Tuesday, November 26, 2024
Homeകേരളംകണ്ണൂരിലെ നിധിശേഖരം, രണ്ടാംദിവസവും കൂടുതല്‍ നാണയങ്ങള്‍ കിട്ടി; സ്ഥലം കാണാന്‍ വന്‍തിരക്ക്.

കണ്ണൂരിലെ നിധിശേഖരം, രണ്ടാംദിവസവും കൂടുതല്‍ നാണയങ്ങള്‍ കിട്ടി; സ്ഥലം കാണാന്‍ വന്‍തിരക്ക്.

കണ്ണൂര്‍ : പരിപ്പായിയില്‍ മഴക്കുഴിയെടുക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കിട്ടിയ സ്വര്‍ണം, വെള്ളി ശേഖരം പുരാവസ്തുവകുപ്പ് പരിശോധിക്കും. പരിസരത്ത് വേറെ എവിടെയെങ്കിലും നിധിശേഖരം ഉണ്ടോ എന്നറിയാന്‍ കൂടുതല്‍ പരിശോധന നടത്തും. ഇതിനായി പുരാവസ്തുവകുപ്പ് വിദഗ്ധര്‍ തിങ്കളാഴ്ചയെത്തും. അതേസമയം ‘നിധി’ കിട്ടിയ കുഴിക്ക് സമീപത്തുനിന്ന് ശനിയാഴ്ച കൂടുതല്‍ നാണയങ്ങള്‍ തൊഴിലാളികള്‍ക്ക് ലഭിച്ചു. അഞ്ച് വെള്ളിനാണയങ്ങളും മാലയുടെ മുത്തുമണികളുമാണ് കണ്ടെത്തിയത്.

ആദ്യം കണ്ടെത്തിയ പാത്രത്തില്‍നിന്ന് ഇവ തെറിച്ചുവീണതെന്നാണ് കരുതുന്നത്. വെള്ളിനാണയത്തില്‍ അറബിക് ഭാഷയിലേതുപോലയുള്ള എഴുത്തുമുണ്ട്. പരിപ്പായി ഗവ. യു.പി സ്‌കൂളിന് സമീപത്തെ പുതിയപുരയില്‍ താജുദ്ദീന്റെ റബ്ബര്‍ തോട്ടത്തില്‍ നിന്നാണ് ഇവ കിട്ടിയത്. കഴിഞ്ഞ ദിവസം 17 മുത്തുമണി, 13 സ്വര്‍ണലോക്കറ്റുകള്‍, കാശുമാലയുടെ ഭാഗമെന്ന് കരുതുന്ന നാല് പതക്കങ്ങള്‍, അഞ്ച് മോതിരങ്ങള്‍, ഒരു സെറ്റ് കമ്മല്‍, നിരവധി വെള്ളിനാണയങ്ങള്‍, ഭണ്ഡാരമെന്ന് തോന്നിക്കുന്ന ഒരു സാധനം എന്നിവയാണ് കണ്ടെടുത്തത്.

ഒരു മീറ്റര്‍ ആഴത്തില്‍ കുഴിയെടുത്തപ്പോഴാണ് ഇവ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് തൊഴിലാളികള്‍ പഞ്ചായത്തിലും പോലീസിലും വിവരമറിയിക്കുകയായിരുന്നു. കണ്ടെടുത്ത സ്വര്‍ണാഭരണങ്ങളും വെള്ളിനാണയങ്ങളും തളിപ്പറമ്പ് എസ്.ഡി.എം. കോടതിയില്‍ ഹാജരാക്കി. നിധി കണ്ടെത്തിയ സ്ഥലം കാണന്‍ ഒട്ടേറെ ആളുകളാണ് എത്തുന്നത്. സ്വര്‍ണം, വെള്ളി ശേഖരം പുരാവസ്തുവകുപ്പ് വിദഗ്ധസംഘം പരിശോധിക്കുമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. നിലവില്‍ റവന്യൂവകുപ്പിന്റെ കൈവശമാണ് കണ്ടെത്തിയ വസ്തുക്കള്‍ ഉള്ളത്. കാലപ്പഴക്കം എത്രയാണെന്ന് തിട്ടപ്പെടുത്തിയിട്ടില്ല. ഇതെല്ലാം പരിശോധിക്കാന്‍ പുരാവസ്തു ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുരാവസ്തുവാണെന്ന് കണ്ടെത്തിയാല്‍ ഏറ്റെടുക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments