കല്‍പ്പറ്റ: ഷെയര്‍ ട്രെഡിങ് നടത്തി ലാഭം നല്‍കാമെന്ന് വിശ്വസിപ്പിച്ച് 12.5 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലെ പ്രതി പിടിയിൽ. ചെന്നൈ കോളത്തു വഞ്ചേരി സ്വദേശിയായ മുരുഗന്‍ (41) ആണ് പിടിയിലായത്. മാനന്തവാടി സ്വദേശിനിയില്‍ നിന്നും ഷെയര്‍ ട്രെഡിങ് നടത്തി ലാഭം നല്‍കാമെന്ന് വിശ്വസിപ്പിച്ച് 12.5 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലെ പ്രതിയെയാണ് ചെന്നൈയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. വയനാട് സൈബര്‍ ക്രൈം പൊലീസ് ഇന്‍സ്പെക്ടര്‍ ഷജു ജോസഫും സംഘവുമാണ് ഇയാളെ പിടികൂടിയത്. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ടെലഗ്രാം വഴി ബന്ധപെട്ട തട്ടിപ്പുകാര്‍ പരാതിക്കാരിക്ക് ഓണ്‍ലൈന്‍ ഷെയര്‍ ട്രെഡിങ് വഴി ലഭിച്ച ലാഭം പിന്‍വലിക്കാന്‍ ആവശ്യമായ ഫീസ് ഇനത്തിലേക്കാണ് എന്ന് വിശ്വസിപ്പിച്ച് 12,77000 രൂപയോളം തട്ടിയെടുക്കുകയായിരുന്നു.
തട്ടിപ്പ് ആണെന്ന് മനസിലായ യുവതി 1930 വഴി സൈബര്‍ പോര്‍ട്ടലില്‍ പരാതി രജിസ്റ്റര്‍ ചെയുകയും തുടര്‍ന്ന് വയനാട് സൈബര്‍ പൊലീസ് മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ പണം പിന്‍വലിക്കാന്‍ ഉപയോഗിച്ച പ്രതിയുടെ അക്കൗണ്ട് കണ്ടെത്തി അതില്‍ ഉണ്ടായിരുന്ന പണം മരവിപ്പിച്ചു കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയുമായിരുന്നു. അക്കൗണ്ട് ഉടമയായ പ്രതിയെ ചെന്നൈയിലെത്തി പിടികൂടുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഓണ്‍ലൈന്‍ ട്രെഡിങിന്റെ മറവില്‍ സൈബര്‍ ലോകത്ത് നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സൈബര്‍ തട്ടിപ്പിന് ഇരയായാല്‍ ഒട്ടും സമയം കളയാതെ 1930 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചോ www.cyberime.gov.in എന്ന വെബ് സൈറ്റിലോ പരാതി രജിസ്റ്റര്‍ ചെയ്യണമെന്ന് പൊലീസ് അറിയിച്ചു.
തട്ടിപ്പ് മനസിലായിക്കഴിഞ്ഞാല്‍ ഒട്ടും സമയം കളയാതെ തന്നെ പരാതി നല്‍കുന്നത് പണം വീണ്ടെടുക്കുന്നതിനും പ്രതികള്‍ രക്ഷപ്പെടാതിരിക്കാനും സഹായകമാകുമെന്നും പൊലീസ് വ്യക്തമാക്കി. ഓണ്‍ലൈന്‍ വഴിയുള്ള ജോലിയും ട്രേഡിങ് അടക്കമുള്ള മറ്റു കാര്യങ്ങളും അംഗീകൃതമാണോ എന്ന കാര്യം പരിശോധിച്ച് ഉറപ്പുവരുത്തിയില്ലെങ്കിലും വലിയ വില കൊടുക്കേണ്ടി വരുമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു.