കൊച്ചി: താര സംഘടനയായ അമ്മയുടെ കൊച്ചി ഓഫീസിൽ പൊലീസ് പരിശോധന നടത്തി. നടൻമാരായ മുകേഷ്, ഇടവേള ബാബു എന്നിവരുടെ കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ഇന്നലെ ഉച്ചയ്ക്കാണ് പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തിയത്. ഇവർ അമ്മയുടെ ഭാരവാഹികളാണെന്ന് തെളിയിക്കുന്ന രേഖകൾ പിടിച്ചെടുക്കുകയായിരുന്നു പരിശോധനയുടെ ലക്ഷ്യം.
അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്താണ് പീഡനം നടത്തിയതെന്ന് പരാതിക്കാർ ആരോപണം ഉന്നയിച്ചിരുന്നു. അമ്മയിൽ അംഗത്വം ലഭിക്കണമെങ്കിൽ കിടക്ക പങ്കിടണമെന്ന് മുകേഷ് ആവശ്യപ്പെട്ടെന്ന് പരാതിക്കാരിയായ നടി പറഞ്ഞിരുന്നു.
താനറിയാതെ മലയാള സിനിമയിൽ ഒന്നും നടക്കില്ലെന്ന് മുകേഷ് ഭീഷണിപ്പെടുത്തിയെന്നും നേരിട്ട് കണ്ടപ്പോൾ അദ്ദേഹം മോശമായി സംസാരിച്ചുവെന്നും വില്ലയിലേക്ക് വരാൻ ക്ഷണിച്ചുവെന്നും നടി വെളിപ്പെടുത്തിയിരുന്നു. ‘അമ്മ’യിൽ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് ഇടവേള ബാബുവിനെതിരായ പരാതി.
അതേസമയം സിനിമാ മേഖലയിലെ സ്ത്രീകൾ നൽകിയ ലൈംഗിക പീഡന പരാതികളിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാനാണ് പൊലീസ് തീരുമാനം. പ്രാഥമികാന്വേഷണം നടത്തി വിശ്വാസ്യത ഉറപ്പുവരുത്തിയ പരാതികളിൽ കേസുകൾ രജിസ്റ്റർ ചെയ്യാനാണ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ നടന്മാരായ ഇടവേള ബാബുവിനെതിരെയും സുധീഷിനെതിരെയും കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തിരുന്നു. ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസെടുത്തത്.