തിരുവനന്തപുരം: ഭരണപക്ഷ എംഎല്‍എയായ പി.വി.അന്‍വറിന്റെ ആരോപണങ്ങളില്‍നിന്ന് തലയൂരാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെ കൂടുതല്‍ വെട്ടിലാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.മന്ത്രിമാരുടെ ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തല്‍ നടന്നെന്ന അന്‍വറിന്റെ ആരോപണത്തിലാണ് ഗവര്‍ണര്‍ ഇടപെട്ടിരിക്കുന്നത്.ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അടിയന്തരമായി വിഷയം പരിശോധിച്ച് നടപടി റിപ്പോര്‍ട്ട് അടക്കം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് രാജ്ഭവന്‍ മുഖ്യമന്ത്രിക്കു കത്തു നല്‍കിയത്.
എഡിജിപി മന്ത്രിമാരുടേത് അടക്കം ഫോണ്‍ ചോര്‍ത്തുന്നുവെന്നായിരുന്നു അന്‍വറിന്റെ ആരോപണം. മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്തുന്നു എന്നത് ഗൗരവതരമാണെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.താന്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയെന്ന് അന്‍വര്‍ തന്നെ തുറന്നുപറഞ്ഞതും ഗൗരവത്തോടെ കാണണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
അന്‍വറിന്റെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയാണ് ഇത്രനാളും സര്‍ക്കാര്‍വൃത്തങ്ങള്‍ ചെയ്തിരുന്നത്.
അതിനിടെയാണ് അന്‍വറിന്റെ ആരോപണങ്ങള്‍ ആയുധമാക്കി ഗവര്‍ണര്‍ പുതിയ പോര്‍മുഖം തുറന്നിരിക്കുന്നത്.