പാലക്കാട്: പാര്‍ട്ടി തരംതാഴ്ത്തലിന് വിധേയനായ പികെ ശശിക്കെതിരെ പാര്‍ട്ടി റിപ്പോര്‍ട്ടിംഗില്‍ സംസ്ഥാന സെക്രട്ടറിയുടെ രൂക്ഷ വിമര്‍ശനം. ശശിയുടേത് നീചമായ പ്രവര്‍ത്തിയെന്ന് പാലക്കാട് റിപ്പോര്‍ട്ടിംഗില്‍ എംവി ഗോവിന്ദന്‍ പറഞ്ഞു. ജില്ലാ സെക്രട്ടറിയെ വ്യാജ പീഡനപരാതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചെന്നും സംസ്ഥാന സെക്രട്ടറി വിമര്‍ശിച്ചു. ശശിയുടെ കെടിഡിസി ചെയര്‍മാന്‍ സ്ഥാനം തെറിക്കുമെന്ന് ഇതോടെ ഏറെക്കുറെ ഉറപ്പായി. ഒറ്റപ്പാലം റിപ്പോര്‍ട്ടിംഗില്‍ ശശിയെ തല്ലി തലോടിയ സംസ്ഥാന സെക്രട്ടറി പാലക്കാടെത്തിയപ്പോള്‍ വിമര്‍ശനം കടുപ്പിച്ചു.
പാര്‍ട്ടിയെ വളര്‍ത്താന്‍ ഒന്നും ചെയ്യാത്ത ശശി,നീചമായ പ്രവര്‍ത്തികളാണ് ചെയ്തതെന്നും സ്വന്തം നേട്ടത്തിന് പാര്‍ട്ടിയെ ഉപയോഗപ്പെടുത്തിയെന്നും ആഞ്ഞടിച്ചു. ജില്ലാ സെക്രട്ടറിയെ വ്യാജകേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചത് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടെന്നും ഇതൊന്നും വച്ചു പൊറുപ്പിക്കാനാകാത്തതാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
ശശിയുടെ പ്രവര്‍ത്തന മേഖല ഉള്‍പ്പെടുന്ന ഒറ്റപ്പാലം റിപ്പോര്‍ട്ടിംഗില്‍ അച്ചടക്ക നടപടി വിശദീകരിക്കുക മാത്രമാണ് സംസ്ഥാന സെക്രട്ടറി ചെയ്തത്. തെറ്റുതിരുത്താന്‍ ശശിക്ക് അവസരം നല്‍കുകയാണ് ചെയ്തതെന്നായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം.
ശശിയുടെ കെടിഡിസി ചെയര്‍മാന്‍ സ്ഥാനം തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ നേതൃത്വം നല്‍കിയ ശുപാര്‍ശ സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയിലാണ്, ഇതിനിടെ ശശി പാര്‍ട്ടി വിട്ടേക്കുമെന്ന അഭ്യൂഹം ജില്ലയില്‍ സജീവമായിരിക്കെ കഴിഞ്ഞ ദിവസം പൊതുവേദിയില്‍ മുഖ്യമന്ത്രി മഹാനെന്ന് പ്രസംഗിച്ചതും ചര്‍ച്ചയാകുന്നുണ്ട്.