Thursday, December 26, 2024
Homeകേരളംജീവിതശൈലീ രോഗനിര്‍ണയ സര്‍വെയുമായി ആശാ പ്രവര്‍ത്തകര്‍ വീടുകളിലേക്ക്

ജീവിതശൈലീ രോഗനിര്‍ണയ സര്‍വെയുമായി ആശാ പ്രവര്‍ത്തകര്‍ വീടുകളിലേക്ക്

ജീവിതശൈലീ രോഗസാധ്യതയും പൊതുജനാരോഗ്യപ്രസക്തമായ പകര്‍ച്ചവ്യാധികളും നേരത്തെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യകുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെ സഹായത്തോടെ നടത്തുന്ന വാര്‍ഷികാരോഗ്യ പരിശോധന (ശൈലി 2.0) യുടെ ഭാഗമായി ആശാ പ്രവര്‍ത്തകര്‍ ജില്ലയിലെ വീടുകളിലേക്കെത്തും.

പ്രമേഹം, രക്തസമ്മര്‍ദ്ദം, ഓറല്‍ കാന്‍സര്‍, സ്തനാര്‍ബുദം, അന്ധത, കേള്‍വിക്കുറവ്, വിഷാദ രോഗസാധ്യത, ലെപ്രസി എന്നിവ ഉണ്ടെന്ന് സംശയിക്കുന്ന വ്യക്തികളെയാണ് ശൈലി 2.0 സര്‍വെയിലൂടെ തിരിച്ചറിയുന്നത്. മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ വിശദമായ ചോദ്യാവലിയിലൂടെ കമ്മ്യൂണിറ്റി ബേസ്ഡ് അസസ്‌മെന്റ് ചെക്ക് ലിസ്റ്റ്‌സ് കോര്‍ അടിസ്ഥാനമാക്കി രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നത്.

രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നവരെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് പരിശോധന നടത്തും. ജനകീയ ആരോഗ്യകേന്ദ്രത്തില്‍ പരിശോധന നടത്തിയതില്‍ ഉയര്‍ന്നരക്ത സമ്മര്‍ദ്ദം രേഖപ്പെടുത്തിയ 42,667 പുതിയ വ്യക്തികളെയും ഉയര്‍ന്ന പഞ്ചസാരയുടെ അളവ് രേഖപ്പെടുത്തിയ 4362 പേരേയും കണ്ടെത്തി. ശൈലി 1.0 പ്രകാരം കാന്‍സര്‍ , ക്ഷയരോഗം എന്നിവയുടെ സംശയനിഴലില്‍ ഉള്ളവരെ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

30 വയസ്സിന്മുകളില്‍ പ്രായമുളളവരിലാണ് വാര്‍ഷിക ആരോഗ്യ പരിശോധന നടത്തുന്നത്. ആശാപ്രവര്‍ത്തകര്‍ വരുന്നദിവസം ജോലിസംബന്ധമായോ മറ്റ് കാരണങ്ങളാലോ വീട്ടില്‍ ഇല്ലാത്തപക്ഷം മറ്റൊരു ദിവസം വീടുകളിലെത്തി വിവരശേഖരണം നടത്തും.സര്‍വേയ്ക്ക് വിധേയരാകുന്നവര്‍ പ്രദേശത്തെ ജനകീയ ആരോഗ്യകേന്ദ്രങ്ങളിലെത്തി പ്രാഥമിക പരിശോധനകളും തുടര്‍നിര്‍ദ്ദേശങ്ങളും പാലിക്കണം. സര്‍വേയില്‍ നിന്നും കണ്ടെത്തുന്ന കാന്‍സര്‍, ഹൃദ്രോഗം മുതലായ വിദഗ്ദചികിത്സ വേണ്ട രോഗങ്ങള്‍ക്ക് മുന്‍ഗണന അടിസ്ഥാനത്തില്‍ ചികിത്സ ലഭ്യമാക്കും.

ജീവിതശൈലീരോഗങ്ങള്‍ തിരിച്ചറിയാനും നിയന്ത്രണവിധേയമാക്കാനും പ്രതിരോധിക്കാനുമായി വിവരങ്ങള്‍ ശേഖരിക്കാന്‍ വീട്ടിലെത്തുന്ന ആശാ പ്രവര്‍ത്തകരുമായി സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.അനിതകുമാരി. എല്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments