ഹരിതചട്ടം പാലിച്ച് സങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റമറ്റതും ഗുണമേന്മയുള്ളതുമായ നിര്‍മാണരീതികള്‍ സജീവമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. പത്തനംതിട്ട കുലശേഖരപതിയില്‍ ജില്ലാ കലക്ടര്‍ക്കായി പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച വസതിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഹരിതചട്ടപ്രകാരം നിര്‍മിച്ച പൊതുമരാമത്ത് വകുപ്പിന്റെ ആദ്യകെട്ടിടമാണിത്. പ്രാദേശികമായി ലഭിക്കുന്ന പ്രകൃതിദത്ത വസ്തുക്കള്‍, കാര്‍ബണ്‍ വികിരണം കുറയ്ക്കാന്‍ സഹായിക്കുന്ന ലോ വോളടൈല്‍ പെയിന്റ് എന്നിവ ഉപയോഗിച്ചാണ് നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തിയിട്ടുള്ളത്. സോളാര്‍ പാനലുകള്‍, വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ സഹായിക്കുന്ന ലോ ഫ്ളോ പ്ലമിംഗ് എന്നിവയും ഉപയോഗിച്ചിട്ടുണ്ട്. കെട്ടിടങ്ങളുടെ സിവില്‍ വര്‍ക്കുകള്‍ക്ക് ശേഷം മറ്റ് വര്‍ക്കുകള്‍ക്കായി പൊളിയ്ക്കുന്നത് ഒഴിവാക്കാന്‍ കോമ്പോസിറ്റ് ടെന്‍ഡറാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും പറഞ്ഞു.
ജില്ലയില്‍ പുതിയ മിനിസിവില്‍ സ്റ്റേഷനായി ബജറ്റില്‍ പണം അനുവദിച്ചിട്ടുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷയായ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജുഡീഷ്യല്‍ കോീപ്ലക്സിനായി സ്ഥലം ഏറ്റെടുക്കുന്നതും അവസാന ഘട്ടത്തിലാണ്. ജില്ലാകലക്ടറുടെ വസതിയുടെ അരികിലുള്ള മില്‍മയുടെ സ്ഥലം ഏറ്റെടുത്ത് പുതിയ നിര്‍മാണങ്ങള്‍ നടത്തുന്നത് മന്ത്രി ചിഞ്ചുറാണിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. പത്തനംതിട്ട വില്ലേജിന്റെ റീസര്‍വേ നടപടികള്‍ മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും പറഞ്ഞു.
പത്തനംതിട്ട കുലശേഖരപതിയില്‍ മില്‍മയുടെ കൈവശമുണ്ടായിരുന്ന 29.54 ആര്‍ ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്താണ് ജില്ലാ കലക്ടറുടെ ഒദ്യോഗിക വസതി നിര്‍മിച്ചിട്ടുള്ളത്. 1.24 കോടി രൂപ ചെലവഴിച്ച് രണ്ട് നിലകളിലായി നിര്‍മിച്ചിരിക്കുന്ന 450 സ്വ.മീ വിസ്തീര്‍ണമുള്ള കെട്ടിടം ഓഫീസ്, വസതി എന്നീ രണ്ട് ഭാഗങ്ങളായി വേര്‍തിരിച്ചിട്ടുണ്ട്.
മാത്യു ടി. തോമസ് എംഎല്‍എ, ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, നഗരസഭാ അധ്യക്ഷന്‍ ടി. സക്കീര്‍ ഹുസൈന്‍, വാര്‍ഡ് കൗണ്‍സിലര്‍ എസ്. ഷൈലജ, മറ്റുജനപ്രതിനിധകള്‍, രാഷ്ട്രീയകഷി പ്രതിനിധികള്‍, തിരുവല്ല സബ്കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനീയര്‍ വി. കെ. ജാസ്മിന്‍, എഡിഎം ബി. ജ്യോതി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു