പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ നവജാതശിശുക്കളുടെ തീവ്രപരിചരണവിഭാഗത്തിൽ വിഷപ്പാമ്പ്.
കഴിഞ്ഞ ദിവസം രാത്രി ഒൻപതോടെയാണ് പാമ്പിനെ കണ്ടത്. പുറത്തിരിക്കുകയായിരുന്ന കൂട്ടിരിപ്പുകാരാണ് ഐ.സി.യുവിൽനിന്ന് പാമ്പ് പുറത്തേക്ക് വരുന്നത് കണ്ടത്.
ഇവർ പരിഭ്രാന്തരായി ബഹളം വെച്ചപ്പോൾ ഓടിയെത്തിയവർ പാമ്പിനെ നീക്കി. വെള്ളിക്കെട്ടൻ എന്ന പാമ്പാണിതെന്നാണ് പ്രാഥമിക വിവരം. മെഡിക്കൽ കോളേജിന്റെ എട്ടാംനിലയിലേക്ക് പടർന്നുകയറിയ കാട്ടുവള്ളിയിലൂടെ മൂർഖൻപാമ്പ് വാർഡിലേക്ക് കയറിയ സംഭവം മുൻപ് ഉണ്ടായിരുന്നു.
ചുറ്റുപാടും പടർന്നുകയറിയ ചെടികളിലൂടെയാണ് പാമ്പ് ഐ.സി.യു.വിലേക്ക് കടന്നതെന്നാണ് സൂചന. പതിനഞ്ച് കുട്ടികളും നഴ്‌സുമാരുമാണ് ഐ.സി.യുവിൽ ഉണ്ടായിരുന്നത്. ഐ.സി.യുവിന് പുറത്തെ വരാന്തയിലാണ് കൂട്ടിരിപ്പുകാർ രാത്രിയിൽ ഉറങ്ങാറുള്ളത്.