പ്രോടേം സ്പീക്കര്‍, നീറ്റ്, നെറ്റ് വിവാദങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധം നടക്കുകയാണെന്നും ഈ വിഷയങ്ങള്‍ ശക്തമായി പാര്‍ലമെന്‍റില്‍ ഉന്നയിക്കുമെന്നും നിയുക്ത എംപി ഷാഫി പറമ്പിൽ പറഞ്ഞു.
കഴിഞ്ഞതവണത്തെ പോലെ അവഗണിക്കാവുന്ന ശക്തിയല്ല പ്രതിപക്ഷം. ഇന്ത്യ മുന്നണിയുടെ ശബ്ദമാവുക എന്നത് പാർലമെന്‍റിന് അകത്തെ ഉത്തരവാദിത്വമാണ്. നിയമസഭയിൽ ഒരുപാട് അവസരങ്ങൾ ഉണ്ടായിരുന്നു.പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ചെറുപ്പക്കാരൻ വരണമെന്ന് തന്നെയാണ് ആഗ്രഹം. പാർട്ടി വേദിയിൽ ഇക്കാര്യം ശക്തമായി ഉയർത്തും.
രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകണം.ഭരണഘടന സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവൻ ജനതയുടേയും ആവശ്യമാണിത്. മലബാറിലെ ട്രെയിൻ യാത്രക്കാര്‍ ദുരിതത്തിലാണ്. സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ഇടപെടൽ നടത്തും.
വടകരയുടെ വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് പ്രഥമ പരിഗണന നല്‍കുക. യുവാക്കൾക്കും വിദ്യാർത്ഥികൾക്കും വേണ്ടി മണ്ഡലത്തിൽ പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.ഇന്ന് വൈകിട്ട് നാലിനാണ് ഷാഫി പറമ്പിൽ ഉള്‍പ്പെടെയുള്ള കേരളത്തില്‍ നിന്നുള്ള എംപിമാരുടെ സത്യപ്രതിജ്ഞ നടക്കുക.