മുകേഷിന് ആശ്വാസം. എറണാകുളം ജില്ലാ സെഷന്‍സ് കോടതി മുകേഷിന്റെ അറസ്റ്റ് തടഞ്ഞു. അഞ്ച് ദിവസത്തേക്കാണ് അറസ്റ്റ് തടഞ്ഞത്. സെപ്റ്റംബര്‍ മൂന്ന് വരെ മുകേഷിനെ അറസ്റ്റ് ചെയ്യരുത് എന്നാണ് ഉത്തരവില്‍ പറയുന്നത്. മുകേഷ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ചു കൊണ്ടായിരുന്നു ഉത്തരവ്. നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഉടന്‍ സമര്‍പ്പിക്കില്ല എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഹൈക്കോടതിയിലേക്ക് പോകാതെ അതീവ രഹസ്യമായി ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുകയാണുണ്ടായത്. അതിലാണിപ്പോള്‍ വിധി വന്നത്.
സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണ് ഈ വിഷയത്തില്‍ സംഭവിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ മൂന്നിനാണ് ഇനി ഈ കേസ് പരിഗണിക്കുക. അതുവരെയും മുകേഷിന്റെ അറസ്റ്റുണ്ടാകില്ല. വിശദമായ വാദം കേള്‍ക്കുന്നതിനായി അറസ്റ്റ് തടയണം. അഡ്വ ജിയോ പോള്‍ മുഖഖേന വൈകിട്ട് 3.00 മണിക്കാണ് ഹര്‍ജി നല്‍കിയത്. താന്‍ ജനപ്രതിനിധിയാണെന്നും നടന്നത് ബ്ലാക്‌മെയിലിങ്ങ് ആണെന്നുമായിരുന്നു മുകേഷിന്റെ വാദം. തെളിവുകള്‍ കൈവശമുണ്ടെന്നും വെറും മൊഴിയുടെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് തെറ്റെന്നും വാദിച്ചു.
മൂന്ന് വര്‍ഷം മുതല്‍ ജീവപര്യന്തം തടവ് വരെ ശിക്ഷ ലഭിക്കാവുന്ന നാല് വകുപ്പാണ് എംഎല്‍എയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗ വിക്ഷേപം, അതിക്രമിച്ചു കടക്കല്‍ തുടങ്ങിയ നാല് വകുപ്പുകളാണ് ചുമത്തിയത്.