കോട്ടയ്ക്കൽ.-മിഥുനം, കർക്കടകം മാസങ്ങൾ കലാകാരൻമാർക്കു ചികിത്സയുടെയും വിശ്രമത്തിന്റെയും സമയമാണ്. തിരക്കേറിയ ഉത്സവസീസൺ കഴിഞ്ഞുള്ള ഇടവേളക്കാലം. കോട്ടയ്ക്കൽ ആര്യവൈദ്യശാല ധർമാശുപത്രി ഈവേളയിൽ സർഗപ്രതിഭകളെ കൊണ്ടുനിറയും. ഇത്തവണ ആദ്യമെത്തിയത് മൃദംഗവിദ്വാൻ പാറശാല രവിയും ദക്ഷിണേന്ത്യയിലെ പ്രമുഖ നാദസ്വരവാദകൻ തിരുവിഴ ജയശങ്കറുമാണ്. കോട്ടയ്ക്കലിൽ ഒരുമിച്ചു ചികിത്സയിൽ കഴിയുക എന്ന വർഷങ്ങളായുള്ള പതിവ് ഇക്കുറിയും ഇവർ തെറ്റിച്ചില്ല.
കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പിന്റെ തിളക്കവുമായാണ് പാറശാല രവിയുടെ വരവ്. നേരത്തേ 17 തവണ ചികിത്സയിൽ കഴിഞ്ഞിട്ടുണ്ട്. കോവിഡിനുശേഷം ഇതാദ്യം. കോട്ടയ്ക്കൽ വിശ്വംഭര ക്ഷേത്രോത്സവത്തിനു രണ്ടിലധികം തവണ വന്നിട്ടുണ്ട്.
സംഗീതകച്ചേരിക്കു പക്കമേളയൊരുക്കാനും മൃദംഗ കലാകാരൻമാരുടെ കൂട്ടായ പ്രകടനത്തിനുമായെല്ലാം. തിരുവനന്തപുരം പാറശാല സ്വദേശിയായ രവി (80) കോട്ടയം ഈരാറ്റുപേട്ടയിലാണ് താമസം.
6 തവണ ആയുർവേദ ചികിത്സയിൽ കഴിഞ്ഞിട്ടുണ്ട് തിരുവിഴ ജയശങ്കർ (87). ഇടയ്ക്കു കോവിഡെത്തി വഴിമുടക്കി. വിശ്വംഭരക്ഷേത്രത്തിൽ പലതവണ നാദസ്വരക്കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ യേശുദാസിന്റെ സഹപാഠിയായി പഠിച്ചിട്ടുള്ള ജയശങ്കർ നല്ലൊരു ഗായകനുമാണ്. ആലപ്പുഴ തിരുവിഴ സ്വദേശിയാണെങ്കിലും കോട്ടയം കുമരനല്ലൂരിലാണ് താമസം.
“ആയുർവേദ ചികിത്സ നൽകുന്നത് വലിയ ഊർജമാണ്. അതുമതി ദീർഘകാലത്തെ കലാപ്രവർത്തനങ്ങൾക്ക് ” ഇരുവർക്കും ഏകാഭിപ്രായമാണ്.രണ്ടാഴ്ചത്തെ ചികിത്സയ്ക്കുശേഷം നാളെ ഇവർ മടങ്ങും.
– – – – – – –