വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് തണലൊരുക്കാൻ തന്റെ പേരിലുള്ള ഭൂമി വിട്ടു നൽകി യുവതി. വയനാട് കോട്ടത്തറ സ്വദേശി അജിഷ ഹരിദാസും, ഭർത്താവ് ഹരിദാസുമാണ് 20 സെന്റ് സ്ഥലം വിട്ടുനൽകിയത്. ഭൂമിയുടെ രേഖ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
നിലവിൽ തൃശൂർ കെഎസ്എഫ്ഇ ഈവനിംഗ് ബ്രാഞ്ചിൽ സ്പെഷ്യൽ ഗ്രേഡ് അസിസ്റ്റന്റ് ആയി ജോലിചെയ്തു വരികയാണ് അജിഷ. കർഷക കുടുംബത്തിൽ ജനിച്ച അജിഷയുടെ അച്ഛൻ ജയചന്ദ്രനും അമ്മ ഉഷ കുമാരിക്കും വീടുവയ്ക്കുന്നതിനായി 2009 ൽ വയനാട് കമ്പളക്കാട് വാങ്ങിയ 20 സെന്റ് സ്ഥലമാണ് ദുരിതബാധിതർക്ക് വീട് വയ്ക്കാനായി സർക്കാരിലേക്ക് വിട്ടു നൽകിയത്.
അച്ഛനും അമ്മയും സഹോദരന്റെ വീട്ടിൽ സുരക്ഷിതരായതുകൊണ്ടാണ് ഒരു രാത്രി പുലരവേ വയനാട്ടിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി തന്റെ പേരിലുള്ള ഭൂമി നൽകാം എന്ന തീരുമാനത്തിലേക്കെത്തിയതെന്ന് അജിഷയും ഭർത്താവ് ഹരിദാസും പറഞ്ഞു.