തിരുവനന്തപുരം: മലയാള സിനിമയിലെ ലൈംഗിക ചൂഷണങ്ങളെ കുറിച്ച് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന മൊഴികളും പരാമര്‍ശങ്ങളും. മലയാള സിനിമാ മേഖലയില്‍ അടിമുടി സ്ത്രീവിരുദ്ധത നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. ലൈംഗികമായ വിട്ടുവീഴ്‌ചകള്‍ക്ക് തയ്യാറാകണമെന്ന് പ്രമുഖര്‍ ഉള്‍പ്പടെ ആവശ്യപ്പെട്ടതായി കമ്മിറ്റിക്ക് മുന്നില്‍ നിരവധി വനിതകള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ 55, 56 പേജുകളില്‍ മലയാള സിനിമയില്‍ നടക്കുന്ന ഗുരുതര ലൈംഗിക കുറ്റകൃത്യങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഞെട്ടിക്കുന്ന വിവരങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്. ‘മലയാള സിനിമയില്‍ ലൈംഗിക ചൂഷണം വ്യാപകമാണ്. നടിമാര്‍ മൊഴി നല്‍കിയത് ഭീതിയോടെ. സിനിമയില്‍ അവസരം ലഭിക്കണമെങ്കില്‍ വഴങ്ങിക്കൊടുക്കേണ്ട സാഹചര്യമുണ്ട്. അതിജീവതകള്‍ പൊലീസിനെ സമീപിക്കാതിരിക്കുന്നത് ജീവഭയം കാരണം. പരാതിപ്പെട്ടാല്‍ കുടുംബാഗങ്ങള്‍ക്കെതിരെയും ഭീഷണിയുയരും. ലൈംഗിക ആവശ്യങ്ങള്‍ക്ക് വഴങ്ങാത്തവരെ പ്രശ്‌നക്കാര്‍ എന്ന് മുദ്രകുത്തി സിനിമയില്‍ നിന്ന് ഒഴിവാക്കുന്നു. പരാതിപ്പെടുന്നവര്‍ സിനിമയില്‍ നിന്ന് തുടച്ചുനീക്കപ്പെടുകയാണ്. നടി ആക്രമിക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭവമല്ല. പലതും പുറത്തുവരുന്നില്ല എന്നേയുള്ളൂ. വനിതാ പ്രൊഡ്യൂസര്‍മാരെ സംവിധായകരും നടന്‍മാരും അപമാനിക്കുന്ന സംഭവങ്ങളുണ്ട്. മലയാള സിനിമ നിയന്ത്രിക്കുന്നത് മാഫിയ സംഘമാണ്. സിനിമയില്‍ കാസ്റ്റ് ചെയ്തിട്ടും വഴങ്ങിയില്ലെങ്കില്‍ റിപ്പീറ്റ് ഷോട്ടുകള്‍ എടുപ്പിച്ച് ബുദ്ധിമുട്ടിപ്പിക്കും. ഇത്തരത്തില്‍ 17 ഷോട്ടുകള്‍ വരെ എടുത്ത് ബുദ്ധിമുട്ടിച്ചു’ എന്നിങ്ങനെയുള്ള വെളിപ്പെടുത്തലുകള്‍ എല്ലാം കേട്ട് ഞെട്ടിയെന്നും റിപ്പോര്‍ട്ടില്‍ ഹേമ കമ്മിറ്റി രേഖപ്പെടുത്തിയിട്ടുണ്ട്.
‘ലൈംഗികമായി വഴങ്ങുന്നവര്‍ക്ക് മാത്രം നല്ല ഭക്ഷണം ലഭിക്കും. നഗ്നത പ്രദര്‍ശിപ്പിക്കാന്‍ നടിമാര്‍ക്ക് മുകളില്‍ സമ്മര്‍ദമുണ്ട്. വഴിവിട്ട കാര്യങ്ങള്‍ക്ക് സംവിധായകരും നിര്‍മാതാക്കളും നിര്‍ബന്ധിക്കുന്നു. അതിക്രമം കാട്ടിയവരില്‍ ഉന്നതരുണ്ട്’- എന്നിങ്ങനെ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്. സിനിമ മേഖലയിലെ സ്ത്രീ സുരക്ഷ്ക്കായി സംവിധാനം വേണമെന്ന് പരാതിക്കാര്‍ കമ്മിറ്റിക്ക് മുമ്പാകെ ആവശ്യപ്പെട്ടിട്ടുണ്ട്.