എംഎൽഎ എം മുകേഷ് ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള ബലാത്സംഗ കേസിന്റെ ആദ്യഘട്ട അന്വേഷണം പൂർത്തിയായി. അറസ്റ്റിൽ നടപടിയിലേക്ക് ഇപ്പോൾ കടക്കില്ലെന്ന് എഐജി പൂങ്കുഴലി വ്യക്തമാക്കി. നാലു കേസുകളിൽ പരാതിക്കാരുടെ രഹസ്യമൊഴി രേഖപ്പെടുത്തി.
ബലാത്സംഗം നടന്നത് ആരോപിക്കപ്പെട്ട സ്ഥലങ്ങളിൽ എത്തിയും അന്വേഷണ സംഘങ്ങൾ തെളിവ് ശേഖരിച്ചു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാകും മുകേഷ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയെ അന്വേഷണസംഘം എതിർക്കുക. പ്രതികളുടെ ചോദ്യം ചെയ്യലും അറസ്റ്റും ഇപ്പോഴയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥ എഐജി പൂങ്കുഴലി വ്യക്തമാക്കി.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമായതിനാല്‍ കൂടുതല്‍ അന്വേഷണം വേണമെന്നും എഐജി പറഞ്ഞു. കേസില്‍ മുകേഷ്, കോൺഗ്രസ് നേതാവ് അഡ്വക്കറ്റ് ചന്ദ്രശേഖര്‍, മണിയന്‍പിള്ള രാജു എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കുകയാണ്. അടച്ചിട്ട കോടതിമുറിയിലാണ് വാദം.
അതേസമയം മൊഴികളും, ശാസ്ത്രീയ തെളിവുകളും കേന്ദ്രികരിച്ചാണ് കേസുകളുടെ രണ്ടാം ഘട്ട അന്വേഷണം നടക്കുക. വർഷങ്ങൾക്ക് മുൻപുള്ള കേസ് ആയതിനാൽ ഏറെ തെളിവുകൾ കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഏറെ വിയർക്കേണ്ടി വരും.