കീഴ്വായ്പൂര് ; ആടിനെ മോഷ്ടിച്ചതിന് പിടിയിലായയാൾ യുവതിയെ കഞ്ചാവ് വലിപ്പിച്ച് ശാരീരികമായി അപമാനിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ.തിരുവല്ല യമുനാനഗർ ദർശനഭവനം സ്റ്റോയി വർഗീസിനെയാണ് (30) കീഴ്വായ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഇയാളുടെ കൂട്ടാളി കല്ലൂപ്പാറ കടമാൻകുളം ചാമക്കുന്ന് കോളനിയിൽ ബസലേൽ സി.മാത്യുവിനെ (പ്രവീൺ-37) കഴിഞ്ഞദിവസം പോലീസ് പിടികൂടിയിരുന്നു.
ജൂൺ മൂന്നിന് വൈകീട്ട് നാലിന് കടമാങ്കുളം ഹെൽത്ത് സെന്ററിന് സമീപം റോഡിൽനിന്ന് യുവതിയെ ബസലേലും സ്റ്റോയിയും ചേർന്ന് ബലം പ്രയോഗിച്ച് കാറിൽ കയറ്റി കൊണ്ടുപോയെന്നാണ് പരാതി.പിൻസീറ്റിലിരുന്ന് ബസേലേൽ കഞ്ചാവെടുത്ത് വലിക്കാൻ ആവശ്യപ്പെട്ടു. നിരസിച്ചപ്പോൾ ബലപ്രയോഗം നടത്തുകയും ചെയ്തു.ഈസമയം സ്റ്റോയി വർഗീസ് കയ്യിലിരുന്ന കത്തികാട്ടി ഭീഷണിപ്പെടുത്തി യുവതിയെ കഞ്ചാവ് വലിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. പരാതി കിട്ടിയ കീഴ്‌വായ്‌പൂർ പോലീസ് കേസ് എടുത്ത് അന്വേഷിച്ചെങ്കിലും കാര്യമായ വിവരങ്ങൾ കിട്ടിയിരുന്നില്ല.ഇതിനിടെയാണ് അടൂർ പോലീസ് രജിസ്റ്റർ ചെയ്ത, ആടുകളെ മോഷ്ടിച്ചുകടത്തിയ കേസിൽ സ്റ്റോയി അറസ്റ്റിലായത്.
ഈ കേസിൽ റിമാൻഡിൽ കഴിഞ്ഞുവരുന്ന ഇയാളെ കോടതിയുടെ അനുവാദത്തോടെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ബസലേലിനെ വീട് വളഞ്ഞാണ് ഞായറാഴ്ച കസ്റ്റഡിയിൽ എടുത്തത്.തിരുവല്ല ഡിവൈ.എസ്.പി. എസ്.അഷാദിന്റെ മേൽനോട്ടത്തിൽ, കീഴ്‌വായ്‌പ്പൂർ പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥ്, എസ്.ഐ.മാരായ സതീഷ് ശേഖർ, പി.പി. മനോജ് കുമാർ തുടങ്ങിയവരടങ്ങിയ പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്.