Thursday, January 9, 2025
Homeകേരളംട്രോളിങ് നിരോധനം നാളെ അവസാനിക്കും; സ്വപ്‌നങ്ങൾ നെയ്ത്‌ കടലിലേക്ക്‌.

ട്രോളിങ് നിരോധനം നാളെ അവസാനിക്കും; സ്വപ്‌നങ്ങൾ നെയ്ത്‌ കടലിലേക്ക്‌.

കൊല്ലം; അമ്പത്തിരണ്ടു ദിവസത്തെ ട്രോളിങ് നിരോധനം അവസാനിക്കാൻ ഒരുദിവസം ബാക്കിനിൽക്കെ യന്ത്രവൽക്കൃത ബോട്ടുകളിൽ ആഴക്കടലിലേക്ക്‌ പോകാനൊരുങ്ങി മത്സ്യത്തൊഴിലാളികൾ. ട്രോളിങ് നിരോധം ബുധൻ അർധരാത്രിയോടെയാണ്‌ അവസാനിക്കുക. വ്യാഴം പുലർച്ചെ ജില്ലയിലെ എല്ലാ ബോട്ടുകളും ആഴക്കടലിലേക്ക്‌ മീൻപിടിക്കാനായി യാത്രയാകും. നീണ്ടകര, ശക്തികുളങ്ങര, വാടി, തങ്കശ്ശേരി, അഴീക്കൽ ഹാർബറുകളിൽ ബോട്ടുകളുടെയും വലകളുടെയും അവസാന മിനുക്കുപണികൾ പൂർത്തിയാക്കി.

പ്രതികൂല കാലാവസ്ഥയെ തുടർന്ന്‌ തൊഴിൽദിനങ്ങൾ നഷ്ടപ്പെട്ടതടക്കമുള്ള എല്ലാ പ്രയാസങ്ങളും മറികടക്കാൻ കടൽ ഇക്കുറി കനിയുമെന്ന പ്രതീക്ഷയിലാണ് ബോട്ടുടമകളും തൊഴിലാളികളും. ഇത്തവണ കൂടുതൽ മഴ ലഭിച്ചതിനാൽ ചാകരക്കോള്‌ പ്രതീക്ഷയിലാണ്‌ തൊഴിലാളികൾ.
ട്രോളിങ് നിരോധനം നിലവിൽ വന്നതോടെ നാട്ടിലേക്കു മടങ്ങിയ ഇതരസംസ്ഥാന തൊഴിലാളികളിൽ ഭൂരിഭാഗവും തിരികെയെത്തി. ചെറുതും വലുതുമായി 750 യന്ത്രവൽക്കൃതബോട്ട്‌ ജില്ലയിലെ ഹാർബറുകൾ കേന്ദ്രീകരിച്ച്‌ മീൻപിടിക്കാൻ പോകുന്നുണ്ട്. നിരോധനം ബാധകമല്ലാത്ത ഇൻബോർഡ് വള്ളങ്ങൾക്കും ചെറിയ യാനങ്ങൾക്കും മീൻപിടിത്തത്തിനു പോകാൻ ശക്തികുളങ്ങരയിലെയും നീണ്ടകരയിലെയും അഴീക്കലിലെയും മത്സ്യഫെഡ് ബങ്കുകളും പ്രവർത്തിച്ചു.

ട്രോളിങ്‌ നിരോധനകാലത്ത് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സൗജന്യറേഷൻ വിതരണംചെയ്തു‌. പഞ്ഞമാസങ്ങളിൽ ഫിഷറീസ് വകുപ്പ് നൽകുന്ന സാമ്പത്തിക സമാശ്വാസ ധനസഹായത്തിന്റെ ഭാഗമായുള്ള 4500രൂപയിൽ രണ്ടുഗഡു ഇതിനകം വിതരണംചെയ്‌തു. മൂന്നാംഗഡു ഉടൻ വിതരണംചെയ്യുമെന്ന്‌ ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്ടർ പ്രിൻസ്‌ പറഞ്ഞു.
ഡീസൽ ബങ്കുകൾ തുറന്നു
മത്സ്യത്തൊഴിലാളികളുടെയും ബോട്ടുടമകളുടെയും ആവശ്യം പരിഗണിച്ച് ഡീസൽ ബങ്കുകൾ തിങ്കളാഴ്‌ച തുറന്നു.

സാധാരണ നിരോധനം അവസാനിക്കുന്നതിന്റെ തലേന്നാണ്‌ ബങ്കുകൾ തുറക്കുക. എന്നാൽ, 31നുമുമ്പ്‌ എല്ലാ ബോട്ടിലും ഇന്ധനം നിറയ്ക്കാൻ കഴിയില്ലെന്ന്‌ അവർ ചൂണ്ടിക്കാട്ടി. വലിയബോട്ടിൽ 3000–-3500 ലിറ്റർ ഡീസൽ, 300–-500 ബ്ലോക്ക്‌ ഐസ്, 5000 ലിറ്റർ വെള്ളം എന്നിവ ആവശ്യമാണ്. ഒരു ബോട്ടിൽ ഡീസലും ഐസും നിറയ്ക്കാൻ കുറഞ്ഞത്‌ മൂന്നുമണിക്കൂർ വീതം വേണ്ടിവരും. ഇതിനെത്തുടർന്ന്‌ ഫിഷറീസ് അധികൃതർ ബങ്കുകൾ തുറക്കാൻ അനുമതി നൽകുകയായിരുന്നു. ഇതോടെ തീരങ്ങളിലെ പമ്പുകളിൽ തിങ്കൾ രാവിലെ മുതൽ തിരക്കേറി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments