Sunday, December 22, 2024
Homeകേരളംപൊന്നോണക്കാലത്തിന്റെ തുടക്കം കുറിച്ച്‌ കൊണ്ട് ഇന്ന് അത്തം.

പൊന്നോണക്കാലത്തിന്റെ തുടക്കം കുറിച്ച്‌ കൊണ്ട് ഇന്ന് അത്തം.

അത്തം പത്തിന് തിരുവോണം എന്നാണല്ലോ പറയാറുള്ളത്. ഇന്ന് മുതല്‍ മലയാളികളുടെ അങ്കണങ്ങള്‍ പൂക്കളം കൊണ്ട് നിറയും.
സെപ്തംബര്‍ 15 ന് ആണ് തിരുവോണം. ഓണാഘോഷങ്ങളിലെ വളരെ പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ് അത്തം. സംസ്ഥാനത്തിന്റെ ഓണാഘോങ്ങളുടെ തുടക്കം കുറിച്ച്‌ കൊണ്ട് അത്തച്ചമയ ഘോഷയാത്രയും ഇന്ന് നടക്കും.

അത്തം മുതല്‍ പത്ത് നാളാണ് പൂക്കളമൊരുക്കുക. മുറ്റത്താണ് പൂക്കളമിടുക. അതിനായി മണ്ണ് വൃത്തിയാക്കി തറയൊരുക്കും. ചിലയിടങ്ങളില്‍ അല്പം പൊക്കത്തില്‍ പൂക്കളത്തിനായി മണ്‍തറ ഒരുക്കാറുണ്ട്. അനിഴം നാള്‍ മുതലാണ് അത് ഒരുക്കുക. തറ ശരിയായാല്‍ വട്ടത്തില്‍ ചാണകം മെഴുകും. നടുക്ക് കുട വയ്ക്കാന്‍ ചാണക ഉരുളയും വെയ്ക്കും. അത്തത്തിന് തുമ്ബപ്പൂ കൊണ്ട് ലളിതമായ പൂക്കളം തീര്‍ക്കും. ചിത്തിരയ്ക്കും വെളുത്ത പൂക്കളാണിടുക. വട്ടത്തിലിടുന്ന കളം ഓരോ ദിവസവും വലുതാകും.

ആദ്യ ദിനം മഞ്ഞപ്പൂക്കളായ മുക്കുറ്റിയും കോളാമ്ബിയും ഇടുന്നവരുമുണ്ട്. ചോതി നാള്‍ മുതല്‍ നിറമുള്ളവ ഇടാമെന്നാണ്. പ്രത്യേകിച്ചും ചെമ്ബരത്തി അടക്കമുള്ള ചുവന്ന പൂക്കള്‍.
ഒന്നാം ദിനം ഒരു നിര, രണ്ടാം ദിനം രണ്ടു വട്ടം എന്നിങ്ങനെ കളത്തിന്റെ വലിപ്പം കൂടി വരും. മൂലത്തിന് ചതുരത്തില്‍ പൂക്കളമിടണം. മൂലക്കളം എന്ന് പറയും. ഉള്ളില്‍ സുദര്‍ശന ചക്രമോ നക്ഷത്രമോ പ്രത്യേകം തീര്‍ക്കുന്നവരും ഉണ്ട്. ചോതിനാള്‍ മുതല്‍ നടുക്ക് വയ്ക്കുന്ന കുട നാലു ഭാഗത്തേക്കും വയ്ക്കാറുണ്ട്. പച്ച ഈര്‍ക്കിലില്‍ പൂവ് കൊരുത്താണ് കുട വെയ്ക്കുക. വാഴത്തടയില്‍ നടുക്ക് കുട വെയ്ക്കുന്ന ചടങ്ങ് തെക്കുണ്ട്. പൂരാടത്തിന് കള്ളികള്‍ തീര്‍ത്താണ് പൂക്കളം. ഓരോ കള്ളിയിലും ഓരോ പൂക്കള്‍. ഉത്രാടത്തിന് പത്തു നിറം പൂക്കള്‍. ഏറ്റവും വലിയ പൂക്കളവും ഉത്രാടത്തിനാണ്. തിരുവോണത്തിന് തുമ്ബക്കുടം മാത്രമാണ് ഇടുക.

ചിലയിടങ്ങളില്‍ തുളസിയുമുണ്ടാകും. തൃക്കാക്കരയപ്പനെ പൂക്കളത്തില്‍ വെയ്ക്കുന്നതും അന്നാണ്. തൃക്കാക്കരയപ്പനെ തുമ്ബക്കുടം കൊണ്ട് പൂമൂടല്‍ നടത്തണമെന്നാണ്. വടക്ക് മാതേവരെ വെയ്ക്കുക എന്ന് പറയും. പൂരാടം മുതല്‍ മാതേവരെ വെയ്ക്കുന്ന ഇടങ്ങളുമുണ്ട്. വള്ളുവനാട്ടില്‍ അത്തം മുതല്‍ മാതേവരെ വെയ്ക്കും. മാവേലി, തൃക്കാക്കരയപ്പന്‍, ശിവന്‍ എന്നീ സങ്കല്പത്തില്‍ മൂന്ന് മാതേവരെയാണ് വെയ്ക്കുക. ചിലയിടങ്ങളില്‍ ഏഴ് വരെ വെയ്ക്കും.

അരിമാവ് കൊണ്ട് കളം വരച്ച്‌ പലക മേലാണ് മാതേവരെ വെയ്ക്കുക. തെക്ക് മഞ്ഞമുണ്ടിന്റെ നൂല്‍ ചുറ്റുന്ന ചടങ്ങുമുണ്ട്. വടക്ക് തൃക്കാക്കരയപ്പനെ വരവേല്ക്കുന്ന ചടങ്ങുമുണ്ട്. കോലം വീടിന്റെ ഉമ്മറത്തും തീര്‍ക്കാറുണ്ട്. തുടര്‍ന്ന് തൃക്കാക്കരയപ്പന് അട നിവേദ്യം നേദിക്കും. ഉത്രട്ടാതി വരെ കളം നിര്‍ത്തുന്നവരുണ്ട്. മറ്റു ചിലയിടങ്ങളില്‍ രേവതി നാളില്‍ കളത്തിന്റെ അരിക് മുറിച്ചാണ് ഓണപ്പൂക്കളത്തിന്റെ പരിസമാപ്തി കുറിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments