കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം വീണ്ടും തുടങ്ങുന്നു. നാവികസേനയുടെ നേതൃത്വത്തില്‍ ഗംഗാവലി പുഴയില്‍ ഇന്ന് തിരച്ചില്‍ പുനരാരംഭിക്കും.
കാര്‍വാറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായിരിക്കുന്നത്. നാവിക സേനയുടെ പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് ദൗത്യം പുനരാരംഭിക്കാന്‍ തീരുമാനമുണ്ടായിരിക്കുന്നത്. ഗംഗാവലി പുഴയിലെ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് വീണ്ടും തിരച്ചില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പുഴയില്‍ റഡാര്‍ പരിശോധനയാകും നടക്കുക. ഇതിന് ശേഷമാകും പുഴയിലിറങ്ങിയുള്ള തിരച്ചില്‍ ഏത് വിധത്തില്‍ വേണമെന്ന് തീരുമാനിക്കുക.
നേരത്തെ ലോറിയുണ്ടെന്ന് സൂചന ലഭിച്ച ഭാഗത്താകും തിരച്ചില്‍ നടത്തുക. തിരച്ചില്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചതില്‍ സന്തോഷമുണ്ടെന്ന് അര്‍ജുന്റെ സഹോദരി മാധ്യമങ്ങളോട് പറഞ്ഞു.അര്ജുന് ഉള്‍പ്പടെയുള്ളവര്‍ക്കായി ഷിരൂരിലെ തിരച്ചില്‍ ദൗത്യം തുടരണമെന്ന് കര്‍ണാടക ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി തിരച്ചില്‍ തുടരണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍ ഗംഗാവലി പുഴയിലെ ഒഴുക്ക് അഞ്ച് നോട്ടിക്കല്‍ മൈലിന് മുകളിലായ സാഹചര്യത്തില്‍ തിരച്ചില്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.