Saturday, January 11, 2025
Homeകേരളംഐ.എസ്.ആർ.ഒ ചാരക്കേസിൽ നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് തെളിവില്ലാതെ; സി.ബി.ഐ കുറ്റപത്രം.

ഐ.എസ്.ആർ.ഒ ചാരക്കേസിൽ നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് തെളിവില്ലാതെ; സി.ബി.ഐ കുറ്റപത്രം.

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു.
ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ സിബി മാത്യൂസ് ചാരക്കേസിൽ പ്രതിയാക്കിയത് തെളിവില്ലാതെയാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ആർ.ബി. ശ്രീകുമാർ നിർദേശിച്ചിട്ടാണ് നമ്പിനാരായണനെ പ്രതിയാക്കിയതെന്നും കുറ്റപത്രത്തിലുണ്ട്. മുൻ ഐ.ബി ഉദ്യോഗസ്ഥൻ ജയപ്രകാശ് കസ്റ്റഡിയിൽ വെച്ച് നമ്പി നാരായണനെ ക്രൂരമായി മർദിച്ചു. മർദനമേറ്റ് നമ്പി നാരായണൻ മൃതപ്രായനായിരുന്നുവെന്ന് ഡോക്ടർ മൊഴി നൽകിയിട്ടുണ്ട്. അന്ന് സി.ഐ ആയിരുന്ന എസ്. വിജയൻ കെട്ടിച്ചമച്ച കേസായിരുന്നു ചാരക്കേസ്. മറിയം റഷീദക്കെതിരെ വഞ്ചിയൂർ സ്റ്റേഷനിൽ തെളിവുകളില്ലാതെ കേസെടുപ്പിച്ചു. മഹിയം റഷീദയെ അന്യായ തടങ്കലിൽ വയ്ക്കുകയും ഐ.ബിയെ ചോദ്യം ചെയ്യാൻ അനുവദിക്കുകയും ചെയ്തു.

കുറ്റസമ്മതം നടത്താനായി മറിയം റഷീദയെ കസ്റ്റഡിയിൽ വച്ച് പീഡിപ്പിച്ചു. ചാരക്കേസ് വിവരങ്ങൾ ചോർത്തി നൽകിയത് വിജയനാണെന്ന് മുതിർന്ന മാധ്യമപ്രവർത്തകർ മൊഴി നൽകിയിട്ടുണ്ട്. മറിയം റഷീദ ആദ്യം അറസ്റ്റിലായതിന്റെ പി​റ്റേന്നു മുതൽ വാർത്തകൾ വന്നു തുടങ്ങിയെന്നും കുറ്റപത്രത്തിലുണ്ട്. എസ്.ഐ.ടി കസ്റ്റഡിയിലുള്ളപ്പോള്‍ പോലും ഐ.ബി ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി ചോദ്യം ചെയ്തു. പ്രതി ചേർക്കപ്പെട്ടവർക്ക് കസ്റ്റഡിയിൽ ചികിത്സ നൽകിയ കാര്യം രേഖകളിൽ ഇല്ല. വ്യാജ രേഖകൾ ഉണ്ടാക്കിയത് അന്വേഷണ സംഘത്തിലുണ്ടായിരുന്ന സി.ഐ കെ.കെ. ജോഷ്വയായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

മുൻ പൊലീസ് ഉദ്യോഗസ്ഥരും ഐ.ബി ഉദ്യോഗസ്ഥരും ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് സി.ബി.ഐ കുറ്റപത്രം നൽകിയിരുന്നത്. മുൻ ഡി.ജി.പി സിബി മാത്യൂസ്, മുൻ ഡി.ജി.പി ആർ.ബി. ശ്രീകുമാർ, മുൻ എസ്.പി എസ്. വിജയൻ, സി.ഐ കെ.കെ. ജോഷ്വാ, മുൻ ഐ.ബി ഉദ്യോഗസ്ഥൻ ജയപ്രകാശ് എന്നിവരാണ് പ്രതികൾ. ഗൂഢാലോചന, സ്ത്രീകളോട് മോശമായി പെരുമാറുക, തടഞ്ഞുവെക്കൽ, മർദനം തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments