ്ണൂരിലും ശക്തമായ ജനരോഷം ഉയർന്നിരുന്നു.
വിമര്‍ശനം ശക്തമാകുന്നതിനിടെയാണിപ്പോള്‍ ഇത്തരമൊരു തീരുമാനമുണ്ടാകുന്നത്.നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്ന് റവന്യൂ മന്ത്രി തന്നെ സാക്ഷ്യപ്പെടുത്തിയിരുന്നു.