Tuesday, November 19, 2024
Homeകേരളംകവളപ്പാറ ദുരന്തത്തിന് ഇന്ന് അഞ്ചാണ്ട്‌.

കവളപ്പാറ ദുരന്തത്തിന് ഇന്ന് അഞ്ചാണ്ട്‌.

കുന്നിൻമുകളിലെ വീടുകളിൽ കൂട്ടനിലവിളിപോലും ഉയർന്നില്ല, ആ രാത്രി മണ്ണാഴങ്ങളിൽ മറഞ്ഞത്‌ 59 പേർ. നാടിനെ കണ്ണീരിലാഴ്‌ത്തിയ കവളപ്പാറ ദുരന്തത്തിന്‌ വ്യാഴാഴ്‌ച അഞ്ചാണ്ട്‌.2019 ആഗസ്‌ത്‌ എട്ടിനാണ്‌ പോത്തുകല്ല് പഞ്ചായത്തിലെ കവളപ്പാറ മുത്തപ്പൻ മലയിടിഞ്ഞത്. 37 വീടും മണ്ണെടുത്തു. 100 ഏക്കറോളമാണ് ദുരന്തഭൂമിയിൽ തകർന്നത്. മുത്തപ്പൻകുന്നിന്റെ ചരിവുള്ള പ്രദേശത്ത് 35 ഏക്കറും കുത്തനെയുള്ള 15 ഏക്കറും നിരപ്പായ 13 ഏക്കറും നശിച്ചു.

37 ഏക്കറോളം മൺകൂനയായി.
ദുരന്തത്തിനിരയായവരുടെ കുടുംബത്തെ സംസ്ഥാന സർക്കാർ ചേർത്തുപിടിച്ചു. ഇനിയും കണ്ടെത്താൻ കഴിയാത്ത 11 പേരെയും മരിച്ചതായി കണക്കാക്കി 59 പേരുടെ കുടുംബങ്ങൾക്കും ധനസഹായം നൽകി. രക്ഷാപ്രവർത്തനത്തിനിടെ മരിച്ച ഭൂദാനം അനീഷിന്റെ ഭാര്യക്ക് സർക്കാർ ജോലി നൽകി. പുനരധിവാസത്തിന്‌ ചെലവഴിച്ചത് 20 കോടി രൂപയാണ്‌. മരിച്ചവരുടെ കുടുംബത്തിന് നാലു ലക്ഷംവീതം നൽകി. ദുരന്ത സ്ഥലത്തോടുചേർന്ന 116 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

പട്ടികവർഗ വിഭാഗത്തിലെ 33 കുടുംബത്തിന് ആറുലക്ഷം വീതം ഭൂമിക്കും ആറുലക്ഷം വീതം വീടിനും സർക്കാർ അനുവദിച്ചു. ഉപ്പട ഗ്രാമം റോഡിലാണ്‌ ഇവർക്ക്‌ വീടൊരുക്കിയത്‌. ഭൂദാനം ആലിൻചുവടിൽ നിർമിച്ച വീടുകളിലെ ഓരോ ഗുണഭോക്താവിനും ഏഴ് ലക്ഷംവീതം നൽകാൻ സർക്കാർ 2.31 കോടി അനുവദിച്ചു. കോൺക്രീറ്റ് റിങ് റോഡിന് 60 ലക്ഷം, 87 കുടുംബങ്ങൾക്ക് ഭൂമി വാങ്ങി വീടൊരുക്കാൻ 8.70 കോടി എന്നിങ്ങനെ അനുവദിച്ചു. 153 കുടുംബങ്ങളെയാണ്‌ പുനരധിവസിപ്പിച്ചത്‌. പോത്തുകല്ല് പഞ്ചായത്തിന് ഒരുകോടി രൂപ പശ്ചാത്തല സൗകര്യത്തിനും വ്യക്തിഗത ആനുകൂല്യങ്ങൾക്കുമായി നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments