Sunday, November 24, 2024
Homeകേരളംകായികമേഖലയില്‍ 5000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: മന്ത്രി വി. അബ്ദുറഹ്‌മാന്‍

കായികമേഖലയില്‍ 5000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: മന്ത്രി വി. അബ്ദുറഹ്‌മാന്‍

തിരുവനന്തപുരം —സംസ്ഥാനത്തെ കായികമേഖലയില്‍ വരുന്ന സാമ്പത്തികവര്‍ഷം അയ്യായിരം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ പറഞ്ഞു. പത്തനംതിട്ട കെ.കെ നായര്‍ സ്‌പോര്‍ട്‌സ് കോംപ്‌ളക്‌സിന്റെ നിര്‍മ്മാണോദ്ഘാടനം ജില്ലാ സ്റ്റേഡിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് ആദ്യമായി കായികനയം രൂപീകരിച്ച സംസ്ഥാനമാണ് കേരളം. ഇതിന്റെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് കായികരംഗത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. പുതിയൊരു മാറ്റത്തിനാണ് സര്‍ക്കാര്‍ തുടക്കം കുറിക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ ഒത്തുചേര്‍ന്ന് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കായികതാരങ്ങള്‍ക്ക് മികച്ച പ്രചോദനം നല്‍കാനും കായികനയം സഹായകരമാകും എന്നും അദേഹം പറഞ്ഞു.

ജില്ലയുടെ സ്വപ്നമായ ആധുനിക സ്റ്റേഡിയമാണ് ഇവിടെ യാഥാര്‍ഥ്യമാവുന്നത്. 47.92 കോടി രൂപയാണ് കെ.കെ നായര്‍ സ്‌പോര്‍ട്‌സ് കോംപ്‌ളക്‌സിനായും ബ്ലെസ്സണ്‍ ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിനായും കിഫ്ബിയില്‍ ഉള്‍പ്പെടുത്തി വകയിരുത്തിയിട്ടുള്ളത്. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലിരിക്കെ 1500 കോടി രൂപയാണ് കായികമേഖലക്കായി വകയിരുത്തിയത്. പ്ലാന്‍ ഫണ്ട് ഉള്‍പ്പടെ ഇത് 1900 കോടി രൂപയാണ്. ജില്ലയില്‍ മറ്റു പലയിടങ്ങളിലായി 18 കോടി രൂപ ചെലവില്‍ നിരവധി കളിക്കളങ്ങളാണ് ഒരുങ്ങുന്നത്. കായികമേഖലയെ സാമ്പത്തിക മേഖലയായി ഉയര്‍ത്തി, ഈ രംഗത്ത് കേരളത്തെ ഒരു സൂപ്പര്‍ പവറക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജേര്‍ണലിസ്റ്റ് ക്രിക്കറ്റ് ലീഗില്‍ മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട സച്ചിന്‍ സജിക്കും മികച്ച ഫീല്‍ഡറായി തെരഞ്ഞെടുക്കപ്പെട്ട രഞ്ജി ഗോപിനാഥിനും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആദരവായി കായിക മന്ത്രി മൊമെന്റോ സമ്മാനിച്ചു.

കെ.കെ നായര്‍ ജില്ലാ സ്റ്റേഡിയം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മറ്റു പല ജില്ലകളില്‍ പോയി പരിശീലനം നേടേണ്ടിയിരുന്ന പത്തനംതിട്ടയിലെ കുട്ടികള്‍ക്ക് സ്വന്തമായി ഒരു സ്റ്റേഡിയം യാഥാര്‍ഥ്യമാവുകയാണ്. കായികവകുപ്പിനു കീഴിലുള്ള സ്‌പോര്‍ട്‌സ് കേരളം ഫൗണ്ടേഷനാണ് നിര്‍മാണ ചുമതല. ഊരാളുങ്കല്‍ കോ- ഓപ്പറേറ്റീവ് സൊസെറ്റി ലിമിറ്റഡാണ് സിവില്‍, ഇലക്ട്രിക്കല്‍ പ്രവര്‍ത്തികള്‍ ചെയ്യുന്നത്. ഒന്നാം ഘട്ടത്തില്‍ എട്ട് ലെയ്ന്‍ 400 മീ. സിന്തറ്റിക് അത്‌ലറ്റിക് ട്രാക്ക്, നാച്വറല്‍ ഫുഡ്ബോള്‍ ടര്‍ഫ്, നീന്തല്‍ക്കുളം, പവലിയന്‍ ആന്‍ഡ് ഗ്യാലറി മന്ദിരങ്ങള്‍ എന്നിവയാണ് നിര്‍മിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ ഹോസ്റ്റല്‍ നിര്‍മിക്കും. ലാന്റ് ഡെവലപ്മെന്റ് പ്രവൃത്തി പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് സിന്തറ്റിക് അത്‌ലറ്റിക് ട്രാക്ക്, നാച്വറല്‍ ഫുഡ്ബോള്‍ ടര്‍ഫ് എന്നി പ്രവര്‍ത്തികളാണ് ഇവിടെ നടക്കുന്നത്. ജില്ലയുടെ സ്വപ്നമാണ് ഈ പ്രവര്‍ത്തിയിലൂടെ പൂവണിയുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

മുന്‍ ധനകാര്യ മന്ത്രി ടി.എം തോമസ് ഐസക് സന്നിഹിതനായിരുന്നു. ചടങ്ങില്‍ സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ചീഫ് എഞ്ചിനീയര്‍ പി.കെ അനില്‍കുമാര്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭാധ്യക്ഷന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.കെ അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ അനീഷ്,സംസ്ഥാന ഫുട്‌ബോള്‍ അസോസിയേഷന്‍ ട്രഷറര്‍ ഡോ. റെജിനോള്‍ഡ് വര്‍ഗീസ്, മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ താരം കെ.ടി ചാക്കോ, നഗരസഭാ ഡപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ അമീന ഹൈദരലി, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.ആര്‍ അജയകുമാര്‍, അംഗങ്ങളായ ശോഭ കെ. മാത്യു, അനില അനില്‍, ആര്‍ സാബു, നീനു മോഹന്‍, എ. അഷ്റഫ്, ലാലി രാജു, വിമല ശിവന്‍, സുജ അജി, കായിക വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ സി.എസ് രമേശ്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments