തിരുവനന്തപുരം: കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസില്‍ വടകര ആറങ്ങോട്ട് എംഎല്‍പി സ്കൂള്‍ അധ്യാപകനും ഡിവൈഎഫ്ഐ നേതാവുമായ റിബേഷ് രാമകൃഷ്ണനെതിരേ വകുപ്പുതല അന്വേഷണം. തോടന്നൂര്‍ എഇഒയെ ആണ് അന്വേഷണം നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ചുമതലപ്പെടുത്തിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി.ദുല്ഫിലിന്റെ പരാതിയിലാണ് നടപടി.
ഇടതുപക്ഷ പ്രവര്‍ത്തകര്‍ തന്നെയാണ് വ്യാജ സ്ക്രീന്‍ഷോട്ട് നിര്‍മിച്ച് പ്രചരിപ്പിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. റെഡ് എന്‍കൗണ്ടേഴ്സ് എന്ന വാട്സാപ് ഗ്രൂപ്പില്‍ നിന്നാണ് മറ്റു ഗ്രൂപ്പുകളിലേക്ക് കാഫിര്‍ പരാമര്‍ശമടങ്ങിയ സ്ക്രീൻഷോട്ട് എത്തിയതെന്ന് പോലീസ് ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
റിബേഷാണ് ഇത് പോസ്റ്റ് ചെയ്തത്. എവിടെ നിന്നാണ് സ്ക്രീന്‍ ഷോട്ട് കിട്ടിയതെന്ന് റിബേഷ് വ്യക്തമാക്കാത്തതിനാല്‍ ഫോണ്‍ പിടിച്ചെടുത്ത് പരിശോധനക്ക് അയച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പരാമർശിച്ചിരുന്നു.
ഇതിന് പിന്നാലെ റിബേഷ് സര്‍വീസ് ചട്ടം ലംഘിച്ചെന്നും മതസ്പര്‍ധ വളര്‍ത്തുവിധം പ്രവര്‍ത്തിച്ചെന്നും ചൂണ്ടിക്കാട്ടി വി.പി.ദുല്‍ഫിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകുകയായിരുന്നു. ഇടത് അധ്യാപക സംഘടനാ നേതാവ് കൂടിയാണ് റിബേഷ്.