കോട്ടയം :- കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതകത്തില്‍ പ്രതി ജോര്‍ജ് കുര്യന് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷയും 20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോട്ടയം അഡീഷണല്‍ സെക്ഷന്‍സ് കോടതി. ശിക്ഷ വേവ്വേറെ അനുഭവിക്കണം. വിവിധ വകുപ്പുകളില്‍ 8 വര്‍ഷവും മൂന്നു മാസവും ശിക്ഷ ആദ്യം അനുഭവിക്കണം. ശേഷം ഇരട്ട ജീവപര്യന്തവും അനുഭവിക്കണം.
കാഞ്ഞിരപ്പള്ളിയില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സഹോദരന്‍ രഞ്ജി കുര്യന്‍, മാതൃസഹോദരന്‍ മാത്യു സ്‌കറിയ എന്നിവരെ പ്രതി വെടിവെച്ച് കൊല്ലുകയായിരുന്നു.പ്രതി കാഞ്ഞിരപ്പള്ളി കരിമ്പനാല്‍ പടിയില്‍ കരിമ്പനാല്‍ വീട്ടില്‍ ജോര്‍ജ് കുര്യനാണ് (പാപ്പന്‍ – 54) ശിക്ഷ വിധിച്ചത്. വാദിഭാഗത്തിനും, പ്രതി ഭാഗത്തിനും പറയാനുള്ളത് വിശദമായി കോടതി കേട്ട ശേഷമാണ് വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിയത്.
താന്‍ നിരപരാധിയാണെന്നും, അമ്മയ്ക്ക് ഏറെ പ്രായമുണ്ടെന്നും, നേക്കേണ്ട ഉത്തരവാദിത്വം ഉണ്ടെന്നും കൂടാതെ, തന്റെ ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബത്തെയും സംരക്ഷിക്കേണ്ടതുണ്ടെന്നും പ്രതി ജോര്‍ജ് കുര്യന്‍ പറഞ്ഞു.
എന്നാല്‍ പ്രതിയ്ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും, അപ്രതീക്ഷിത സാഹചര്യത്തിന്റെയോ, പ്രകോപനത്തിന്റെയോ പേരിലല്ല കൊലപാതകം നടന്നതെന്നും ഇത് അപൂര്‍വ്വമായ കേസായി കണക്കാക്കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
പ്രതി ദയയോ, അര്‍ഹിക്കുന്നില്ല എന്ന് സമര്‍ത്ഥിക്കാന്‍ അര മണിക്കൂറോളം നീണ്ട വാദമാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സി.എസ് അജയന്‍ നടത്തിയത്. ഇത്തരത്തില്‍ നടന്ന സമാന സംഭവങ്ങളിലെ മുന്‍ വിധിന്യായങ്ങളും മറ്റും ഇതിനായി ചൂണ്ടിക്കാട്ടി.
കൂടാതെ സമൂഹത്തില്‍ ഉന്നത സാമ്പത്തീക നിലയില്‍ ഉള്ള പ്രതിയില്‍ നിന്നും വലിയ നഷ്ടപരിഹാരം ഈടാക്കി വാദിഭാഗത്തിന് നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.