കേരളത്തിലെ വിവിധ പ്രൊഫഷണൽ കോഴ്സുകളിലെ 2024-25ലെ പ്രവേശനത്തിന്റെ ഭാഗമായി നടത്തുന്ന എൻജിനിയറിങ്, ഫാർമസി പ്രവേശനപരീക്ഷകൾ ജൂൺ അഞ്ചുമുതൽ നടത്തുകയാണ്. എൻജിനിയറിങ്/ഫാർമസി പ്രവേശനപരീക്ഷകൾ ആദ്യമായി കംപ്യൂട്ടർ അധിഷ്ഠിതരീതിയിൽ വിവിധ സെഷനുകളിലായി നടത്തുന്നു എന്നതാണ് ഈ വർഷത്തെ സവിശേഷത.
പരീക്ഷാസമയം.
ജൂൺ അഞ്ചുമുതൽ ഒൻപതുവരെ ഉച്ചയ്ക്ക് രണ്ടുമുതൽ അഞ്ചുവരെയാണ് എൻജിനിയറിങ് പ്രവേശനപരീക്ഷ. ഫാർമസി പ്രവേശനപരീക്ഷ ജൂൺ 10-ന് ഉച്ചയ്ക്ക് 3.30 മുതൽ അഞ്ചുവരെയും. കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. കൂടാതെ ന്യൂഡൽഹി, മുംബൈ, ദുബായ് (യു.എ.ഇ.) എന്നിവയും പരീക്ഷാകേന്ദ്രങ്ങളാണ്.
അഡ്മിറ്റ് കാർഡ്.
പ്രവേശനപരീക്ഷകളുടെ പരിഷ്കരിച്ച അഡ്മിറ്റ് കാർഡ് (സമയമാറ്റം പ്രകാരമുള്ള അഡ്മിറ്റ് കാർഡ്) www.cee.kerala.gov.in-ൽ ലഭ്യമാക്കിയിട്ടുണ്ട്. ആപ്ലിക്കേഷൻ നമ്പർ, പാസ്വേഡ് എന്നിവ നൽകി പ്രൊഫൈൽ പേജിൽ ചെന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡു ചെയ്യാം.പരീക്ഷാർഥിയെ തിരിച്ചറിയുന്നതിലേക്ക് അഡ്മിറ്റ് കാർഡിന്റെ കളർ പ്രിൻറ്്ഔട്ട് എടുക്കുന്നത് അഭികാമ്യമാണ്. പരീക്ഷയ്ക്കു പോകുമ്പോൾ അഡ്മിറ്റ് കാർഡ് കൈവശംവേണം. അതോടൊപ്പം ഫോട്ടോയുള്ള സാധുവായ, ഒരു അസൽ തിരിച്ചറിയൽ രേഖയും കൊണ്ടുപോകണം. സ്കൂൾ ഐഡൻറിറ്റി കാർഡ്, പാൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, വോട്ടർ ഐ.ഡി., ആധാർ കാർഡ്, ഇ-ആധാർ, പാസ്പോർട്ട്, ക്ലാസ് 12 ഹാൾ ടിക്കറ്റ്/അഡ്മിറ്റ് കാർഡ്, ഫോട്ടോ ഉള്ള ബാങ്ക് പാസ്ബുക്ക് എന്നിവയിൽ ഒന്നാകാം. ഇതൊന്നും ഹാജരാക്കാൻ കഴിയുന്നില്ലെങ്കിൽ പരീക്ഷാർഥി പ്ലസ്ടുതല പ്രോഗ്രാമിനു പഠിച്ച സ്ഥാപനത്തിന്റെ മേധാവിയിൽനിന്നോ ഒരു ഗസറ്റഡ് ഓഫീസറിൽനിന്നോ വാങ്ങിയ, ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. സർട്ടിഫിക്കറ്റ് നൽകുന്ന ഉദ്യോഗസ്ഥൻ ഫോട്ടോയിൽ സാക്ഷ്യപ്പെടുത്തണം.
അപേക്ഷയിലെ ഫോട്ടോ/ഒപ്പ് എന്നിവയിൽ പിശകുകളുള്ളവർ, പത്താം ക്ലാസ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാത്തവർ, പത്താം ക്ലാസ് സർട്ടിഫിക്കറ്റിൽ ന്യൂനത ഉള്ളവർ, അപേക്ഷാ ഫീസ് പൂർണമായും അടയ്ക്കാത്തവർ എന്നിവരുടെ അഡ്മിറ്റ് കാർഡ് പ്രൊഫൈൽ പേജിൽ ലഭ്യമാക്കിയിട്ടില്ല. അവർ പ്രൊഫൈൽ പേജിൽ നൽകിയിട്ടുള്ള ‘മെമ്മോ ഡീറ്റെയിൽസ്’ പരിശോധിക്കണം. ന്യൂനതകൾ പരിഹരിക്കാൻ ജൂൺ ഒന്നിന് വൈകീട്ട് നാലുവരെ സമയം അനുവദിച്ചിട്ടുണ്ട്. സമയപരിധിക്കകം അത് പരിഹരിക്കുന്നമുറയ്ക്ക് അഡ്മിറ്റ് കാർഡ് പ്രൊഫൈൽ പേജിൽ ലഭ്യമാക്കും. അഡ്മിറ്റ് കാർഡ്, സാധുവായ തിരിച്ചറിയൽ കാർഡ് എന്നിവ ഇല്ലാത്തവരെ പരീക്ഷ അഭിമുഖീകരിക്കാൻ അനുവദിക്കുന്നതല്ല.
അപേക്ഷയ്ക്കൊപ്പം അപ്ലോഡ് ചെയ്ത മറ്റ് രേഖകളിൽ ന്യൂനതകളുള്ള പക്ഷം ആ വിവരം കാൻഡിഡേറ്റ് പോർട്ടൽ വഴി അപേക്ഷകരെ അറിയിക്കുന്നമുറയ്ക്ക് അത് പരിഹരിക്കണം.മെഡിക്കൽ, ആർക്കിടെക്ചർ കോഴ്സുകൾക്കു മാത്രം അപേക്ഷിച്ചവർക്ക് അഡ്മിറ്റ് കാർഡ് ലഭ്യമാക്കിയിട്ടില്ല. അവർക്ക് പ്രൊഫൈൽ പേജിൽ ലോഗിൻചെയ്ത് അവരുടെ അപേക്ഷയുടെ ഇപ്പോഴത്തെ നില മനസ്സിലാക്കാൻ കഴിയും.
റിപ്പോർട്ടിങ് സമയം.
പരീക്ഷ അഭിമുഖീകരിക്കുന്നവർ അഡ്മിറ്റ് കാർഡിൽ രേഖപ്പെടുത്തിയിട്ടുള്ള സമയത്ത് പരീക്ഷാകേന്ദ്രത്തിൽ റിപ്പോർട്ടു ചെയ്യണം.
ചോദ്യഘടന.
എൻജിനിയറിങ് പ്രവേശനപരീക്ഷയ്ക്ക് മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിൽനിന്ന് യഥാക്രമം 75, 45, 30 ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുള്ള ഒരു പേപ്പർ ഉണ്ടായിരിക്കും (മൊത്തം 150 ചോദ്യങ്ങൾ). പരീക്ഷാസമയം മൂന്നുമണിക്കൂർ (180 മിനിറ്റ്).
ഫാർമസി കോഴ്സ് പ്രവേശനപരീക്ഷ മാത്രം അഭിമുഖീകരിക്കുന്നവർക്ക് ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിൽനിന്ന് യഥാക്രമം 45-ഉം 30-ഉം ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും. അവർക്ക് പരീക്ഷയുടെ സമയം 90 മിനിറ്റ് ആയിരിക്കും.
ഒബ്ജക്ടീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഉത്തരം തിരഞ്ഞെടുത്ത് നിർദേശിച്ച രീതിയിൽ രേഖപ്പെടുത്തണം. ഓരോ ശരിയുത്തരത്തിനും നാലുമാർക്ക് കിട്ടും. ഓരോ തെറ്റുത്തരത്തിനും ഒരു മാർക്കുവീതം കുറയ്ക്കും.
പരീക്ഷാകേന്ദ്രത്തിലെ നടപടിക്രമങ്ങൾ.
അനുവദനീയമായ സാമഗ്രികൾ/രേഖകൾ: പരീക്ഷാഹാളിലേക്ക് അഡ്മിറ്റ് കാർഡ്, തിരിച്ചറിയൽ കാർഡ്, സിംപിൾ ട്രാൻസ്പരൻറ്് ബോൾ പോയൻറ്് പേന എന്നിവ മാത്രമേ അനുവദിക്കൂ. ഇൻവിജിലേറ്റർ നൽകുന്ന അറ്റൻഡൻസ് ഷീറ്റിൽ പരീക്ഷാർഥി നിർബന്ധമായും ഒപ്പിടണം.അനുവദനീയമല്ലാത്ത സാമഗ്രികൾ: പെൻസിൽ, ഇറേസർ, പേപ്പർ, ബുക്കുകൾ, നോട്ടുകൾ, ലോഗരിതം ടേബിൾ, പെൻസിൽ ബോക്സ്, കറക്ഷൻ ഫ്ലൂയിഡ്, ഇലക്ട്രോണിക് സാമഗ്രികൾ (കാൽക്കുലേറ്റർ, ഡിജിറ്റൽ വാച്ച്, ക്യാമറ പെൻ മുതലായവ), കമ്യൂണിക്കേഷൻ ഉപകരണങ്ങൾ (മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, ഇയർ ഫോൺ തുടങ്ങിയവ) അനുവദനീയമല്ല.
ക്രിയ ചെയ്യാൻ പേപ്പർ നൽകും.
ക്രിയ ചെയ്യാനുള്ള പേപ്പർ, പരീക്ഷാഹാളിൽ നൽകും. പേര്, റോൾ നമ്പർ എന്നിവ പേപ്പറിന്റെ മുകൾഭാഗത്ത് രേഖപ്പെടുത്തണം. പേപ്പറിൽ ഒപ്പ് ഇടണം. പരീക്ഷ കഴിഞ്ഞ് പേപ്പർ ഇൻവിജിലേറ്ററെ തിരികെ ഏൽപ്പിക്കണം.
പരിശോധന.
പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യുമ്പോൾ ബയോമെട്രിക് പരിശോധന ഉണ്ടാകും. തുടർന്ന് പരീക്ഷാ ഹാളിൽ, കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് അനുവദിച്ച സീറ്റിലേക്ക് നീങ്ങാം. അനുവദിച്ച സീറ്റ് നമ്പർ കംപ്യൂട്ടർ ലോഗിൻ സ്ക്രീനിന്റെ താഴെ ഇടതുഭാഗത്ത് പ്രദർശിപ്പിച്ചിരിക്കും. അലോട്ടുചെയ്ത സീറ്റ് നമ്പറും ലോഗിൻ സ്ക്രീനിൽ കാണുന്ന സീറ്റ് നമ്പറും ഒന്നുതന്നെയാണെന്ന് ഉറപ്പാക്കണം.
പരീക്ഷയ്ക്കുമുമ്പുള്ള നടപടികൾ.
കംപ്യൂട്ടർ ടെർമിനലിൽ ലോഗിൻ സ്ക്രീനിൽ റോൾ നമ്പർ രേഖപ്പെടുത്താനുള്ള ഒരു ടെക്സ്റ്റ് ബോക്സ് കാണാൻ കഴിയും. വെർച്വൽ കീബോർഡ് ഉപയോഗിച്ച് റോൾനമ്പർ നൽകി, സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യണം.റോൾ നമ്പർ വാലിഡേഷൻ പൂർത്തിയാകുമ്പോൾ ലോഗിൻ പ്രക്രിയ പൂർത്തിയാക്കാൻ, പരീക്ഷാർഥിക്ക് പരീക്ഷാ ഹാളിൽവെച്ചു ലഭിക്കുന്ന സീക്രട്ട് കോഡ് സിസ്റ്റത്തിൽ രേഖപ്പെടുത്തണം.തുടർന്ന്, പൊതു നിർദേശങ്ങൾ, സ്ക്രീനിൽ കാണാൻകഴിയും. നിർദേശങ്ങൾ അടങ്ങുന്ന പേജിന്റെ മുകളിൽ വലതുഭാഗത്തായി പരീക്ഷാർഥിയുടെ പേര്, റോൾനമ്പർ, ഫോട്ടോ എന്നിവയും കാണാൻകഴിയും.
മോക് ടെസ്റ്റ്.
പരീക്ഷാരീതി പരിചയപ്പെടാൻ, യഥാർഥ പരീക്ഷ തുടങ്ങുന്നതിന് 15 മിനിറ്റുമുമ്പ് ‘മോക്’ ടെസ്റ്റ് ഉണ്ടാകും. മോക് ടെസ്റ്റ് തുടങ്ങാൻ അവശേഷിക്കുന്ന സമയം പ്രദർശിപ്പിക്കുന്ന ഒരു കൗണ്ട് ഡൗൺ ടൈമർ സ്ക്രീനിന്റെ മുകളിൽ വലതുഭാഗത്ത് കാണാൻ കഴിയും. ടൈമർ പൂജ്യത്തിലെത്തുമ്പോൾ പരീക്ഷാർഥിയെ മോക് ടെസ്റ്റിലേക്ക് സ്വയമേവ നയിക്കപ്പെടും. മോക് ടെസ്റ്റ് പേജിലും കൗണ്ട് ഡൗൺ ടൈമർ ഉണ്ടാകും. അത് പൂജ്യത്തിലെത്തുമ്പോൾ യഥാർഥ ടെസ്റ്റിലേക്ക് സ്വയമേവ നയിക്കപ്പെടും.
പരീക്ഷയുടെ നടപടികൾ.
യഥാർഥ പരീക്ഷാ സ്ക്രീനിൽ എത്തുന്ന വേളയിൽ, സ്ക്രീനിന്റെ മുകളിൽ വലതുഭാഗത്ത്, ഇൻഫർമേഷൻ പാനലിൽ, പരീക്ഷയിലെ മൊത്തം ചോദ്യങ്ങളുടെ എണ്ണം, ഉത്തരം നൽകിയ ചോദ്യങ്ങളുടെ എണ്ണം, അവശേഷിക്കുന്ന സമയം (കൗണ്ട് ഡൗൺ ടൈമർ) എന്നിവ കാണാൻകഴിയും.
ഇൻഫർമേഷൻ പാനലിനു താഴെ, തിരഞ്ഞെടുത്ത ചോദ്യവും (ക്വസ്റ്റ്യൻ ബ്ലോക്ക്) അതിനോടുചേർന്ന് ഉത്തര ഓപ്ഷനുകളും കാണാൻകഴിയും. ഏറ്റവും അനുയോജ്യമായ ഉത്തരം, മൗസ് ഉപയോഗിച്ച് ഓപ്ഷനു നേരേയുള്ള ബട്ടൺ ക്ലിക്ക് ചെയ്ത് തിരഞ്ഞെടുക്കാം. ചോദ്യത്തിന്റെ ഫോണ്ട് വലുപ്പം മാറ്റാനുള്ള സൗകര്യം ക്വസ്റ്റ്യൻ ബ്ലോക്കിന്റെ മുകളിൽ വലതുമൂലയ്ക്ക് ഉണ്ടാകും.
