തിരുവനന്തപുരം: എംഎൽഎയും നടനുമായ മുകേഷിനെതിരായ ആരോപണത്തിലെ പ്രതികരണത്തിൽ നിന്നും ഒഴിഞ്ഞുമാറി മന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രി എല്ലാം പറഞ്ഞിട്ടുണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ആരോപണങ്ങൾ അന്വേഷിക്കാനാണ് അന്വേഷണ കമ്മീഷൻ രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഒളിമ്പ്യൻ പി ആർ ശ്രീജേഷിന് തലസ്ഥാനത്ത് ഏർപ്പെടുത്തിയ സ്വീകരണം മാറ്റിയതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ‘പി ആർ ശ്രീജേഷിൻ്റെ സ്വീകരണത്തിൽ സാങ്കേതികമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.
തീയതി സംബന്ധിച്ച് വ്യക്തക്കുറവ് ഉണ്ടായി. അടുത്ത ദിവസം തന്നെ സ്വീകരണ പരിപാടി നല്ല രീതിയിൽ നടത്തും. പരിപാടി മാറ്റിയത് മന്ത്രിമാർ തമ്മിലുള്ള തർക്കത്തിൽ എന്ന വാർത്തകൾ വ്യാജമാണ്’, അദ്ദേഹം പറഞ്ഞു. പി ആർ ശ്രീജേഷിന് സർക്കാർ നൽകുന്ന സ്വീകരണം മാറ്റിവെച്ചതിൽ പ്രതിപക്ഷം വിമർശനം ശക്തമാക്കിയിരിക്കുകയാണ്. രാജ്യത്തിൻ്റെ അഭിമാന താരമായ പി ആർ ശ്രീജേഷിന് സംസ്ഥാന സർക്കാർ നൽകുന്ന സ്വീകരണം മന്ത്രിമാരുടെ ഈഗോ ക്ലാഷിനെ തുടർന്ന് മാറ്റിവക്കേണ്ടി വന്നത് കായിക രംഗത്തോടുള്ള അപമാനമാണെന്നാണ് പ്രതിപക്ഷ നേതാവ് വാർത്താക്കുറിപ്പിലൂടെ പ്രതികരിച്ചത്.
കായിക വകുപ്പാണോ വിദ്യാഭ്യാസ വകുപ്പാണോ സ്വീകരണം നൽകേണ്ടതെന്ന തർക്കം സർക്കാരിൻ്റെ കൂട്ടുത്തരവാദിത്വമില്ലായ്‌മയും വീഴ്ചയുമാണ്. രാജ്യത്തിന് വേണ്ടി രണ്ട് ഒളിംപിക് മെഡൽ നേടിയ കായിക താരത്തെ വ്യക്തിപരമായി അവഹേളിക്കുക കൂടിയാണ് സർക്കാർ ഇതിലൂടെ ചെയ്‌തതെന്നും സതീശൻ പറഞ്ഞു. ശ്രീജേഷും കുടുംബവും സ്വീകരണത്തിൽ പങ്കെടുക്കാനായി തിരുവനന്തപുരത്തേക്ക് തിരിച്ചിരുന്നെങ്കിലും യാത്രാമധ്യേ ശിവൻകുട്ടി വിളിച്ച് സ്വീകരണം മാറ്റിവെച്ച കാര്യം അറിയിക്കുകയായിരുന്നു.