ഹരിപ്പാട്: നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന ഒരു കള്ളനെത്തപ്പി നെട്ടോട്ടമോടുകയാണ് ആലപ്പുഴ, കൊല്ലം ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥര്‍. പക്കി സുബൈർ എന്ന കള്ളനുവേണ്ടി പല സംഘങ്ങളായി തിരിഞ്ഞ് രാത്രി മുഴുവൻ തിരച്ചിലിലാണ് പൊലീസ്.
എന്നാല്‍ ഇവരുടെയെല്ലാം കണ്ണുവെട്ടിച്ച് പക്കി സുബൈർ ഈസിയായി മോഷണം തുടരുകയാണ്. പുലർച്ചെ ഒന്നിനും മൂന്നിനും ഇടയിലാണ് മോഷണ സമയം.രണ്ടുമാസത്തിനിടെ നടത്തിയ നൂറോളം മോഷണങ്ങളിലൂടെ കുറഞ്ഞത് ഏഴുലക്ഷം രൂപയെങ്കിലും ഇയാൾ അപഹരിച്ചിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. സിസിടിവികളിൽ ഇയാളുടെ ചിത്രങ്ങളുണ്ട്.
അടിവസ്ത്രമാണ് മോഷണത്തിനിറങ്ങുമ്പോഴുള്ള വേഷം. വീടുകളുടെയും കടകളുടെയും പരിസരങ്ങളിൽനിന്നു കിട്ടുന്ന ആയുധങ്ങൾ കൈക്കലാക്കുന്ന ഇയാള്‍ മറ്റൊന്നും കൊണ്ടുനടക്കാറില്ല.പണവും സ്വർണവും സ്വന്തം ഉപയോഗത്തിനുള്ള വസ്ത്രങ്ങളും മാത്രമേ മോഷ്ടിക്കുള്ളൂ. മോഷണം കഴിഞ്ഞാല്‍ ഒരു കുളി നിർബന്ധമാണ്.അതും മോഷണം നടത്തിയ വീടുകള്‍ക്ക് പുറത്ത് ഒരു കുളിമുറി കൂടിയുണ്ടെങ്കിൽ സുബൈർ വിസ്തരിച്ചൊന്ന് കുളിക്കും. മോഷണത്തിനിറങ്ങുന്നതിനു മുൻപ് വസ്ത്രങ്ങൾ എവിടെങ്കിലും സൂക്ഷിച്ചുവെക്കും. കുളികഴിഞ്ഞ് ഇവ ധരിച്ചാണ് മടക്കം.
കൊല്ലം ശൂരനാട് സ്വദേശിയായ പക്കി സുബൈർ (51) 2022 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി കൊല്ലം, ആലപ്പുഴ ജില്ലകളിലെ കൊല്ലം, ഓച്ചിറ, കരുനാഗപ്പള്ളി, മാവേലിക്കര, ഹരിപ്പാട്, കരീലക്കുളങ്ങര, കായംകുളം, അമ്പലപ്പുഴ, ചെങ്ങന്നൂർ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ വ്യാപകമായി മോഷണം നടത്തിയിട്ടുണ്ട്.
മാവേലിക്കര പൊലീസ് അടൂരിൽനിന്നാണ് ഇയാളെ പിടികൂടിയത്. തുടർന്ന് ജയിലിലായിരുന്ന പ്രതി കഴിഞ്ഞ മെയ് മാസത്തിലാണ് പുറത്തിറങ്ങിയത്. രാത്രി ട്രെയിനിലാണ് സുബൈർ മോഷണത്തിനെത്തുന്നതെന്നും പൊലീസ് പറയുന്നു. ട്രാക്കിലൂടെ നടന്ന് മോഷണത്തിനുള്ള വീടുകളും കടകളും കണ്ടെത്തും.മോഷണം കഴിഞ്ഞ് ട്രാക്കിലൂടെ തന്നെ നടക്കും. നേരം പുലരുമ്പോഴേക്കും ട്രെയിനിലോ ബസ്സിലോ മടങ്ങും. എല്ലാ ദിവസവും മോഷ്ടിക്കാനിറങ്ങുന്ന ഇയാള്‍ വളരെ പെട്ടെന്നാണ് അപ്രത്യക്ഷനാകുന്നത്. ഏറെദൂരം കടന്ന് മോഷണം നടത്തുന്നതിനാൽ പൊലീസ് തന്നെയാണ് പക്കി സുബൈർ എന്ന പേരിട്ടത്.