ചോദ്യ പാലറ്റ്.
മൊത്തം ചോദ്യങ്ങളുടെ നമ്പറുകൾ നൽകിയിട്ടുള്ള ക്വസ്റ്റ്യൻ പാലറ്റ് സ്ക്രീനിൽ ക്വസ്റ്റ്യൻ ബ്ലോക്കിന്റെ വലതുഭാഗത്ത് കാണാൻ കഴിയും. അവിടെയുള്ള ചോദ്യ നമ്പർ ക്ലിക്ക് ചെയ്ത് താത്പര്യമുള്ള വിഷയമോ ചോദ്യമോ തിരഞ്ഞെടുക്കാൻ കഴിയും.ക്വസ്റ്റ്യൻ പാലറ്റിൽ ചോദ്യങ്ങളുടെ നില, വിവിധ വർണങ്ങളിലാകും കാണുക. ഉത്തരം നൽകിയവ -പച്ച, ഉത്തരം നൽകാത്തവ -വെള്ള, പുനഃപരിശോധനയ്ക്ക് മാർക്ക് ചെയ്തവ -ഓറഞ്ച്, ഉത്തരം നൽകി റിവ്യൂവിന് മാർക്ക് ചെയ്തവ -പർപ്പിൾ.
നാവിഗേഷൻ പാനൽ.
ഒരു ചോദ്യം തിരഞ്ഞെടുത്തശേഷം അതുമായി ബന്ധപ്പെട്ട റസ്പോൺസ് പിടിച്ചെടുക്കാനായി ക്വസ്റ്റ്യൻ ബ്ലോക്കിനു താഴെയായി വിവിധ ബട്ടണുകളുള്ള നാവിഗേഷൻ പാനൽ കാണാം. ആവശ്യമുള്ള ബട്ടൺ ക്ലിക്ക് ചെയ്ത് ഉദ്ദേശിച്ച നടപടി പൂർത്തിയാക്കാം.
നാവിഗേഷൻ പാനൽ ബട്ടണുകൾ ഇവയാണ്:
സേവ് ആൻഡ് നെക്സ്റ്റ് -തിരഞ്ഞെടുത്ത ഓപ്ഷൻ സേവ് ചെയ്ത്, അടുത്ത ചോദ്യത്തിലേക്ക് നീങ്ങാൻ
സേവ് ആൻഡ് പ്രീവിയസ് -തിരഞ്ഞെടുത്ത ഓപ്ഷൻ സേവ് ചെയ്ത്, തൊട്ടു പുറകിലുള്ള ചോദ്യത്തിലേക്ക് നീങ്ങാൻ
ക്ലിയർ റെസ്പോൺസ് -തിരഞ്ഞെടുത്ത ഓപ്ഷൻ/റെസ്പോണ്സ് ക്ലിയർ ചെയ്യപ്പെടും
മാർക്ക്/അൺ മാർക്ക് ഫോർ റിവ്യൂ: പുനഃപരിശോധനയ്ക്കായി ചോദ്യം മാർക്ക് ചെയ്യപ്പെടും (മാർക്ക്ഡ് ഫോർ റിവ്യൂ). ചോദ്യം ‘മാർക്ക് ഫോർ റിവ്യൂ’ ആക്കിയ ശേഷം ബട്ടൺ ക്ലിക്ക് ചെയ്താൽ, മാർക്ക്ഡ് ചോദ്യം അൺമാർക്ക്ഡ് ആകും.ഒരു ചോദ്യത്തിന് ഉത്തരം നൽകിയും ഉത്തരം നൽകാതെയും പുനഃപരിശോധനയ്ക്കായി മാർക്ക് ചെയ്യാം. ഉത്തരം തിരഞ്ഞെടുത്തു രേഖപ്പെടുത്തിയശേഷം മാർക്ഡ് ഫോർ റിവ്യൂ നൽകിയാൽ, പരീക്ഷ കഴിയുമ്പോൾ ആ നില തുടരുന്ന പക്ഷം, അന്തിമ മൂല്യനിർണയത്തിൽ, നൽകിയ ഉത്തരം പരിഗണിക്കും.
ഒരു ചോദ്യത്തിന്റെ ഓപ്ഷൻ/ഉത്തരം തിരഞ്ഞെടുത്തശേഷം, അടുത്ത ക്ലിക്ക് വഴി ക്വസ്റ്റ്യൻ പാലറ്റിൽനിന്നും മറ്റൊരു ചോദ്യം തിരഞ്ഞെടുത്താൽ, അടുത്ത ചോദ്യത്തിലേക്കു നീങ്ങാൻ, ഉത്തരം തിരഞ്ഞെടുത്ത ചോദ്യവുമായി ബന്ധപ്പെട്ട്, നാവിഗേഷൻ പാനലിലെ ഏതെങ്കിലും ഒരു ഓപ്ഷൻ തിരഞ്ഞെടുക്കാൻ സിസ്റ്റം ഓർമിപ്പിക്കും.
വെർച്വൽ കീ ബോർഡ്.
കീബോർഡ് ഉപയോഗം വേണ്ടിടത്ത് കംപ്യൂട്ടർ സ്ക്രീനിൽ ലഭ്യമാക്കുന്ന വെർച്വൽ കീബോർഡ് ഉപയോഗിക്കാം.
പരീക്ഷാ പൂർത്തീകരണം.
പരീക്ഷാസമയം പൂർണമായും കഴിഞ്ഞേ പരീക്ഷാഹാൾ വിട്ടുപോകാൻ അനുവാദമുള്ളൂ.കൗണ്ട് ഡൗൺ ടൈമർ പൂജ്യത്തിലെത്തുമ്പോൾ (യഥാർഥ പരീക്ഷ തുടങ്ങി 180 മിനിറ്റ് പൂർത്തിയാകുമ്പോൾ), പരീക്ഷ അവസാനിക്കുകയും എക്സാം സ്റ്റാറ്റിസ്റ്റിക്സ് പേജിലേക്ക് നയിക്കപ്പെടുകയും ചെയ്യും. മൊത്തം ചോദ്യങ്ങളുടെയും ഉത്തരം നൽകിയവയുടെയും നൽകാത്തവയുടെയും എണ്ണം അവിടെ കാണാൻകഴിയും. ഇവ മനസ്സിലാക്കി, പരീക്ഷാഹാൾ വിട്ടുപോകാം.
കംപ്യൂട്ടർ പ്രവർത്തനം തടസ്സപ്പെട്ടാൽ.
പരീക്ഷയ്ക്കിടയിൽ കംപ്യൂട്ടർ/മൗസ് എന്നിവ പ്രവർത്തിക്കാതെ വന്നാൽ മറ്റൊരു സിസ്റ്റം അനുവദിക്കും. പരീക്ഷയുടെ മുഴുവൻസമയം ലഭിക്കുന്ന രീതിയിൽ, നഷ്ടപ്പെട്ട സമയവും നൽകും. അത്തരത്തിൽ ഒരു പ്രശ്നം ഉണ്ടാകുന്ന പക്ഷം, അല്ലെങ്കിൽ പരീക്ഷയ്ക്കിടയിൽ എന്തെങ്കിലും സഹായം വേണ്ടിവരുന്ന പക്ഷം, ഇൻവിജിലേറ്ററുടെ ശ്രദ്ധ ആകർഷിക്കാൻ പരീക്ഷാർഥിക്ക്, സീറ്റിൽ ഇരുന്ന് കൈ ഉയർത്താവുന്നതാണ്.
ഇഷ്ടവിഷയം ആദ്യം.
മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയിൽ ഏറ്റവും ഇഷ്ടപ്പെട്ട വിഷയത്തിലെ ചോദ്യങ്ങൾക്ക് ആദ്യം ഉത്തരംനൽകാം. അത് ആത്മവിശ്വാസം വർധിപ്പിക്കും.ബുദ്ധിമുട്ടുള്ള വിഷയത്തിലെ ചോദ്യങ്ങൾ തുടക്കത്തിൽ ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്.
സമയം എങ്ങനെ ഉപയോഗിക്കാം.
പരീക്ഷയ്ക്ക് 150 ചോദ്യങ്ങൾക്കാണ് ഉത്തരം നൽകേണ്ടത്. സമയം 180 മിനിറ്റും (10,800 സെക്കൻഡ്). അതായത്, ഒരു ചോദ്യത്തിന്മേൽ ചെലവഴിക്കാവുന്ന ശരാശരി സമയം, 72 സെക്കൻഡുകൾ (ഒരു മിനിറ്റും 12 സെക്കൻഡും). ചോദ്യം വായിച്ചു മനസ്സിലാക്കി, ഓപ്ഷൻസ് പരിശോധിച്ച്, ക്രിയ ചെയ്തോ അല്ലാതെയോ ഏറ്റവും അനുയോജ്യമായ ഉത്തരം കണ്ടെത്തി, അത് കംപ്യൂട്ടറിൽ രേഖപ്പെടുത്താനുള്ള സമയമാണിത്. ലളിതമായ ചോദ്യങ്ങൾക്ക് ഈ സമയം വേണ്ടിവരില്ല. അവയിൽ ഓരോന്നിലും ലാഭിക്കുന്ന സമയം, കൂടുതൽ സമയം ചെലവഴിച്ച് ഉത്തരം കണ്ടെത്തേണ്ട കഠിനമായ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ സഹായകരമാകും.ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ശരാശരി സമയത്തിൽക്കൂടുതൽ തുടക്കത്തിൽ ചെലവഴിക്കാതിരിക്കുന്നതാണ് ഉചിതം. ഉത്തരം ലഭിക്കാൻ വൈകിയാൽ തത്കാലം അത് ഒഴിവാക്കി അടുത്ത ചോദ്യത്തിലേക്കു കടക്കുക. സമയം പിന്നീട് ലഭിക്കുന്നപക്ഷം ഒഴിവാക്കിയ ചോദ്യത്തിലേക്ക് തിരികെവന്ന് ഉത്തരത്തിത് ശ്രമിക്കാം.
പരീക്ഷകഴിഞ്ഞ്.
പരീക്ഷകഴിഞ്ഞ് ഉത്തരസൂചികകൾ പ്രസിദ്ധപ്പെടുത്തുമ്പോൾ അത് പരിശോധിക്കുക. അതിന്മേൽ ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ പ്രഖ്യാപിക്കുന്ന സമയപരിധിക്കകം, നിർദേശിച്ച രീതിയിൽ നിശ്ചിത ഫീസടച്ച് പരാതിപ്പെടാൻ ശ്രദ്ധിക്കുക.പ്രോസ്പെക്ടസ് പ്രകാരമുള്ള വ്യവസ്ഥകളാണ് ഇവിടെ സൂചിപ്പിച്ചിരിക്കുന്നത്. അഡ്മിറ്റ് കാർഡിലും പരീക്ഷാഹാളിലും ലഭിക്കാവുന്ന നിർദേശങ്ങളും പാലിക്കുക. പരീക്ഷ സംബന്ധിച്ച് മൊബൈൽ, ഇ-മെയിൽ എന്നിവയിലേക്കു വന്നേക്കാവുന്ന സന്ദേശങ്ങൾ, വെബ്സൈറ്റ് അറിയിപ്പുകൾ തുടങ്ങിയവയും ശ്രദ്ധിക്കുക. വിവരങ്ങൾക്ക്: www.cee.kerala.gov.in