കൊച്ചി: കാലടി ശ്രീ ശങ്കര കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഫോട്ടോഗ്രാഫറുമായ കാലടി മാടശ്ശേരി സ്വദേശിയായ എസ് രോഹിത്തിനെതിരെ പോക്‌സോ കേസ്. കാലടി ശ്രീ ശങ്കര കോളേജ് വിദ്യാര്‍ത്ഥിനികളുടെ ചിത്രം അശ്ലീല ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസ് രോഹിത്തിനെതിരെ കേസെടുത്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ചതിനാണ് ഇപ്പോൾ പോക്സോ ചുമത്തി കേസ് എടുത്തിരിക്കുന്നത്. പോക്‌സോയും ഐടി ആക്റ്റിലെ വകുപ്പുകളും ഇയാള്‍ക്കെതിരെ ചുമത്തിയതായി പൊലീസ് അറിയിച്ചു.
വിദ്യാര്‍ത്ഥിനികളുടെ ചിത്രം അശ്ലീല ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പൊലീസ് ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബിരുദ വിദ്യാര്‍ത്ഥിനിയുടെ പരാതിയിലായിരുന്നു പൊലീസ് അന്വേഷണം. സമാനമായി ഇരുപതിലേറെ പെണ്‍കുട്ടികളുടെ ചിത്രം രോഹിത് പ്രചരിപ്പിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ഉള്‍പ്പെട്ടിരുന്നു. അതിനാലാണ് പോക്‌സോ കേസ് ചുമത്തിയത്.
പഠനം പൂര്‍ത്തിയായെങ്കിലും ഫോട്ടോഗ്രാഫറായ രോഹിത് മിക്കവാറും ദിവസങ്ങളില്‍ കോളേജിലെത്തിയിരുന്നു. വിദ്യാര്‍ത്ഥിനികളുമായി സൗഹൃദം സ്ഥാപിച്ച് അവരുടെ ചിത്രങ്ങള്‍ പകര്‍ത്തിയാണ് ഇത്തരത്തില്‍ പ്രചരിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം രണ്ട് ഫോണുകള്‍ പിടിച്ചെടുത്ത ശേഷം രോഹിത്തിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് ഇയാള്‍ക്കെതിരെ പൊലീസ് കടുത്ത നടപടിയിലേക്ക് നീങ്ങിയത്. രോഹിത് മുന്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെന്ന് കെഎസ്‌യു ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ നിഷേധിച്ചിരുന്നു.