കണ്ണൂർ: രാജ്യത്തെ ആദ്യത്തെ സൂപ്പർ കപ്പാസിറ്റർ ഉത്പാദനകേന്ദ്രം കണ്ണൂർ കെൽട്രോണിൽ സജ്ജമായി. 42 കോടി രൂപ ചെലവുവരുന്ന പദ്ധതിയിൽ 18 കോടി രൂപയുടെ ആദ്യഘട്ടമാണ് പൂർത്തിയായത്. പരീക്ഷണാടിസ്ഥാനത്തിൽ നിർമിച്ച സൂപ്പർ കപ്പാസിറ്ററുകൾ വിപണിയിൽ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കെൽട്രോൺ കോംപണന്റ് കോംപ്ലക്സ്. ഇതോടെ ലോകനിലവാരമുള്ള ഇലക്ട്രോണിക്സ് ഘടകങ്ങളുടെ ഉത്പാദകരായി കെൽട്രോൺ മാറി
സൂപ്പർ കപ്പാസിറ്റർ ഉത്പാദനകേന്ദ്രം ഒക്ടോബർ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.രാജീവ് അധ്യക്ഷത വഹിക്കും. ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ.എസ്.ആർ.ഒ.) സാങ്കേതികസഹായത്തോടെയാണ് പദ്ധതി തുടങ്ങുന്നത്. ഐ.എസ്.ആർ.ഒ.യെ കൂടാതെ സി-മെറ്റ്, പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി.ആർ.ഡി.ഒ.) എന്നിവയുമായി കെൽട്രോൺ വർഷങ്ങളായി സഹകരിച്ചുവരികയാണ്.
നാലുകോടി രൂപ ചെലവിൽ നിർമിച്ച ഡ്രൈ റൂമുകളും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തതുൾപ്പെടെയുള്ള യന്ത്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. മൂന്നുമുതൽ 500 ഫാരഡ് വരെയുള്ള സൂപ്പർ കപ്പാസിറ്ററുകളാണ് നിർമിക്കുക. ജി.എസ്.ടി.ക്കുപുറമെ 25 രൂപ മുതൽ 1,450 വരെയാവും വിപണിവില. ഒരുദിവസം 2,000 എണ്ണം നിർമിക്കാനാകും. നാലാംവർഷത്തോടെ 22 കോടി രൂപയുടെ വാർഷിക വിറ്റുവരവും മൂന്നുകോടി ലാഭവുമാണ് പ്രതീക്ഷിക്കുന്നത്.
എന്താണ് സൂപ്പർ കപ്പാസിറ്റർ?
ബാറ്ററി തീർന്ന ബൈക്കിൽ കുറച്ചുസമയത്തേക്ക് തുടങ്ങി ബഹിരാകാശവാഹനങ്ങളിൽവരെ സൂപ്പർ കപ്പാസിറ്ററുകൾ ഉപയോഗിക്കാം. ഉയർന്ന ശേഷിയുള്ള കപ്പാസിറ്ററുകളാണിവ. സംഭരണശേഷി സാധാരണ കപ്പാസിറ്ററുകളെ അപേക്ഷിച്ച് വളരെ ഉയർന്നതും കുറഞ്ഞ വോൾട്ടേജ് പരിധിയുള്ളതുമാണ്. ബാറ്ററികളെ അപേക്ഷിച്ച് വളരെവേഗം ചാർജ് സ്വീകരിക്കാനും വിതരണം ചെയ്യാനുമാകും.
റീചാർജ് ചെയ്യാവുന്ന ബാറ്ററികളേക്കാൾ കൂടുതൽ ചാർജ്/ഡിസ്ചാർജ് സൈക്കിളുകൾ കൈകാര്യംചെയ്യാം. മില്ലി-വാട്ട് വൈദ്യുതി ആവശ്യങ്ങൾ മുതൽ നൂറുകണക്കിന് കിലോവാട്ട് വൈദ്യുതി ആവശ്യങ്ങൾക്കുവരെ ഉപകരിക്കും. ഓട്ടോമോട്ടീവ്, റിന്യൂവബിൾ എനർജി, ഇലക്ട്രിക് വാഹനം, എനർജി മീറ്റർ, ഇൻവെർട്ടറുകൾ എന്നിവയിൽ ഉപയോഗിക്കാം.
പ്രതിരോധ ഉപകരണങ്ങളിലും പ്രയോജനപ്പെടുത്താം. ഈ സാധ്യതകൾ കണ്ടാണ് ഐ.എസ്.ആർ.ഒ., ഡി.ആർ.ഡി.ഒ. തുടങ്ങിയ സ്ഥാപനങ്ങൾ പദ്ധതിയുമായി സഹകരിക്കുന്നത്. വിവിധ എൻജിനിയറിങ് കോളേജുകളും ഈ സാധ്യത ഉപയോഗപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്.
വലിയ സാധ്യത.
ബാറ്ററികൾക്കുപകരം സൂപ്പർ കപ്പാസിറ്ററുകൾ ഉപയോഗിക്കുന്ന പ്രവണത കൂടിവരുകയാണ്. തണുപ്പുരാജ്യങ്ങളിൽ പ്രത്യേകിച്ചും. വൈദ്യുതവാഹനങ്ങളിലും ഉപയോഗിക്കുന്നു.
ബഹിരാകാശ, പ്രതിരോധ മേഖലകളിൽ വലിയ സാധ്യതയാണുള്ളത്. 10 വർഷത്തോളം നീണ്ട ഗവേഷണത്തിനുശേഷമാണ് പരീക്ഷണാടിസ്ഥാനത്തിൽ വിപണിയിലിറക്കിയത്. ഇത് വിജയം കണ്ടത് ആത്മവിശ്വാസം വർധിപ്പിച്ചു. ആവശ്യക്കാർ വന്നുതുടങ്ങിയിട്ടുണ്ട്.
-കെ.ജി.കൃഷ്ണകുമാർ (മാനേജിങ് ഡയരക്ടർ, കെൽട്രോൺ കോംപണന്റ് കോംപ്ലക്സ്, കണ്ണൂർ)
(ചിത്രം: കണ്ണൂർ കെൽട്രോണിലെ സൂപ്പർ കപ്പാസിറ്റർ യൂണിറ്റിലെ യന്ത്രസംവിധാനങ്ങൾ. ഇൻസൈറ്റൽ കെൽട്രോൺ നിർമിച്ച സൂപ്പർ കപ്പാസിറ്ററുകൾ.)