കണ്ണൂരിലെ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ നിന്നും ഒരു കോടി രൂപയും 300 പവനും കവർന്ന കേസിൽ അയൽവാസി പോലീസിന്റെ പിടിയിലായി. വളപട്ടണം മന്നയിലെ അരിമൊത്ത വ്യാപാരി കെ പി അഷറഫിന്റെ വീട്ടിലാണ് മോഷണം നടന്നത്.
അഷറഫിന്റെ അയൽവാസിയായ കൊച്ചു കൊമ്പൽ വിജേഷാണ് (30) അന്വേഷണ സംഘത്തിൻറെ പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ, വിരലടയാളം എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിജേഷ് പിടിയിലായത്. മോഷ്ടിച്ച ആഭരണങ്ങളും പണവും വിജേഷിന്റെ വീട്ടിലെ കട്ടിലിനടിയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. വെൽഡിംഗ് തൊഴിലാളിയാണ് വിജേഷ്.
അഷറഫും കുടുംബവും മധുരയിൽ വിവാഹചടങ്ങിന് പങ്കെടുക്കാൻ പോയ വേളയിലാണ് മോഷണം നടന്നത്. നവംബർ 19 രാവിലെയാണ് ഇവർ വീടുപൂട്ടി പോയത്. 24ന് രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.വീടിൻറെ ജനൽ തകർത്തു അകത്തുകയറിയാണ് മോഷ്ടാവ് ലോക്കറിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും കവർന്നത്.വീടുമായി നല്ല പരിചയമുള്ള ആരോ ആണ് മോഷണം നടത്തിയതെന്ന് പോലീസ് മനസ്സിലാക്കിയിരുന്നു.
ഞായറാഴ്ച പ്രതിയുടെ മൊബൈൽ ഫോൺ പൊലീസ് വാങ്ങിയിരുന്നു. മൊബൈൽ ഫോൺ തിരിച്ചു വാങ്ങാൻ എത്തിയപ്പോഴാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.