ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർഥി ദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഒരുത്സവമാണ് വിനായക ചതുർഥി. ഹിന്ദുക്കളുടെ പ്രധാന ആരാധനാമൂർത്തികളിലൊരാളായ ഗണപതിയുടെ ജന്മദിനമാണ് ഇതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. മഹാരാഷ്ട്രയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുമായിരുന്നു നേരത്തെ ഇത് ഏറ്റവും അധികം ആഘോഷിക്കപ്പെട്ടിരുന്നത്. കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളിൽ പ്രധാന്യത്തോടെയാണ് വിനായക ചതുർത്ഥി ആഘോഷിക്കുന്നത്[അവലംബം ആവശ്യമാണ്]. ചിലക്ഷേത്രങ്ങളിൽ അന്നേദിവസം ആനയെ പൂജിക്കുകയും ആനയൂട്ട് നടത്തുകയും ചെയ്യുന്നു. കേരളത്തിലും മഹാരാഷ്ട്രയിലേതുപോലുള്ള ആചാരങ്ങൾ പതുക്കെ പ്രചാരത്തിലാകുന്നുണ്ട്. തമിഴ്നാട്, കർണ്ണാടകം, ആന്ധ്രാപ്രദേശ് അതുപോലെ തന്നെ ഉത്തരേന്ത്യയിലെല്ലാം വലിയ ഉത്സവമാണ് ഇത്.
ഗണപതി വിഗ്രഹങ്ങൾ പ്രത്യേക അനുഷ്ഠാനങ്ങളോടെ പ്രതിഷ്ടിക്കുകയും പൂജിക്കുകയും ചെയ്യുന്നു. ഗണപതി പൂജക്കായി താമരയും കറുകപ്പുല്ലും വിശേഷവിധികളോടെ ഉപയോഗിക്കുന്ന ഈ ദിവസത്തിൽ മോദകം എന്ന മധുരപലഹാരം പ്രത്യേക പൂജകളോടെ തയ്യാർ ചെയ്തു ഗണപതിയ്ക്ക് മുൻപിൽ സമർപ്പിക്കുന്നു. മണ്ണുകൊണ്ട് നിർമ്മിച്ച ഗണേശ വിഗ്രഹങ്ങളാണ് സാധാരണ പൂജയ്ക്കിരുത്തുക. രാവിലെ പൂജയ്ക്ക് ശേഷം അതെ ദിവസം തന്നെ വൈകിട്ടോ അല്ലെങ്കിൽ മൂന്നാം ദിവസം, അഞ്ചാം ദിവസം, ഏഴാം ദിവസം ഒൻപതാം ദിവസം എന്നിങ്ങനെ ഈ വിഗ്രഹങ്ങൾ ജലത്തിൽ നിമജ്ജനം ചെയ്യപ്പെടുന്നു. പാട്ടും ഘോഷയാത്രകളുമൊക്കെയായി വലിയ ചടങ്ങുകളോടെയാണ് നിമജ്ജനം നടക്കപ്പെടുന്നത്. ഗണപതി വിഗ്രഹങ്ങൾ പുഴയിലോ, കടലിലോ ഒഴുക്കുന്നതോടെ ആഘോഷങ്ങൾ സമാപിക്കുന്നു.
കേരളത്തിൽ.
വാഴപ്പള്ളി ഗണപതി ക്ഷേത്രത്തിൽ നടന്ന ഗജപൂജ
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഗണപതി ക്ഷേത്രങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു ക്ഷേത്ര ആചാരമാണ് വിനായക ചതുർത്ഥി. ഗണപതി ക്ഷേത്രങ്ങളിൽ വളരെ പ്രധാന്യത്തോടെയാണ് വിനായക ചതുർത്ഥി ആഘോഷിക്കുന്നത്. ചിലക്ഷേത്രങ്ങളിൽ അന്നേദിവസം ആനയെ പൂജിക്കുകയും ആനയൂട്ട് നടത്താറും പതിവുണ്ട്. തിരുവനന്തപുരം പഴവങ്ങാടി ക്ഷേത്രം, കൊട്ടാരക്കര, മള്ളിയൂർ, ഇടപ്പള്ളി, ഇന്ത്യനൂർ, ബത്തേരി, വേളം, മധൂർ തുടങ്ങി കേരളത്തിലെ പേരുകേട്ട ഗണപതിക്ഷേത്രങ്ങളിലെല്ലാം ഈ ദിവസം വിശേഷാൽ പൂജകളും വഴിപാടുകളുമുണ്ടാറുണ്ട്.