ഏങ്ങണ്ടിയൂർ (തൃശൂർ) : പ്രമുഖ ചരിത്രകാരനും ഗ്രന്ഥകാരനുമായ വേലായുധൻ പണിക്കശേരി (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നു ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെ 5.50ന് ആണ് അന്ത്യം.
സംസ്കാരം ഇന്ന് (21-09-2024-ശനി) രാവിലെ 11ന് ഏങ്ങണ്ടിയൂർ ‘നളന്ദ’ വീട്ടുവളപ്പിൽ.
ഭാര്യ: ലീല (റിട്ട.അധ്യാപിക).
മക്കൾ: ചിന്ത, ഡോ.ഷാജി, വീണ.
മരുമക്കൾ: രാധാറാം, മുരളി, ബിനുരാജ്.
ഇന്നു രാവിലെ 8.30 മുതൽ 9.30 വരെ അദ്ദേഹം മാനേജരായിരുന്ന ഏങ്ങണ്ടിയൂർ സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ പൊതുദർശനം. തുടർന്നു വീട്ടിലേക്കു കൊണ്ടുപോകും.
ചരിത്ര ഗവേഷണം, ജീവചരിത്രം, ബാലസാഹിത്യം, തൂലികാചിത്രം, ആരോഗ്യം, ഫോക്‌ലോർ തുടങ്ങിയ വിഭാഗങ്ങളിലായി ഒട്ടേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരള, കാലിക്കറ്റ്, എംജി സർവകലാശാലകളിൽ പണിക്കശേരിയുടെ പുസ്തകങ്ങൾ പാഠപുസ്തകങ്ങളായി അംഗീകരിച്ചിരുന്നു.
ഗവേഷണത്തിനു കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ഫെലോഷിപ്പും സമഗ്ര സംഭാവനയ്ക്കു കേരള സാഹിത്യ അക്കാദമിയുടെ അവാർഡും ലഭിച്ചിട്ടുണ്ട്.
കേരള ഹിസ്റ്റോറിക്കൽ റിസർച് സൊസൈറ്റിയുടെ സമഗ്രസംഭാവന പുരസ്കാരം, ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം, ഗുരു നിത്യചൈതന്യ പുരസ്കാരം, വി.എസ്. കേരളീയൻ അവാർഡ്, പി.എ. സെയ്തു മുഹമ്മദ് സ്മാരക അവാർഡ്, എൻ.കെ. ഫൗണ്ടേഷൻ അവാർഡ്, ചരിത്രപഠന കേന്ദ്രം പുരസ്കാരം എന്നിവയുൾപ്പെടെ ഒട്ടേറെ ബഹുമതികൾക്ക് അർഹനായി.
1934 മാർച്ച് 30നാണു ജനനം. 1956ൽ മലബാർ ലോക്കൽ ലൈബ്രറി അതോറിറ്റിയുടെ (എൽഎൽഎ) ഏങ്ങണ്ടിയൂർ ബ്രാഞ്ച് ലൈബ്രറിയിൽ ലൈബ്രേറിയനായി ജോലിയിൽ പ്രവേശിച്ചു. 1991ൽ വിരമിച്ച ശേഷം വീട്ടിൽ എഴുത്തിന്റെ ലോകത്തായിരുന്നു.