Tuesday, January 7, 2025
Homeകേരളംഫെഫ്കയുടെ യോഗങ്ങൾ ഇന്നുമുതൽ; ഹേമ കമ്മറ്റി റിപ്പോർട്ട് ചർച്ചയാകും.

ഫെഫ്കയുടെ യോഗങ്ങൾ ഇന്നുമുതൽ; ഹേമ കമ്മറ്റി റിപ്പോർട്ട് ചർച്ചയാകും.

തിരുവനന്തപുരം: ഹേമാ കമ്മറ്റി റിപ്പോർട്ടിന് പിന്നാലെ ഉണ്ടായ വിവാദങ്ങൾക്കിടെ സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക്കയുടെ യോഗങ്ങൾ ഇന്നുമുതൽ ആരംഭിക്കും.21 യൂണിയനുകളുടെ യോഗങ്ങളാണ് മൂന്ന് ദിവസങ്ങളിലായി ചേരുക.ഹേമ കമ്മറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകൾ യോഗം വിശദമായി ചർച്ച ചെയ്യും.

പരിഹാരമാർഗങ്ങൾ നിർദേശിക്കുകയാണ് പ്രധാന ലക്ഷ്യം. കഴിഞ്ഞദിവസം ജനറൽ സെക്രട്ടറി യൂണിയൻ സെക്രട്ടറിമാർക്ക് അയച്ച കത്തിൽ ഗുരുതര കണ്ടെത്തലുകളുമായി ബന്ധപ്പെട്ട് അടിയന്തര യോഗം ചേരണമെന്ന് നിർദേശിച്ചിരുന്നു.
യൂണിയനുകൾ സമർപ്പിക്കുന്ന നിർദേശങ്ങൾ ബുധനാഴ്ച ചേരുന്ന സ്റ്റിയറിങ് കമ്മിറ്റിയിൽ വിശദമായി ചർച്ച ചെയ്യും. സമഗ്രമാർഗ നിർദേശങ്ങൾ ഉടൻ മുഖ്യമന്ത്രിക്ക് സമർപ്പിക്കും.

അതേസമയം ഹേമ കമ്മറ്റി റിപ്പോർട്ടിൽ നിലപാട് എടുക്കുന്നതിലും തുടർനടപടികൾ സ്വീകരിക്കുന്നതിലും ഫെഫ്ക പരാജയപ്പെട്ടെന്ന് ആരോപിച്ച് ആഷിക് അബു രാജിവെച്ചിരുന്നു.സംഘടനയുടേത് കുറ്റകരമായ മൗനം എന്ന് ആഷിക് തുറന്നടിച്ചിരുന്നു. വൈകാരിക പ്രതികരണങ്ങൾ പാടില്ലന്ന സംഘടനയുടെ നിലപാട് വേദനിപ്പിച്ചെന്നും ആഷിക് അബു രാജിക്കത്തിൽ വിമർശിച്ചു.

സിബി മലയിലിനും, ബി ഉണ്ണികൃഷ്ണനും എതിരെ രൂക്ഷ വിമർശനമാണ് രാജിക്ക് പിന്നാലെ ഉണ്ടായത്. 2012 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഫെഫ്ക തന്നെ വഞ്ചിച്ചെന്നും വാർത്താ കുറിപ്പിൽ പറയുന്നു.പിന്നാലെ സംവിധായകൻ ആഷിഖ് അബുവിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ഫെഫ്ക രംഗത്തെത്തി. ദിവസങ്ങൾക്ക് മുമ്പ് അംഗത്വം പുതുക്കാൻ അപേക്ഷ നൽകിയിട്ട് ഇപ്പോൾ രാജിപ്രഖ്യാപിച്ചത് വിചിത്രമെന്ന് ഫെഫ്ക.പ്രതിഫല പ്രശ്നത്തിൽ ഇടപെട്ടതിന് ഡയറക്ടേഴ്സ് യൂണിയൻ 20 ശതമാനം കമ്മിഷൻ ആവശ്യപ്പെട്ടെന്നത് വ്യാജ പ്രചാരണമെന്ന് ഫെഫ്ക പറയുന്നു.

2018-ൽ കാരണംകാണിക്കൽ നോട്ടീസ് നൽകിയിട്ടും ആഷിഖ് അബു ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് ഫെഫ്കയുടെ വാർത്താ കുറിപ്പിൽ പറയുന്നു. ആഷിഖ് അബു 8 വർഷമായി വരിസംഖ്യയിൽ കുടിശിക വരുത്തിയെന്നും അംഗത്വം പുതുക്കിയില്ലെന്നും ഫെഫ്ക പറയുന്നു.ഈ മാസമാണ് കുടിശിക പൂർണമായും അടച്ചു തീർത്തത്. അടുത്ത എക്സിക്യൂട്ടീവിൽ ആഷിഖ്ന്റെ അംഗത്വം പുതുക്കുന്നത് ചർച്ച ചെയ്യാൻ ഇരിക്കെയാണ് രാജി എന്നത് വിചിത്രമാണെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.

സിബി മലയിലിനെതിരെ ആഷിക് അബു ഉന്നയിച്ച ആരോപണം അടിസ്ഥാന രഹിതമാണ് ഇത് 2018 ൽ തന്നെ തെളിവ് സഹിതം വ്യക്തമാക്കിയിരുന്നു എന്നും ഫെഫ്ക വ്യക്തമാക്കുന്നു.എന്നോ പൊളിഞ്ഞു പോയ വാദങ്ങളാണ്‌ ഇന്നും അദ്ദേഹം ആവർത്തിക്കുന്നത്‌. അതിൽ നിന്ന്‌ തന്നെ സംഘടനയുമായുള്ള അദ്ദേഹത്തിന്റെ വിയോജിപ്പ്‌ ആശയപരമല്ലെന്നും തികച്ചും വ്യക്തിപരമായ എതോ ലക്ഷ്യത്തോടു കൂടിയുള്ളതാണെന്നും വ്യക്തമാണെന്ന് ഫെഫ്ക ആരോപിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments