Saturday, January 11, 2025
Homeകേരളംഡ്രൈ ഡേയിൽ മാറ്റം, ഒന്നാം തീയതിയും ഇനി മദ്യം കിട്ടും; മദ്യനയത്തിൽ ഉപാധികളോടെ മാറ്റം വരുത്താൻ...

ഡ്രൈ ഡേയിൽ മാറ്റം, ഒന്നാം തീയതിയും ഇനി മദ്യം കിട്ടും; മദ്യനയത്തിൽ ഉപാധികളോടെ മാറ്റം വരുത്താൻ ശുപാർശ.

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യനയത്തിൽ ഉപാധികളോടെ മാറ്റം വരുത്താൻ ശുപാർശ. ഡ്രൈ ഡേയിലെ മദ്യവിതരണത്തിലാണ് ഉപാധികളോടെ മാറ്റം വരുത്താൻ മദ്യനയത്തിന്റെ കരടിൽ ശുപാർശ നൽകിയത്. ഒന്നാം തീയതി മദ്യ ഷോപ്പുകൾ മുഴുവനായി തുറക്കേണ്ടതില്ല. പകരം മൈസ് ടൂറിസം, അന്താരാഷ്ട്ര കോൺഫറൻസുകൾ, ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് എന്നിവിടങ്ങളിൽ അന്നേ ദിവസം പ്രത്യേക ഇളവ് അനുവദിക്കാമെന്നും ശുപാർശയിൽ ഉണ്ട്.

മദ്യവിതരണം എങ്ങനെയാകണമെന്നത് സംബന്ധിച്ച ചട്ടങ്ങളിൽ വ്യക്തത വരുത്തും. ഡ്രൈ ഡേ കാരണം കോടികൾ നഷ്ടം വരുന്നതായി ടൂറിസം – നികുതി വകുപ്പ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മദ്യനയത്തിൽ ഉപാധികളോടെ മാറ്റം വരുത്താൻ ശുപാർശ ചെയ്യുന്നതെന്നാണ് മദ്യനയത്തിന്റെ കരട് റിപ്പോർട്ടിലുള്ളത്.

ഡ്രൈ ഡേ ഒഴിവാക്കി ഒന്നാം തീയ്യതി മദ്യവിതരണത്തിന് അനുമതി നൽകണമെന്ന ആവശ്യം സംസ്ഥാനത്തെ ബാർ ഉടമകൾ ഏറെക്കാലമായി ഉന്നയിക്കുന്നു. ഈ ആവശ്യം ഉപാധികളോടെ പരിഗണിക്കുന്ന സമീപനമാണ് ഇത്തവണ മദ്യനയത്തിൽ സർക്കാർ സ്വീകരിച്ചിരിക്കുന്നത്. സിപിഐഎമ്മിലെയും മുന്നണിയിലെയും ച‍ർച്ചകൾക്ക് ശേഷമാണ് നയം അന്തിമമാകുക. ഈ മാസം മന്ത്രിസഭയിൽ നയത്തിന് അംഗീകാരം നേടാനാണ് എക്സൈസ് വകുപ്പിൻ്റെ ലക്ഷ്യം.

മദ്യ ഉപഭോഗം നിയന്ത്രിക്കാന്‍ സംസ്ഥാനം ശ്രമിക്കുന്ന നിരവധി മാര്‍ഗങ്ങളില്‍ ഒന്നാണ് ഡ്രൈ ഡേകള്‍. മദ്യ വില്‍പ്പനയില്ലാത്ത ദിവസത്തെയാണ് ഡ്രൈ ഡേ എന്ന് വിളിക്കുന്നത്. ഓരോ 3 മാസത്തിലും ഡ്രൈഡേകളുടെ പട്ടിക സര്‍ക്കാര്‍ പുറത്തുവിടാറുണ്ട്. ഈ ദിവസങ്ങളിൽ ഒരു തുള്ളി മദ്യം എവിടെ നിന്നും ആർക്കും ലഭിക്കില്ല. ഒരു പരിപാടിയ്ക്കോ പ്രത്യേക ദിവസത്തിനോ തിരഞ്ഞെടുപ്പിനോ മുന്നോടിയായി കടകളിലും ബാറുകളിലും ക്ലബ്ബുകളിലും മറ്റ് സ്ഥലങ്ങളിലും മദ്യം വില്‍ക്കുന്നത് സര്‍ക്കാര്‍ നിരോധിക്കുന്ന ദിവസങ്ങളാണ് ഡ്രൈ ഡേ. ഒരു വര്‍ഷത്തില്‍ ഏകദേശം 20,21 ദിവസങ്ങള്‍ ഡ്രൈ ഡേയായി വരാം. ഒക്ടോബര്‍ 2 ഗാന്ധി ജയന്തി, ജനുവരി 26 റിപ്പബ്ലിക് ദിനം, ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം എന്നീ ദിവസങ്ങളിലൊക്കെ ഡ്രൈ ഡേയാണ്.

മദ്യവില്‍പ്പന നിരോധിച്ചിരിക്കുന്ന ചില ഉത്സവങ്ങളുമുണ്ട്. അതായത് തൃശൂർ പൂരത്തിന് കോർപ്പറേഷൻ പരിധിയിൽ 2 ദിവസം ഡ്രൈ ഡേയാണ്. ഇന്ത്യന്‍ ഭരണഘടനയിലും ഇത് സംബന്ധിച്ച് ഒരു നിയമം ഉണ്ടാക്കിയിട്ടുണ്ട്. ഭരണഘടനയുടെ 47-ാം അനുച്ഛേദത്തിലാണത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments