തിരുവനന്തപുരം: ഭർത്താവ് ജോർജ് ജോസഫിനെതിരായ ആരോപണം അടിസ്ഥാന രഹിതമെന്ന് മന്ത്രി വീണാ ജോർജ്. റോഡ് അലൈൻമെന്റിൽ മാറ്റം വരുത്താൻ മന്ത്രിയുടെ ഭർത്താവ് ഇടപെട്ടെന്ന ആരോപണത്തിലാണ് പ്രതികരണം.
താൻ എംഎൽഎ ആകുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ ഭർത്താവിന് കൊടു മണ്ണിലെ 22.5 സെന്റ് സ്ഥലം ഉണ്ടായിരുന്നു. കെട്ടിടം വച്ചത് ഒരുകോടി 89 ലക്ഷം രൂപ ബാങ്ക് ലോണെടുത്താണ്.
ഇതിനു മുന്നിലൂടെയാണ് ഏഴംകുളം -കൈപ്പട്ടൂർ റോഡ് പോകുന്നത്. ഈ റോഡിന് കിഫ്ബിയിലൂടെ പണം അനുവദിച്ച് ബിഎം ആന്റ് ബിസി ടാറിങ്ങിനായുള്ള നിർമ്മാണ പ്രവർത്തിയും നടക്കുകയാണ്. 2020 ലാണ് 12 മീറ്റർ വീതിയിൽ റോഡ് നിർമ്മാണത്തിന് കിഫ്ബി ധനാനുമതി നൽകിയത്. അതായത് മന്ത്രിയാകുന്നതിന് മുമ്പാണെന്ന് വീണാ ജോർജ് പറഞ്ഞു.
ഇനി ഈ പറയുന്ന ഭാഗത്ത് റോഡിന്റെ വീതി അളന്നു നോക്കിയാൽ 17 മീറ്ററാണ് എന്ന് കാണാൻ കഴിയും. ഈ റോഡിന് ഇത്രയും വീതി മറ്റൊരിടത്തുമില്ല. റോഡ് നിർമാണം നടക്കുന്നത് കിഫ്ബി 2020 ൽ അനുവദിച്ച 12 മീറ്റർ വീതിയിൽ കെആർഎഫ്ബി നിശ്ചയിച്ച അലൈൻമെന്റിലാണ്. അതിൽ ഒരുതരത്തിലുള്ള മാറ്റവും ഈ ഭാഗത്ത് ഉണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.